ആധുനിക ചിന്താലോകത്തെ ഏറെ ശ്രദ്ധേയനായ ദാര്‍ശനികനും ബുദ്ധിജീവിയും ഫ്രഞ്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യനുമായിരുന്നു റജാ ഗരോഡി. നിരീശ്വരവാദികളായ മാതാപിതാക്കളുടെ പുത്രനായി 1913 ജൂലൈ 13ന് മര്‍സീലിയയില്‍ ജനിച്ചു. റോഴെ ഗരോഡി എന്ന നാമം ഇസ്‌ലാം സ്വീകരണത്തിന് ശേഷം 'പ്രതീക്ഷ' എന്ന അര്‍ത്ഥം വരുന്ന റജാ ഗരോഡി എന്നാക്കി മാറ്റി.
ക്രിസ്തുമതത്തില്‍ വളര്‍ന്ന അദ്ദേഹം പീഡിത ജനങ്ങളോടുള്ള ക്രിസ്തുവിന്റെ അനുകമ്പ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് മൂലധനമാക്കാമെന്ന് കണക്കുകൂട്ടി. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്ന ഗരോഡി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 1954ല്‍ പാര്‍ലമെന്റ് മെമ്പറായി. 1956ല്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1959ല്‍ സെനറ്റു മെമ്പറുമായി.
1970ല്‍ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് അധിനിവേശത്തെ നിശിതമായി വിമര്‍ശിച്ചത് കാരണം പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. തുടര്‍ന്നുള്ള നിരന്തരമായ പഠനങ്ങളും അന്വേഷണങ്ങള്‍ക്കും ശേഷമാണ് കാത്തലിക് കുടുംബത്തില്‍ ജനിച്ച ഗരോഡി പ്രൊട്ടസ്റ്റന്റായും തിരിച്ചുമുള്ള യാത്രക്കൊടുവില്‍ 1982ല്‍ ഇസ്‌ലാമില്‍ അഭയം കണ്ടെത്തിയത്. 1982ല്‍ ജൂലൈ 2ന് ജനീവയിലെ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് ഔപചാരികമായി ഇസ്‌ലാം ആശ്ലേഷിച്ച റജാ ഗരോഡി അതിനു മുമ്പ് തന്നെ 'ഇസ്‌ലാം ഭാവിയുടെ മതം' എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.
പാശ്ചാത്യ ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആത്മീയ ഭൗതിക സമന്വയം ഇസ്‌ലാമിലാണ് അദ്ദേഹം കണ്ടെത്തിയത്. പ്രത്യേകിച്ചും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ മാനുഷിക മുഖം അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. ഇസ്‌ലാമിന്റെ ബഹുസ്വരതയാണ് അദ്ദേഹത്തെ ആകര്‍ഷിച്ച മറ്റൊരു പ്രധാന ഘടകം.
ഇസ്‌ലാമിന്റെ രാജപാതയിലേക്ക്
ഇസ്‌ലാം ആശ്ലേഷണത്തിനു നിദാനമായ ഒരു കാര്യം അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. 1944ല്‍ നാസി ജര്‍മ്മനിയുടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പൊരുതുന്ന സംഘത്തിലെ ഒരംഗമായിരുന്നു ഗരോഡി. അധിനിവേശ ശക്തികള്‍ പാരീസ് അധീനപ്പെടുത്തിയപ്പോള്‍ ഗരോഡിയും സംഘവും പിടിയിലായി. സംഘത്തെ അല്‍ജീരിയയിലെ ജല്‍ഫ പട്ടാള ക്യാമ്പിലേക്കാണ് മാറ്റിയത്. തടങ്കല്‍ പാളയത്തില്‍ പ്രതിഷേധപ്രകടനം നടത്തിയതിന്റെ പേരില്‍ സേനാധിപന്‍ ഇവരെ വെടിവച്ചുകൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചാട്ടവാറടിയേല്ക്കുമെന്നായിട്ടുപോലും അള്‍ജീരിയന്‍ മുസ്‌ലിംകളായ പട്ടാളക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ല. 'നിരായുധനായ ഒരു മനുഷ്യന് നേരെ നിറയൊഴിക്കുന്നത് മുസ്‌ലിം പോരാളിയുടെ ധര്‍മ്മത്തിന് നിരക്കുന്നതല്ലെ'ന്ന അവരുടെ ഉറച്ച നിലപാടാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഇരുപത്തിയെട്ടുകാരനായ ഗരോഡിക്ക് ബോധ്യമായി. വിശ്വാസത്തിന്റെ പുതിയ പാത തുറക്കാനും ഇത് സഹായകമായി.
1948ല്‍ ഗാര്‍മെക്‌സിന്‍ പണിമുടക്കിന് നേതൃത്വം നല്‍കി. 1962ല്‍ പ്രസിഡന്റ് കാസ്‌ട്രോവിന്റെ ക്ഷണപ്രകാരം ക്യൂബ സന്ദര്‍ശിച്ചു. 1968ലെ ലോക ശ്രദ്ധപിടിച്ചുപറ്റിയ പാരീസ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സജീവ സാന്നിദ്ധ്യമായിരുന്ന ഗരോഡി, ഈയൊരു പശ്ചാത്തലത്തില്‍ ഇറാനിലെ ഇസ്‌ലാമികമെന്ന് വിശേഷിപ്പിക്കപ്പെട്ട വിപ്ലവം അദ്ദേഹത്തെ ആകര്‍ഷിച്ചതിന് അത്ഭുതപ്പെടാനില്ല. ഇസ്‌ലാം ആശ്ലേഷിച്ച ഗരോഡി മുഖ്യമായും ശ്രദ്ധയൂന്നിയത് അബ്രഹാമിക പാരമ്പര്യം പങ്കിടുന്ന മതങ്ങള്‍ തമ്മിലുള്ള സംവാദത്തിലും സഹവര്‍ത്തിത്വത്തിലുമായിരുന്നു. ഇതിനെ ചില കേന്ദ്രങ്ങള്‍ അതൃപ്തിയോടെ വീക്ഷിക്കുകയുണ്ടായെന്നതും വസ്തുതയാണ്. 1985ല്‍ കേരളത്തിലും അദ്ദേഹം വിവിധ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
അദ്ദേഹത്തിന്റെ 'സയണിസം', 'മാര്‍ക്‌സിസവും കലയും' എന്നീ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ മൊഴി മാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2012 ജൂണ്‍ 12ന് റജാ ഗരോഡി മരിച്ചു. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ഫ്രഞ്ചു സമൂഹത്തില്‍ ഒറ്റപ്പെട്ട അദ്ദേഹത്തിന്റെ ചരമം പോലും പ്രമുഖ പത്രങ്ങള്‍ അവഗണിച്ചു.