ജനിച്ചത് ഇംഗ്ലണ്ടിലെ ക്രൈസ്തവ കുടുംബത്തില്‍. പഠിച്ചത് അമേരിക്കയിലെ പ്രശസ്തമായ ക്ലിഫ്ടണ്‍ കോളജില്‍, ഗുരുനാഥന്‍ പ്രസിദ്ധ ക്രൈസ്തവ പണ്ഡിതന്‍ സി.എസ്. ലെവിസ.് ഫ്രഞ്ച് ദാര്‍ശനികന്‍ റെനെ ഗിനോയുടെ ആരാധകന്‍, ഷേക്‌സ്പിയറിന്റെ നാടകങ്ങളില്‍ അഭിരമിക്കുന്നവന്‍. എന്നിട്ടും മാര്‍ട്ടിന്‍ ലിങ്‌സിനെ ലോകമറിഞ്ഞത്, പ്രവാചകന്‍ മുഹമ്മദി(സ്വ)ന്റെ ജീവചരിത്രകാരനെന്ന നിലയില്‍. 'മുഹമ്മദ് ഹിസ് ലൈഫ് ബേസ്ഡ് ഓണ്‍ ദി ഏര്‍ലിയസ്റ്റ് സോഴ്‌സസ്' എന്ന നോവല്‍ സമാനമായ രചനയിലൂടെ യൂറോപ്പിന് തിരുനബിയെ പരിചയപ്പെടുത്തിയ അബൂബക്ര്‍ സിറാജുദ്ദീന്‍ എന്ന മുസ്‌ലിം പണ്ഡിതനായി.
1909 ജനുവരി 24ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റില്‍ ജനിച്ച മാര്‍ട്ടിന്‍ ലിങ്‌സ് അമേരിക്കയില്‍ ജോലിക്കാരനായ പിതാവിന്റെ കൂടെയായിരുന്നു പഠനം. ലിത്വാനിയയിലെ മഗ്‌നസ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജീവിതം തുടങ്ങി.
ഇതിനിടെയാണ് റെനെ ഗിനോയുമായും ജര്‍മന്‍കാരനായ ഫ്രിജോഫ് ഷുവോണുമായും പരിചയപ്പെടുന്നതും ആധ്യാത്മിക ചിന്തയിലേക്കു തിരിയുന്നതും. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ച ലിങ്‌സ്, അക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച മാര്‍മഡ്യൂക് വില്യം പിക്താളുമായി നിരന്തരം ബന്ധം പുലര്‍ത്തി. ഇസ്‌ലാമിനെ ജീവിതവഴിയായി സ്വീകരിച്ച ലിങ്‌സ് അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന് പേരു മാറ്റുകയും ചെയ്തു.
1939ല്‍ അദ്ദേഹം കെയ്‌റോ സര്‍വകലാശാലയില്‍ അധ്യാപകനായി. ഇവിടെവെച്ച് അറബിഭാഷ പഠിക്കുകയും അള്‍ജീരിയന്‍ സൂഫിവര്യനായ അഹ്മദ് അല്‍ അലവിയെക്കുറിച്ച് ഗവേഷണപഠനം നടത്തുകയും ചെയ്തു.
1955ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയ അബൂബക്ര്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ അറബിക് ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായി. ഇതാണ് അദ്ദേഹത്തിന്റെ ജീവിത്തിലെ വഴിത്തിരിവായത്. ബ്രിട്ടീഷ് ലൈബ്രറിയിലും ജോലി ചെയ്തു. 1970കളില്‍ സ്റ്റഡീസ് ഇന്‍കം പാരിറ്റീവ് റിലിജ്യന്‍ എന്ന ജേര്‍ണലില്‍ ഇസ്‌ലാമിനെക്കുറിച്ച് പ്രൗഢമായ ലേഖനങ്ങളെഴുതിയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1983ലാണ് മാസ്റ്റര്‍പീസായ മുഹമ്മദ് നബിയുടെ ജീവചരിത്രഗ്രന്ഥം എഴുതുന്നത്. പാകിസ്താന്‍, ഈജിപ്ത് സര്‍ക്കാരുകളുടെ സമ്മാനങ്ങള്‍ നേടിയ ഈ കൃതി ഇസ്‌ലാമാബാദിലെ ദേശീയ ചരിത്ര കോണ്‍ഫറന്‍സിന്റെ ഇംഗ്ലീഷിലെ മികച്ച പ്രവാചക ചരിത്രകൃതിക്കുള്ള അവാര്‍ഡിനും അര്‍ഹമായി. മലയാളമുള്‍പ്പെടെ നിരവധി ലോകഭാഷകളിലേക്ക് ഇത് ഭാഷാന്തരം ചെയ്തിട്ടുമുണ്ട്.
വിശുദ്ധ ഖുര്‍ആനിലെ തിരഞ്ഞെടുത്ത വചനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയുള്‍പ്പെടെ ഗ്രന്ഥങ്ങളുടെ കര്‍ത്തവായ അബൂബക്ര്‍ സിറാജുദ്ദീന്‍ ഇസ്‌ലാമിക ലോകത്ത് നിരവധി പ്രഭാഷണ വേദികളിലും സന്നിഹിതനായി. The underlining Religion, A return to the spirit, Mecca: From before Genesis Until now, The elevant hour തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്.
2005 മെയ് 12ന് ഇംഗ്ലണ്ടിലെ കെന്റില്‍ വെച്ച് 96-ാം വയസ്സില്‍ മരിച്ചു. സ്വര്‍ഗത്തെക്കുറിച്ച് ഖുര്‍ആനിക സൂചനകളെ ആസ്പദമാക്കി കെന്റിലെ തന്റെ വീടിനടുത്ത് അബൂബക്ര്‍ ഒരുക്കിയ ദൃശ്യമനോഹരമായ ഉദ്യാനത്തിലാണ് അദ്ദേഹത്തിന്റെ ഖബറിടമുള്ളത്. ഫിസിയോ തെറാപ്പിസ്റ്റും സുഹൃത്തുമായിരുന്ന ലെസ്‌ലി സ്മാലിയായിരുന്നു ജീവിത പങ്കാളി.