Skip to main content

ലൈലത്തുല്‍ഖദ്ര്‍

വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ് റമദാനിന്റെ ശ്രേഷ്ഠതക്ക് നിദാനം. ഈ ഖുര്‍ആന്‍ അവ തരിച്ച രാവിനാണ് ലൈലതുല്‍ഖദ്ര്‍ (നിര്‍ണയത്തിന്റെ രാത്രി) എന്നു പറയുന്നത്. റമദാനിന്റെ മഹത്വമേറ്റുന്നതാണ് ലൈലത്തുല്‍ഖദ്‌റിന്റെ സാന്നിധ്യം. നിര്‍ണയം, മഹത്വം, വ്യവസ്ഥ എന്നെല്ലാ മാണ് ഖദ്ര്‍ എന്ന വാക്കിന്റെ അര്‍ഥം. സത്യാസത്യങ്ങള്‍ നിര്‍ണയിക്കാനും മനുഷ്യന് മഹത്വമേ റ്റാനും ധര്‍മം വ്യവസ്ഥപ്പെടുത്താനും അടിസ്ഥാനമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയാണ് ലൈലതുല്‍ഖദ്ര്‍.


    
''നിശ്ചയം നാമതിനെ (ഖുര്‍ആന്‍) ലൈലതുല്‍ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമാകുന്നു. അന്ന് മലക്കുകളും ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുവാ ദത്തോടുകൂടി എല്ലാ കല്പനകളുമായി ഇറങ്ങിക്കൊണ്ടിരിക്കും. പ്രഭാതം വരെ അന്ന് രക്ഷയുണ്ടാ യിരിക്കും'' (97:1-5)

ഈ ദിവസത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്: 

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: "ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസത്തോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങളില്‍നിന്ന് പൊറുക്കപ്പെടും. വല്ലവനും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമാ യിരിക്കണം" (ബുഖാരി 1901).
    
അവസാന പത്തായാല്‍ നബി(സ്വ) അര മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടു കാരെ ഉണര്‍ത്തുകയും ചെയ്യും (ബുഖാരി 2024).
    
റമദാന്‍ അവസാനപത്തില്‍ നബി(സ്വ) മറ്റൊരുകാലത്തും ചെയ്യാത്തവിധം ആരാധനാ കര്‍മങ്ങളില്‍ മുഴുകാറുണ്ടായിരുന്നു (മുസ്‌ലിം 1174).
    
നബി(സ്വ) സാധാരണയായി ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നതും റമദാനിലെ അവസാന പത്തി ലായിരുന്നു (ബുഖാരി 2026).

ലൈലതുല്‍ഖദ്ര്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഇത് ഏതു ദിവസത്തിലാണെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടില്ല.  റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റ രാവുകളിലാണ് എന്ന് ചില നബി(സ്വ) വചനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവസാന പത്തിലെ ഏതു ദിവസവുമാകാം എന്നതാണ് ഹദീസുകള്‍ നല്കുന്ന പ്രബലമായ സൂചന.

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: "ലൈലത്തുല്‍ഖദ്‌റിനെ നിങ്ങള്‍ റമദാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍" (ബുഖാരി 2020).

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: "ലൈലത്തുല്‍ഖദ്ര്‍ അവസാത്തെ പത്തിലാണ്. 9ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ അന്വേഷിക്കുക. മറ്റൊരു നിവേദനത്തില്‍ 25ലോ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു" (ബുഖാരി 2021, മുസ്‌ലിം 1167).

റമദാന്‍ ഇരുപത്തിഏഴിനാണ് ലൈലതുല്‍ഖദ്ര്‍ എന്നതിന് വ്യക്തമായ യാതൊരു രേഖയുമില്ല. അത് നിര്‍ണയിക്കപ്പെടാത്തത് നിങ്ങള്‍ക്ക് അനുഗ്രഹമായേക്കാം എന്ന് ഈ വിഷയത്തില്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവസാനപത്തിലെ എല്ലാ ദിനങ്ങളും പരമാവധി നന്മകളുമായി നാം മുന്നേറുക. റമദാന്‍ ഇരുപത്തിഏഴ് ലൈലതുല്‍ഖദ്‌റായി കരുതി പ്രത്യേക പ്രാര്‍ഥനകളും ദാനധര്‍മങ്ങളും മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരയാണവും പോലെ കുറെ അനാചാരങ്ങള്‍ നടപ്പിലുണ്ട്. എന്നാല്‍ ഇതിനൊന്നും യാതൊരു പ്രമാണത്തിന്റെയും പിന്‍ബലമില്ല. മറ്റു ദിനങ്ങളില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ പരമാവധി അധികരിപ്പിക്കുയും ഇഅ്തികാഫ് നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് ലൈലതുല്‍ഖദ്‌റില്‍ ഏറെയായി ചെയ്യാനുള്ളത്.

ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കുന്ന ദിനങ്ങളില്‍ അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ (അല്ലാഹുവേ, നീ പാപങ്ങള്‍ പൊറുക്കുന്നവനാണ്. അത് നിനക്ക് ഇഷ്ടവുമാണ്. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ) എന്ന് പ്രാര്‍ഥിക്കാന്‍ നബി(സ്വ) നിര്‍ദേശിക്കുന്നുണ്ട് (തിര്‍മിദി 3513).

Feedback