Skip to main content

റയ്യാന്‍ കവാടം

സ്വര്‍ഗത്തിലെ ഒരു കവാടമാണ് റയ്യാന്‍. റയ്യ് എന്ന പദത്തില്‍ നിന്ന് നിഷ്പദിച്ചതാണ് റയ്യാന്‍. ദാഹശമനം വരുത്തുക എന്നാണ് അര്‍ഥം. ഇത് റമദാന്‍ വ്രതം അനുഷ്ഠിച്ചവര്‍ക്ക് മാത്രം പ്രവേശിക്കാനുള്ള കവാടമാണ്. 

നബി(സ്വ) പറഞ്ഞു: "സ്വര്‍ഗത്തിന് റയ്യാന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വാതിലുണ്ട്. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ നോമ്പുകാരല്ലാതെ ആ വാതിലിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്ന് ചോദിക്കപ്പെടും. അപ്പോള്‍ അവര്‍ എഴുന്നേറ്റുനില്ക്കും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ (വാതില്‍) അടയ്ക്കപ്പെടുന്നു. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കില്ല" (ബുഖാരി 1896).

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: ''വല്ലവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചാല്‍ സ്വര്‍ഗത്തിന്റെ വാതില്‍ക്കല്‍ നിന്ന് വിളിച്ചു പറയപ്പെടും. ദാസാ, ഈ കവാടമാണ് നിനക്ക് നല്ലത്. നമസ്‌കരിച്ചവരെ നമസ്‌കാരത്തിന്റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മം ചെയ്തവരെ ധര്‍മത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്ര്‍(റ) പറഞ്ഞു: 'പ്രവാചകരേ, എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതിലില്‍ നിന്ന് വല്ലവനെയും വിളിച്ചുകഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെയെങ്കിലും വിളിക്കുമോ?' നബി(സ്വ) അരുളി: അതേ, വിളിക്കപ്പെടുന്നതാണ്. നീ അവരില്‍പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' (ബുഖാരി 1897).

"റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും, നരക കവാടകങ്ങള്‍ അടയ്ക്കപ്പെടും. പിശാചുക്കള്‍ ബന്ധിക്കപ്പെടും" (മുസ്‌ലിം 1079).

അബൂഉമാമ(റ) പറയുന്നു: "ഞാന്‍ റസൂല്‍(സ്വ)യുടെ അടുക്കല്‍ചെന്ന് സ്വര്‍ഗപ്രവേശം നേടിത്തരുന്ന വല്ല കര്‍മവും ഉപദേശിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. തിരുമേനി പറഞ്ഞു: നോമ്പനുഷ്ഠിച്ചുകൊള്ളൂ, അതിന് തുല്യമായി മറ്റൊന്നുമില്ല. ഞാന്‍ പിന്നെയും ചെന്നു. അപ്പോഴും തിരുമേനി ആദ്യത്തെ മറുപടി തന്നെ ആവര്‍ത്തിച്ചു" (ഹാകിം 1421).
    
അല്ലാഹു തന്റെ അടിമകള്‍ക്ക് ഏറ്റവുമേറെ പാപമോചനവും നരകമുക്തിയും നല്കുന്ന മാസമാണ് റമദാന്‍. മനുഷ്യര്‍ അല്ലാഹുവിനോട് നോമ്പുനോറ്റും മറ്റു സത്കര്‍മങ്ങള്‍ ചെയ്തും അടുക്കുകയും പാപങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്ക്കുകയും ചെയ്യുന്ന സമയമാണ് റമദാന്‍. അതോടൊപ്പം അല്ലാഹുവിനോട് ഏറ്റവുമേറെ പാപമോചനം ചോദിക്കാനും അവന്‍ ഈ സമയം ഉപയോഗപ്പെടുത്തുന്നു. ഇതിനുമേല്‍ അല്ലാഹുവിന്റെ റമദാന്‍ കാരുണ്യംകൂടി പെയ്തിറങ്ങുന്നതോടെ അടിമകള്‍ക്ക് നരകമോചനത്തിന് വഴിതെളിയുന്നു.

"ഏതെങ്കിലും ഒരുഅടിമ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുദിവസം നോമ്പുനോല്‍ക്കുന്ന പക്ഷം ആ ദിവസം കാരണമായി അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ ദൂരം അകറ്റാതിരിക്കുകയില്ല" (മുസ്‌ലിം 1153).
    
"ആരെങ്കിലും റമദാന്‍ മാസത്തില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും" (ബുഖാരി 2014).

 

Feedback