ഒരു വട വൃക്ഷം കടപുഴകി വീഴുമ്പോള്‍ അത് നിലനിന്ന പരിസരത്ത് ഉണ്ടാകുന്ന ശൂന്യത ഏറെ അസഹ്യമാണ്. അതിന്റെ തണലില്‍ തല ചായ്ച്ചും ഫലങ്ങള്‍ ഭക്ഷിച്ചും ജീവിച്ച അനേകം ജീവികളെ അക്ഷരാര്‍ഥത്തില്‍ അനാഥത്വത്തിന്റെ പൊരിവെയിലിലേക്കാണ് ആ ശൂന്യത നയിക്കുന്നത്. ത്വയ്യിബ ടെയിലറുടെ മരണം തീര്‍ത്ത ശൂന്യത നടേ സൂചിപ്പിച്ചതിന് സമാനമാണ്. അമേരിക്കക്ക് അകത്തും പുറത്തും ഒരുപോലെ അറിയപ്പെടുന്ന മത സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു അവര്‍. തന്റെ 62 ാമത്തെ വയസില്‍ കാന്‍സര്‍ രോഗത്തിനടിമപ്പെട്ട് എമോറി സെന്റ് ജോസഫ് കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്‌സക്കിടെ അവര്‍ മരണത്തെ പുല്‍കുമ്പോള്‍ അനേകം വ്യക്തികളും സംരംഭങ്ങളും അനാഥത്വത്തിന്റെ കൈപ്പുനീര്‍ നുകരുകയാണ്. അനുകമ്പയും സ്‌നേഹവും തുളുമ്പുന്ന ആ മനസും സദാ പുഞ്ചിരി തൂകുന്ന അവരുടെ മുഖവും അവര്‍ക്ക് അന്യമായല്ലോ എന്ന് അവരുടെ ജനാസ നമസ്‌കാരത്തിന്നും ഖബറടക്കത്തിനുമായി അറ്റ്‌ലാന്റയിലെ മസ്ജിദുല്‍ ഇസ്‌ലാമിയ്യയില്‍ ജാതിമതഭേദമന്യേ ഒരുമിച്ച് കൂടിയ ജനക്കൂട്ടത്തിന്റെ കണ്ണീര്‍ വിളിച്ചോതിയിരുന്നു.
1952 ല്‍ കരീബിയന്‍ പ്രദേശത്തെ ട്രിനിഡാഡിലാണ് (Trinidad) ത്വയ്യിബ ടെയിലറുടെ ജനനം. ബാര്‍ബഡോസില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരായിരുന്നു അവരുടെ കുടുംബം. രസതന്ത്രജ്ഞനായ പിതാവിന്റെയും അധ്യാപികയും നേഴ്‌സുമായ മാതാവിന്റെയും പരിളാനയില്‍ ജീവിച്ച ത്വയ്യിബ 19 ാമത്തെ വയസില്‍ ഇസ്‌ലാം സ്വീകരിച്ചു. രണ്ട് സഹോദരി മാരും ഒരു സഹോദരനുമടങ്ങുന്നതായിരുന്നു കുടുംബം. കാനഡയിലെ ടോരോണ്ടോയിലെ (Toronto) അധിവാസത്തിന്നിടയില്‍ അവിടുത്തെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ജീവശാസ്ത്ര ത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ആറുവര്‍ഷത്തോളം സുഊദിഅറേബ്യയിലെ ജിദ്ദയില്‍ ജീവിക്കുകയും കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ അറബി ഭാഷയിലും ഇസ്‌ലാമിക മൂല്യങ്ങളെ പ്പറ്റിയുമുള്ള ലെക്ച്ചറുകളില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കുടുംബസമേതം താമസമാക്കിയ ത്വയ്യിബ അമേരിക്കന്‍ മുസ്‌ലിം സ്ത്രീകളുടെ വ്യക്തിത്വവും മികവും ഉയര്‍ത്തികാണിക്കുന്നതിന് മുഖ്യമായും ശ്രമിച്ച തിനോടൊപ്പം അനേകം സാംസ്‌കാരിക സംരംഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊണ്ടു. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളെ പറ്റി ശരിയായ ബോധവും നിലപാടും അവര്‍ക്കുണ്ടായിരുന്നു. ഒന്നാമതായി ആ നിലപാടുകള്‍ രൂപം പ്രാപിച്ചത് അവരുടെ അനുഭവങ്ങളില്‍ നിന്നും പഠനത്തില്‍ നിന്നുമായിരുന്നു.
ഇസ്‌ലാമിലെ സ്ത്രീ അകറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല, മറിച്ച് അവള്‍ വ്യക്തിയാധിഷ്ടിതവും സാമൂഹികവുമായ ഉന്നമനത്തിന് പുരുഷനോടൊപ്പം യത്‌നിക്കേണ്ടവളാണെന്ന കാഴ്ചപ്പാട് ത്വയ്യിബ വെച്ച് പുലര്‍ത്തിയിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിച്ച വര്‍ഷം 1971 ല്‍ കരീബിയന്‍ പ്രദേശത്തെ ഒരു മസ്ജിദില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്ക് ബന്ധുവായ മറ്റൊരു സ്ത്രീയോടൊപ്പം കടന്ന് ചെന്നപ്പോള്‍ ആട്ടിയിറക്കിയ അനുഭവം ശേഷമുള്ള ജീവിത കാലം മുഴുക്കെ മുസ്‌ലിം സ്ത്രീയുടെ സ്ഥാനവും മികവും തുറന്ന് കാണിക്കുന്നതിന്നുള്ള അവസരമായി അവര്‍ ഉപയോഗപ്പെടുത്തി. പള്ളിയിലെ സ്ത്രീകളുടെ പ്രവേശന കവാടം അവളുടെ പ്രാര്‍ഥനാസ്ഥലം എന്നിവയില്‍ നിലവിലുള്ള രീതി പ്രവാചക തിരുമേനിയുടെ നിര്‍ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും അത് തിരുത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ ശക്തമായി വാദിച്ചു പോന്നു.
മുസ്‌ലിം സ്ത്രീ അവളുടെ സ്വത്വവും നിലപാടും കൃത്യമായി നിര്‍വചിക്കപ്പെടണമെങ്കില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണം വേണമെന്ന് തുടക്കത്തിലേ ടെയിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 'മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന മുസ്‌ലിം സ്ത്രീയുടെ വ്യക്തിത്വം ഒരിക്കലും ആശാവഹമല്ല. ഒന്നുകില്‍ അവള്‍ പുരുഷന്റെ ഇര; അല്ലെങ്കില്‍ മതത്തിന്റെ അല്ലെങ്കില്‍ യുദ്ധത്തിന്റെ. ഇതൊന്നുമല്ലെങ്കില്‍ അവള്‍ ഭീകരവാദി. പുകഴ്ത്തപ്പെട്ടവള്‍, മാതൃകായോഗ്യ തുടങ്ങിയ പദങ്ങള്‍ മീഡിയയില്‍ അവളെക്കുറിച്ച് വളരെ അപൂര്‍വമായി മാത്രമേ കാണൂ. ഈ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് മുസ്‌ലിം സ്ത്രീക്ക് സ്വതന്ത്രമായ ഒരു മികവുറ്റ പ്രസിദ്ധീകരണം എന്ന ചിന്ത അവരുടെ മനസില്‍ ഉടലെടുത്തത്. പന്ത്രണ്ടാം വയസില്‍ എബോണി മാഗസിന്‍ കൈയില്‍ കിട്ടിയപ്പോള്‍ അതു പോലെ ഒരു മാഗസിന്റെ ഉടമയായി മാറണമെന്ന് ആഗ്രഹിച്ചതായി ത്വയ്യിബ പിന്നീട് അനുസ്മരിക്കുകയുണ്ടായി. കാരണം കറുത്തവന്റെ കരുത്തും സംസ്‌കാരവും സജീവമാക്കി നിലനിര്‍ത്തുന്നതില്‍ എബോണി വഹിച്ചു പോരുന്ന പങ്കിനെപറ്റി ചെറുപ്രായത്തിലേ അവര്‍ക്ക് അറിവുണ്ടായിരുന്നു. ഒരു മാഗസിന്റെ ചിന്തയുമായി ഇരിക്കുന്നിതിനിടയിലാണ് ഒരു പ്രസിദ്ധീകരണാലയം നടത്തിപ്പുകാരന്‍ ബാലമാസിക തുടങ്ങാന്‍ അവരെ ക്ഷണിക്കുന്നത്. തുടക്കത്തില്‍ രണ്ടു ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത് വനിതാ മാസികയാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഉടമ നിര്‍ദേശിച്ചു. Sisters magazine എന്ന് പേരു വിളിച്ച അതും നാല് ലക്കങ്ങളില്‍ ഒതുങ്ങി. ശേഷം മാഗസിന്‍, ത്വയ്യിബക്ക് വില്‍ക്കാന്‍ ഉടമ സന്നദ്ധമായെങ്കിലും അവര്‍ നിരസിച്ചു. സ്വന്തമായൊരു മാഗസിന്‍ എന്ന ചിന്ത ഗൗരവതരമായി അവരുടെ ഉള്ളില്‍ ഉടലെടുത്ത സന്ദര്‍ഭമായിരുന്നു അത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആക്ടിവിസ്്റ്റായ ശരിഫാ അല്‍ ഖത്തീബിന്റെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ സംഘടിപ്പിച്ച മുസ്‌ലിം വനിതാ സമ്മേളനത്തിലാണ് മാഗസിനെ പറ്റിയുള്ള കാര്യപ്പെട്ട ചര്‍ച്ച നടന്നത്. സമ്മേളന ശേഷം വീട്ടിലേക്കുള്ള യാത്രയില്‍ ഉടനീളം ത്വയ്യിബയും സഹപ്രവര്‍ത്തകരും സംസാരിച്ചതും അതു തന്നെയായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ത്വയ്യിബ ടെയലര്‍ ചീഫ് എഡിറ്ററായി രണ്ടായിരാമാണ്ടിലെ ഒകോബര്‍ മാസത്തില്‍ 'അസീസാ' മാഗസിന്‍ പുറത്തിറങ്ങി. നോര്‍ത്ത് അമേരിക്കയിലെ മുസ്‌ലിം സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രസിദ്ധീകരണം ആരംഭിച്ചതെങ്കിലും മത ഭേദമന്യേ സര്‍വരുടെയും ശ്രദ്ധയും പരിഗണനയും അസീസാ മാഗസിന്‍ കരസ്ഥമാക്കി. മതം, ആത്മീയത, പ്രകൃതി, വൈദ്യം, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പെണ്ണെഴുത്ത് മാത്രം പ്രസിദ്ധീകരിച്ച് അസീസാ ഒരു അന്താരാഷ്ട്ര മുസ്‌ലിം വനിതാ പ്രസിദ്ധീകരണമായി വിളങ്ങി നില്‍ക്കുന്നതിന് പിന്നില്‍ ത്വയ്യിബ ടെയ്‌ലര്‍ എന്ന പ്രതിഭാധനയായ വനിതയുടെ ധിഷണ മാത്രമാണ്. 2009ല്‍ പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിനുള്ള അമേരിക്കന്‍ അവാര്‍ഡ്, തുടര്‍ച്ചയായി മൂന്നു തവണ ഫോളിയ എഡ്ഡി അവാര്‍ഡ് ( FOLIO Eddie Award) തുടങ്ങിയ അംഗീകാരങ്ങള്‍ അസീസയെ തേടിയെത്തിയത് അതിന്റെ മികവു കൊണ്ട് മാത്രമാണ്.
ലോകത്തെ 500 മികവുറ്റ മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ത്വയ്യിബ. ആറു ഭൂഖണ്ഡങ്ങളിലായി നീണ്ടുകിടക്കുന്ന 37 രാഷ്ട്രങ്ങള്‍ അവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുസ്‌ലിം വനിതകളെ പ്രതിനിധീകരിച്ച് ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി സമ്മേളനങ്ങളിലും സെമിനാറുകളിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. CNN തുടങ്ങിയ ടീവി ചാനലുകള്‍, മതേതര കൂട്ടായ്മകള്‍ തുടങ്ങിയ രംഗങ്ങളിലൊക്കെ അവരുടെ ശ്രദ്ധേയ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. 2010 ല്‍ ദലൈലാമയെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ ലോകത്തെ എട്ടു മുസ്‌ലിംകളില്‍ ഒരാളായിരുന്നു ടെയലര്‍. അമേരിക്കന്‍ വൈറ്റ്‌ഹൌസിലെ 2011 ലെ നോമ്പ് തുറ സല്‍ക്കാരത്തിലേക്കും അവര്‍ ക്ഷണിക്കപ്പെട്ടു.
ഇസ്‌ലാമിലെ സ്ത്രീശാക്തീകരണം വളരെ ദുര്‍ബലമായിരുന്ന 1980 കളില്‍ Seattle's Islamic Sisterhood (SIS) എന്ന വനിതാ സംഘടനയ്ക്ക് ത്വയ്യിബ രൂപം നല്‍കുകയുണ്ടായി. എട്ടു വര്‍ഷത്തോളം അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കാലയളവിനെ പറ്റി അവര്‍ പിന്നീട് പറഞ്ഞത് 'ഞങ്ങള്‍ അതിക്രമികളെപ്പോലെ വിലയിരുത്തപ്പെട്ടു' എന്നാണ്. അമേരിക്കക്ക് അകത്തും പുറത്തുമുള്ള മതപരവും അല്ലാത്തതുമായ ഒട്ടനവധി സംഘടനകളുടെ കുഞ്ചികസ്ഥാനങ്ങളില്‍ ടെയലര്‍ അവരോധിക്കപ്പെട്ടു. ലോകത്ത് വര്‍ധിച്ചുവരുന്ന സംഘട്ടനങ്ങളും യുദ്ധങ്ങളും അവരെ സാദാ അലട്ടികൊണ്ടിരുന്നു. 'ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനും നീണ്ട ബഹിരാകാശ യാത്രകള്‍ക്ക് കോപ്പൊരുക്കാനും നെറ്റുവര്‍ക്കുകള്‍ ഒരുക്കാനും അതിസങ്കീര്‍ണമായ അതിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും മനുഷ്യന് കഴിയുമെങ്കില്‍, രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ക്ക് പകരം ഒരു മേശക്ക് ചുറ്റുമിരുന്നു സംസാരിച്ച് മനുഷ്യന്‍ അവന്റെ പ്രശങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു കാലഘട്ടമുണ്ടാകും' എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കാറുണ്ടായിരുന്നു.
തന്റെ വിശ്വാസവും മതവും ത്വയ്യിബയില്‍ തീര്‍ത്ത നറുനിലാവ് അവരുടെ ജീവിതത്തില്‍ ഉടനീളം നിറഞ്ഞു നിന്നിരുന്നു എന്ന് മാത്രമല്ല അവരുമായി ഇടപഴകുന്നവരിലേക്ക് കൂടി അത് പ്രസരിച്ചിരുന്നു. അവരുമായി ആത്മബന്ധമുള്ളവരോ സഹപ്രവര്‍ത്തകരോ ആ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന പുഞ്ചിരിയും ഒരു തലോടല്‍ പോലെ അനുഭവിച്ചറിയാവുന്ന അവരുടെ സ്‌നേഹമസൃണമായ പെരുമാറ്റവും നഷ്ടമായതില്‍ ഏറെ വിലപിക്കുന്നവരായിരുന്നു. ത്വയ്യിബയുടെ പ്രസംഗങ്ങളിലും എഴുത്തിലും ആവര്‍ത്തിച്ച് കേട്ടിരുന്ന ഒരു വാചകം ഇങ്ങനെയായിരുന്നു: 'ഈമാന്‍, അതില്‍ നിന്ന് ലഭ്യമാകുന്ന ശാന്തി, ഏകാഗ്രത തുടങ്ങിയവയില്‍ ഊന്നി നാം ജീവിക്കുകയാണെങ്കില്‍ അത് ഒരു അനന്തര സ്വത്ത് പോലെ നമ്മുടെ മക്കള്‍ക്ക് കൈമാറ്റം ചെയ്യാന്‍ കഴിയും. അത് ഇഹലോകത്തെയും പരലോകത്തെയും അവരുടെ ജീവിതത്തെ തുണക്കുകയും ചെയ്യും'.
മരണം തന്റെ തൊട്ടടുത്ത് ഉണ്ടെന്നറിഞ്ഞിട്ടും ത്വയ്യിബ വളരെ ശാന്തയും സന്തോഷവതിയുമായി കാണപ്പെട്ടു. ജീവിതത്തിലെ യുവത്വത്തിന്റെ പ്രാരംഭഘട്ടം മുതല്‍ താന്‍ നെഞ്ചിലേറ്റുന്ന ആദര്‍ശത്തിന് വേണ്ടി അവിരാമം പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ഥ്യം അവര്‍ അനുഭവിച്ചിരുന്നു. മരിക്കുന്നതിന്റെ മുമ്പ് അവര്‍ കൂട്ടുകാരുമായി പങ്ക് വെച്ചത് ഇങ്ങനെയായിരുന്നു: 'എന്റെ രക്ഷിതാവിനെ കണ്ട് മുട്ടാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എപ്പോഴും അവന്‍ എനിക്ക് തന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു. അതേ വികാരത്തില്‍ എന്നെയും അവന്‍ കാണട്ടെ എന്ന് ആശിക്കുന്നു'. അധ്യാപിക, പ്രസംഗക, പത്രാധിപ, പണ്ഡിത, പ്രതിഭാധനയായ എഴുത്തുകാരി, നേതാവ,് കഴിവുള്ള സംഘാടക തുടങ്ങിയ നിലകളില്‍ തിളങ്ങി നിന്ന ത്വയ്യിബ ടെയലറുടെ വിയോഗം അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് പ്രത്യകിച്ചും മുസ്‌ലിം ലോകത്തിന് പൊതുവിലും തീരാനഷ്ടമാണ്.