Skip to main content

മാലിക് അബ്ദുല്‍ അസീസ്/മൈക്ക് ടൈസണ്‍

ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രാന്തങ്ങളില്‍ മോഷണവും പിടിച്ചുപറിയും തെമ്മാടിത്തങ്ങളുമായി കൗമാരം ചെലവിട്ട പയ്യനെ പിടിച്ചും ശിക്ഷിച്ചും ഗുണദോഷിച്ചം പോലീസ് തോറ്റു. ദുര്‍ഗുണ പരിഹാര പാഠശാലയുടെ അകത്തും പുറത്തുമായി ജീവിക്കവെ ആ കൗമാരക്കാരനെ ഒരാള്‍ ശ്രദ്ധിച്ചു. ദുര്‍ഗുണ പരിഹാര പാഠശാലയിലെ കാവല്‍ക്കാരന്‍ ബോബി സ്റ്റുമാര്‍ട്ട്.

ടൈസന്റെ അടിപിടി മികവിനെ സംസ്‌കരിച്ചാല്‍ അവനെ ബോക്‌സിങ് കൂട്ടിലെ തിളങ്ങും താരമാക്കാമെന്ന് ബോബി കണക്കുകൂട്ടി. പിതാവ് ഉപേക്ഷിക്കുകയും മാതാവ് മരണപ്പെടുകയും ചെയ്ത ആ അനാഥബാലനെ അദ്ദേഹം കസ് ഡി. അമാട്ടോ എന്ന പരിശീലകന്റെ കൈകളി ലെത്തിച്ചു.

കുപ്പത്തൊട്ടിയിലെ മാണിക്യമാണ് തന്റെ കൈകളിലെത്തിയതെന്ന് അമാട്ടോ തിരിച്ചറിയാന്‍ വൈകിയില്ല. നാലു വര്‍ഷമേ വേണ്ടിവന്നുള്ളൂ അദ്ദേഹത്തിന്. 1986 നവംബര്‍ 22ന് ട്രിവേര്‍ ബെര്‍ബിക്കിനെ ഇടിച്ചിട്ട് ടൈസണ്‍ ലോകജേതാവായി. അന്ന് അവന് പ്രായം 20 വയസ്സും നാലുമാസവും

വര്‍ഷങ്ങള്‍ കഴിഞ്ഞു. ബാല്യകാല ജീവിതത്തിലെ ചില വികൃതികള്‍ യൗവനത്തിലും നിലനിര്‍ത്തിയപ്പോള്‍, ലോകത്തിലെ മോശം മനുഷ്യന്‍ എന്ന ദുഷ്‌പേര് ചാര്‍ത്തപ്പെട്ടു. ഇതിനിടെ, കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ സുന്ദരി 1992 ഫെബ്രുവരിയില്‍ ടൈസനെതിരെ ലൈംഗികാപവാദക്കേസ് നല്‍കി. ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ ടൈസണ്‍ പീഡിപ്പിച്ചു എന്നായിരുന്നു കുറ്റം. ലോകചാമ്പ്യനെതിരെ അമേരിക്കന്‍ പരമോന്നത കോടതി ആറുവര്‍ഷത്തെ കാരാഗൃഹവാസം വിധിച്ചു.  

നിയമവും നിയന്ത്രണവുമില്ലാത്ത വഴിവിട്ട ജീവിതം തിരിച്ചറിഞ്ഞ ഇടിക്കൂട്ടിലെ സിംഹം, ജയിലില്‍ വെച്ച് ചില സത്യങ്ങളറിഞ്ഞു. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും തിരിച്ചറിഞ്ഞു. മരണവും മരണാനന്തര ജീവിതവും സത്യമാണെന്നുള്‍ക്കൊണ്ടു. അമേരിക്കന്‍-നൈജീരിയന്‍ ബാസ്‌ക്കറ്റ് ബോള്‍ പ്രതിഭ ഹക്കീം അബ്ദുല്‍ ഉലാജുവൂനാണ് അദ്ദേഹത്തിന് സത്യമതത്തിന്റെ പാത പരിചയപ്പെടുത്തിയത്. 1995ല്‍ ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അദ്ദേഹം പുതിയ മനുഷ്യനായി മാലിക്ക് അബ്ദുല്‍ അസീസ്.

ജീവിതരേഖ

ജിമ്മി കിര്‍ക്ക് പാട്രിക്കിന്റെയും ലോര്‍ന സ്മിത്തിന്റെയും മകനായി 1966 ജൂണ്‍ 30ന് ന്യൂയോര്‍ക്കിലെ ബ്രോണ്‍സിവില്ലയില്‍ മൈക്കല്‍ ജെറര്‍ഡ് ടൈസണ്‍ ജനിച്ചു. ദരിദ്രകുടുംബമായിരുന്നു. പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് തൊഴിലെടുത്താണ് കുടുംബം കഴിഞ്ഞുപോന്നത്. 16 വയസ്സായപ്പോള്‍ ടൈസണ് അമ്മയെയും നഷ്ടപ്പെട്ടു. പിന്നീട് ബോക്‌സിങ് പരിശീലകന്‍ കസ്.ഡി.യ അമോട്ടോവിന്റെ ശിക്ഷണത്തിലാണ് അവന്‍ വളര്‍ന്നത്.

''എന്റെ അമ്മയെ സന്തോഷവതിയായി ഞാന്‍ കണ്ടിട്ടില്ല. അവര്‍ എന്നോട് സംസാരിക്കുകയോ അവരോട് സംസാരിക്കാന്‍ എന്നെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. അവരെന്നെ ഒരു തെരുവ് കുട്ടി മാത്രമായാണ് കണ്ടത്.'' ഒരിക്കല്‍ ഒരഭിമുഖത്തില്‍ ബാല്യകാല വേദന ടൈസണ്‍ പങ്കുവെച്ചു.

തെരുവില്‍ തന്നെയായിരുന്നു അവന്റെ ജീവിതവും. സ്‌കൂളും ദുര്‍ഗുണ പരിഹാരപാഠശാലയും അവനെ സഹായിച്ചില്ല. 13 വയസ്സിനിടെ 38 തവണയാണ് അവനെ പോലീസ് പിടിച്ചത്!

1986ല്‍ ആദ്യ ബോക്‌സിങ് ലോക ചാമ്പ്യന്‍ പട്ടം ലഭിച്ച ടൈസണ്‍ തന്റെ കാലത്തെ മുഴുവന്‍ ലോകതാരങ്ങളെയും തോല്പിച്ച അജയ്യനായിരുന്നു. 1987ല്‍ ജയിംസ് ബോണ്‍ ക്രഷര്‍, അതേവര്‍ഷം ആഗസ്തില്‍ ടോണി ടക്കര്‍, ടൈറല്‍ ബിഗ്‌സ് എന്നിവരെയും ഈ ടൈസണ്‍ നിലംപരിശാക്കി. ലോകത്തെ മൂന്നു ചാമ്പ്യന്‍ പട്ടങ്ങള്‍ (W.B.A, W.B.C, I.B.F) ഒരേസമയം നേടുന്ന ആദ്യ ബോക്‌സറുമായി ഇദ്ദേഹം.

1985 മുതല്‍ 2005 വരെ ബോക്‌സിങ് റിങ്ങിനകത്ത് 58 തവണ എതിരാളികളെ നേരിട്ട ടൈസണ്‍ 50 തവണയും കിരീടം ചൂടി. ആറുതവണ മാത്രമാണ് അടിതെറ്റി വീണത്. ഇതില്‍ രണ്ടു തവണയും തന്റെ മുഖ്യ എതിരാളി ഇവാന്റര്‍ ഹോളി ഫില്‍ഡിന്റെ കൈക്കരുത്തിന് മുന്നിലായിരുന്നുവെന്നതു മാത്രമാണ് ടൈസണ് സങ്കടമായത്.

ഇസ്‌ലാം പ്രവേശം പ്രഖ്യാപിച്ചെങ്കിലും പ്രബോധന പ്രവര്‍ത്തന രംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ ടൈസണ് കഴിഞ്ഞില്ല. മൂന്നു വിവാഹം ചെയ്തു. 2010 ജൂലൈയില്‍ ഉംറക്കായി വിശുദ്ധ നഗരികളിലെത്തിയ മുന്‍ലോക ചാമ്പ്യന് ഊഷ്മള സ്വീകരണം ലഭിച്ചിരുന്നു.


 

Feedback