ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ ഐതിഹ്യങ്ങളാല്‍ സ്ഥാപിതമായതല്ല. ആര്‍ക്കും എപ്പോഴും നിര്‍മിക്കാവുന്നതോ തിരുത്താവുന്നതോ ആയ രൂപവുമല്ല അതിനുള്ളത്. കൃത്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ രൂപവും ഘടനയുമെല്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി(സ്വ)യുടെ ജീവിതകാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഈ കാര്യത്തില്‍ ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ല. അങ്ങനെ കൂട്ടിച്ചേര്‍ക്കുന്നവ ഇസ്‌ലാമിന്റെതായി പരിഗണിക്കപ്പെടുകയുമില്ല. ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു'' (5:3).
നോമ്പിനും ഇത് ബാധകമാണ്. അതിന്റെ രൂപവും സമയവുമെല്ലാം നേരത്തേ തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ഭക്തിയുടെയോ സൂക്ഷ്മതയുടെയോ പേരില്‍ അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിമാറ്റലുകളോ അനുവദനീയമല്ല. പുതിയ കാലത്തിനും ലോകത്തിനും പറ്റുന്ന ആധുനികരീതിയില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതുമല്ല. എല്ലാ കാലത്തേക്കും ജനസമൂഹത്തിലേക്കും പ്രയാസരഹിതമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇസ്‌ലാം അത് സംവിധാനിച്ചിരിക്കുന്നത്.
നോമ്പിന് രണ്ടു നിര്‍ബന്ധഘടകങ്ങളുണ്ട്. ഒന്ന് നിയ്യത്തുതന്നെ. പ്രഭാതം മുതല്‍ അസ്തമയം വരെ ഭക്ഷണപാനീയങ്ങളും ഭാര്യാഭര്‍തൃബന്ധവും ഉപേക്ഷിക്കലാണ് രണ്ടാമത്തേത്. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുകയോ ന്യൂനതയുള്ളതാവുകയോ ചെയ്താല്‍ ആ വ്രതം നിഷ്ഫലമാകുന്നതാണ്.
നോമ്പിന്റെ ഏറ്റവും പ്രധാന ഘടകമാണ് നിയ്യത്ത്. ഏതൊരു കര്‍മത്തിനുമെന്നപോലെ നോമ്പിനും നിയ്യത്ത് (ഉദ്ദേശ്യം) കൃത്യമായിരിക്കണം. അഥവാ, അല്ലാഹു നിര്‍ബന്ധമാക്കിയ വ്രതം അവന്റെ മാത്രം പ്രതിഫലം പ്രതീക്ഷിച്ചും ശിക്ഷ ഭയപ്പെട്ടും നിര്‍വഹിക്കുന്നു എന്ന ബോധമുണ്ടാകുമ്പോഴേ നോമ്പ് സാധുവാകൂ (ബുഖാരി 1951). "നിയ്യത്തിന്റെ സ്ഥാനം മനസ്സാണ്"(ഫത്ഹുല്‍ബാരി 1/52). ഹജ്ജും ഉംറയുമൊഴിച്ച് മറ്റു കര്‍മങ്ങള്‍ക്കൊന്നും നിയ്യത്തിനായി പ്രത്യേക പദങ്ങളില്ല. നാവു കൊണ്ട് ഉച്ചരിക്കേണ്ടതുമില്ല.
നോമ്പിന്റെ സമയം തുടങ്ങുന്നതിന് മുമ്പ് തന്നെ 'താന്‍ നോമ്പെടുക്കുന്നു' അല്ലെങ്കില്‍ നോമ്പെടുക്കണം എന്ന കരുതല്‍ മനസ്സിലുണ്ടായിരിക്കണം. പ്രത്യേക സമയമോ പദപ്രയോഗങ്ങളോ പ്രമാണങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. റമദാന്‍ മാസം പിറന്നതുമുതല്‍ ഒരാള്‍ക്ക് വ്രതം നിര്‍ബന്ധമായി. അതോടെ താന്‍ നോമ്പെടുക്കും എന്ന് അയാള്‍ തീരുമാനിച്ചാല്‍ നിയ്യത്ത് പ്രാബല്യത്തിലായി. പിന്നീട് ഒരോ ദിവസവും അയാള്‍ പ്രത്യേകം നിയ്യത്തു വെക്കേണ്ടതില്ല. (മജ്മൂഅ്ഫതാവാ, ഇബ്‌നു തൈമിയ്യ 25/215). ഉറങ്ങിപ്പോവുകയോ മറ്റോ ചെയ്താല്‍ രാത്രി നിയ്യത്തു ചെയ്യാന്‍ കഴിയില്ലെന്ന കാരണത്താല്‍ നോമ്പെടുക്കാതിരിക്കേണ്ടതില്ല. നാളെ നോമ്പെടുക്കണമെന്ന വിചാരത്തോടെയാണല്ലോ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. നിയ്യത്തായി അതു മതിയാവുന്നതാണ്.
ഇളവുകള്‍ സ്വീകരിക്കണമെന്ന് ഉദ്ദേശിച്ചോ മനഃപൂര്‍വം നോമ്പ് നോല്‍ക്കുന്നില്ല എന്ന് കരുതിയോ ആണ് നേരം പുലര്‍ന്നതെങ്കില്‍ അയാള്‍ക്ക് നോമ്പ് നോല്‍ക്കാന്‍ സാധിക്കില്ല. എന്നാലും നോമ്പു മുറിയുന്ന മറ്റു കാര്യങ്ങളൊന്നും അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ അപ്പോള്‍ മുതല്‍ അയാള്‍ക്ക് നോമ്പില്‍ പ്രവേശിക്കാമെന്നും അഭിപ്രായമുണ്ട്. ഇത് സുന്നത് നോമ്പിന് മാത്രമേ ബാധകമാകൂ എന്നാണ് മിക്ക പണ്ഡിതന്മാരുടെയും വീക്ഷണം. ഉച്ചയ്ക്കു മുമ്പായി നിയ്യത്തുണ്ടായാല്‍ നോമ്പെടുക്കാമെന്നാണ് ഇമാം അബൂഹനീഫ(റ)യുടെയും ഇമാം ശാഫിഈയുടെയും അഭിപ്രായം.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധങ്ങളുമടക്കം നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുക എന്നതാണ് നോമ്പിന്റെ ബാഹ്യമായ രൂപവും രണ്ടാമത്തെ നിര്‍ബന്ധ ഘടകവും. പകല്‍ സമയത്ത് മനഃപൂര്‍വം ആഹാര പാനീയങ്ങള്‍ കഴിക്കുകയോ ലൈംഗിക ബന്ധം പുലര്‍ത്തുകയോ ചെയ്താല്‍ നോമ്പ് നഷ്ടപ്പെടും. അല്ലാഹുവിന്റെ റസൂല്‍ അനുവദിച്ച പുണ്യകര്‍മങ്ങള്‍ (നോമ്പിന്റെ മര്യാദകള്‍) കൊണ്ട് നോമ്പിനെ അലങ്കരിക്കുക എന്നതാണ് നോമ്പിന്റെ പൂര്‍ണരൂപം.