Skip to main content

നോമ്പ് നിര്‍ബന്ധമായത് എപ്പോള്‍

ഇസ്‌ലാമിലെ മറ്റുപല ആരാധനാകര്‍മങ്ങളെയും പോലെ നോമ്പും നിര്‍ബന്ധമാക്കപ്പെടുന്നത് ഹിജ്‌റക്കു ശേഷമാണ്. മൂന്നു ഘട്ടങ്ങളായിക്കൊണ്ടാണ് വ്രതം നിര്‍ബന്ധമാകുന്നത് (ഫിഖ്ഹുസ്സിയാം- ഡോ.യൂസുഫുല്‍ ഖര്‍ദാവി). 

മുഹര്‍റം പത്തിന്റെ ആശൂറാഅ് പോലെ അറബികള്‍ക്കിടയില്‍ നേരത്തേ ഉണ്ടായിരുന്ന ചില വ്രതങ്ങള്‍ ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ അനുഷ്ഠിക്കപ്പെട്ടിരുന്നു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നത് ഹിജ്‌റ രണ്ടാം വര്‍ഷം (മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷം, എ ഡി 626) ശഅ്ബാന്‍ മാസം രണ്ടാം തിയ്യതിയാണ്. 
    
വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറയിലെ 183 മുതല്‍ 187 കൂടിയ സൂക്തങ്ങളിലാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പനയുള്ളത്. മക്കയിലെ പതിമൂന്നു വര്‍ഷക്കാലത്തെ വിശ്വാസ ദൃഢീകരണത്തിനുശേഷമാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. പട്ടിണി പരിശീലിപ്പിക്കലെന്ന ചെറിയ ലക്ഷ്യമായിരുന്നു വ്രതത്തിനെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയം മക്കാകാലഘട്ടമായിരുന്നു. മുസ്‌ലിംകളെ പീഡിപ്പിച്ച് മെരുക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതിനും നല്ലത് മക്കതന്നെയായിരുന്നു. കാരണം മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ അവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കനുഭവിച്ച തീക്കാലമായിരുന്നല്ലോ അത്. എന്നാല്‍ ഇസ്‌ലാമിലെ വ്രതത്തിന് അതിമഹത്തായ ലക്ഷ്യങ്ങളുണ്ട്. കാരുണ്യവാനായ ദൈവത്തിന് തന്റെ ഇഷ്ടദാസന്മാരുടെ മേലുള്ള കരുതലാണ് വ്രതം. 
    
നോമ്പ് നിര്‍ബന്ധമാക്കുമ്പോള്‍ തന്നെ പ്രയാസപ്പെടുന്നവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി എന്ന ഇളവ് അനുവദിച്ചു. ഇതാണ് ഖുര്‍ആന്‍ 2:183, 184 വചനങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നീട് 2:185 അവതരിച്ചതോടെ ഈ ഇളവ് ചില പ്രത്യേക ആളുകള്‍ക്ക് (വളരെ പ്രയാസപ്പെട്ടുമാത്രമേ നോമ്പെടുക്കാന്‍ കഴിയൂ എന്നുള്ളവര്‍ക്ക്) മാത്രമാക്കി പരിമിതപ്പെടുത്തുകയും മറ്റെല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതില്‍തന്നെ രണ്ടു ഘട്ടമുണ്ടായിരുന്നു. നോമ്പ് തുറന്നശേഷം രാത്രി ഇശാ നമസ്‌കരിക്കുന്നത് വരെയോ അല്ലെങ്കില്‍ ഉറങ്ങുന്നുത് വരെയോ മാത്രം ഭക്ഷണം കഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അനുമതി നല്കിയതായിരുന്നു ആദ്യഘട്ടം. എന്നാല്‍ അടുത്തഘട്ടത്തില്‍ 2:187 അവതരിക്കുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരികയും പ്രഭാതം വരെ ഭക്ഷണവും സ്ത്രീ സംസര്‍ഗവും അനുവദിക്കപ്പെടുകയും ചെയ്തു. (ഫിഖ്ഹുസ്സിയാം- ഡോ. യൂസുഫുല്‍ ഖര്‍ദാവി).

Feedback