നയതന്ത്രജ്ഞനായ ഡോ. വില്‍ഫ്രഡ് ഹോഫ്മന്‍ 1961 ല്‍ അള്‍ജിയേഴ്‌സിലെ ജര്‍മന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനായി എത്തുമ്പോള്‍ അള്‍ജീരിയന്‍ ജനത സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു. ഫ്രഞ്ചുസൈന്യത്തിന്റെ ആയുധ സമ്പന്നതക്കു മുമ്പില്‍ ഗറില്ലാ യുദ്ധമുറ നയിച്ച അവര്‍ അസാമാന്യ ധീരതയാണ് കാണിച്ചത്. അതിലുപരി അള്‍ജീരിയന്‍ മുസ്‌ലിംകള്‍ കാണിച്ച ക്ഷമയും സഹനവും ഹോഫ്മനെ വിസ്മയിപ്പിച്ചു. അതിനവര്‍ക്ക് പ്രേരണ നല്‍കുന്നത് ഇസ്‌ലാമും ഖുര്‍ആനുമാണെന്ന് അദ്ദേഹം മനസ്സിലാക്കി.
നയതന്ത്ര ജോലികള്‍ക്കിടയില്‍ ലഭിച്ച ഒഴിവ് സമയം ഇസ്‌ലാം പഠനത്തിനും ഖുര്‍ആന്‍ വായനക്കും ഉപയോഗിച്ച ഹോഫ്മന്‍ അള്‍ജീരിയന്‍ മുസ്‌ലിംകളുടെ ആന്തരികചോദന അനുഭവിച്ചറിയുകയായിരുന്നു.
ഇതിനുപുറമെ മുസ്‌ലിം ശില്പകലയും കാലിഗ്രഫിയും ഹോഫ്മനിലെ കലാകാരനെ പിടിച്ചിരുത്തുകയും ചെയ്തു. ഇസ്‌ലാമിന്റെ ചൈതന്യം അവയില്‍ കണ്ടെത്തിയ ആ ജര്‍മന്‍ ക്രൈസ്തവന്‍ ഇസ്‌ലാമിനെ അടുത്തറിയാനുള്ള ഗവേഷണത്തിലലിഞ്ഞു.
ക്രൈസ്തവ വിശ്വാസം മുന്നോട്ടുവെക്കുന്ന ആദിപാപസിദ്ധാന്തം അബദ്ധമാണെന്ന് ആദ്യം തിരിച്ചറിഞ്ഞ അദ്ദേഹം 'ഒരാള്‍ മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടതില്ല' (ഫാത്വിര്‍: 18) എന്ന വചനത്തിലെ യുക്തി തിരിച്ചറിഞ്ഞു. ''വിശ്വാസിയുടെയും ദൈവത്തിന്റെയും ഇടയില്‍ പുരോഹിതനോ പാതിരിയോ ഇടയാളായി വേണ്ടതില്ലെ''ന്ന സത്യവും ഖുര്‍ആന്‍ ഹോഫ്മനെ പഠിപ്പിച്ചു. ഇതും തന്റെ പരമ്പരാഗത വിശ്വാസത്തെ കൈയൊഴിയാന്‍ അദ്ദേഹത്തിനു പ്രേരണയായി.
ഇസ്‌ലാമിന്റെ മാസ്മരിക പ്രഭാവവും അള്‍ജീരിയന്‍ മുസ്‌ലിംകളുടെ ജീവിത മാതൃകയും ഹോഫ്മന്‍ എന്ന ബുദ്ധിശാലിയായ ജര്‍മന്‍ നയതന്ത്രജ്ഞനെ മാറ്റിയെടുത്തു. 1980 ല്‍ അദ്ദേഹം മുറാദ് വില്‍ഫ്രഡ് ഹോഫ്മനായി.
മുറാദിന്റെ മതം മാറ്റം ജര്‍മന്‍ മാധ്യമങ്ങളെ ചൊടിപ്പിച്ചു. അവര്‍ നിറം പിടിച്ച കഥകള്‍ മെനഞ്ഞെടുത്തു. എന്നാല്‍, അള്‍ജീരിയയില്‍ നിന്ന് അദ്ദേഹം പഠിച്ച ക്ഷമയും സഹനവും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് കൂട്ടായി.
ജീവിത രേഖ
ജര്‍മനിയിലെ ആഷ്ഫന്‍ബര്‍ഗില്‍ 1931 ജൂലൈ ആറിന് ജനിച്ച വില്‍ഫ്രഡ് ഹോഫ്മന്‍, കത്തോലിക്ക ക്രൈസ്തവ കുടുംബാംഗമായിരുന്നു. പ്രാഥമിക പഠനത്തിനു ശേഷം വിവിധ സര്‍വകലാശാലകളില്‍ ഉപരി പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം. ഹാര്‍വാര്‍ഡില്‍ നിന്ന് അമേരിക്കന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും.
നാട്ടില്‍ തിരിച്ചെത്തിയ ഹോഫ്മനെ 1961 ല്‍ അള്‍ജീരിയയിലെ ജര്‍മന്‍ എംബസിയിലേക്ക് ഉദ്യോഗസ്ഥനായി അയച്ചു. ഇവിടെ വെച്ചാണ് 1980 ല്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. 1983 മുതല്‍ 1987 വരെ നാറ്റോയുടെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറായി ബ്രസല്‍സില്‍. 1987 ല്‍ വീണ്ടും അള്‍ജീരിയയിലേക്കു തന്നെ. ഇത്തവണ അംബാസഡറായായിരുന്നു. 1990 വരെ അവിടെ തുടര്‍ന്നു.
1990 മുതല്‍ 94 വരെ മൊറോക്കോവില്‍ അംബാസഡറായി. മൂന്നരപ്പതിറ്റാണ്ട് നീണ്ട വിദേശ സേവനത്തിനൊടുവില്‍ ഇപ്പോള്‍ ഇസ്താംബൂളില്‍ സ്വസ്ഥ ജീവിതം നയിക്കുന്നു.
ഇസ്‌ലാമിക സേവനം
ഇസ്‌ലാമിനെ ആധികാരികമായി പഠിച്ചും അടുത്തറിഞ്ഞുമാണ് ക്രൈസ്തവ വിശ്വാസം വിട്ട് ഡോ. മുറാദ് പുതിയ വഴി തെരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക പ്രബോധനത്തിന് നിരവധി ധൈഷണിക സംഭാവനകള്‍ അദ്ദേഹം നല്‍കി.
ഇസ്‌ലാം 2000, ഇസ്‌ലാം ആന്‍ഡ് ഖുര്‍ആന്‍, ഇസ്‌ലാം ദ ആള്‍ട്ടര്‍നേറ്റീവ്, റിലീജ്യന്‍ ഓണ്‍ ദ റൈസ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. അമേരിക്കയിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും ഈ കൃതികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
1985ല്‍ പുറത്തു വന്ന ഡയറി ഓഫ് ദ ജര്‍മന്‍ മുസ്‌ലിം, 1982 ല്‍ ഉംറ തീര്‍ഥാടനവും 1992ല്‍ ഹജ്ജ് തീര്‍ഥാടനവും നടത്തിയതിന്റെ പശ്ചാത്തലത്തിലെഴുതിയ 'ജേര്‍ണി ടു മക്ക' എന്നിവയും മാസ്റ്റര്‍പീസുകളാണ്. ഇവ മലയാളത്തിലും ലഭ്യമാണ്.
ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ കമ്മറ്റിയുടെ ഇസ്‌ലാമിക് പേര്‍സണാലിറ്റി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ജര്‍മന്‍ സെന്‍ഡ്രല്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിം എന്ന സംഘടനയുടെ ഉപദേശകന്‍ എന്നിവയടക്കം ഒട്ടേറെ അന്താരാഷ്ട്ര വേദികളിലെ സജീവ സാനിധ്യമാണ് ഈ 87 കാരന്‍.