Skip to main content

നോമ്പിന്റെ സമയം

പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതത്തിന്റെ സമയം. പകല്‍ ദീര്‍ഘിക്കുകയും ചുരുങ്ങുകയുമെല്ലാം ചെയ്യുന്ന കാലത്തിനും പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഭൂമിയിലെ ചില പ്രദേശങ്ങളില്‍ (സ്‌കാന്‍ഡിനേവിയന്‍ നാടുകള്‍ പോലെ) ചിലകാലങ്ങളില്‍ പകല്‍ ഏറെ ദീര്‍ഘിക്കുന്നു. ഒരു പകല്‍തന്നെ ദിവസങ്ങളും മാസങ്ങളും നീണ്ടുനില്ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ എങ്ങനെ നോമ്പെടുക്കണമെന്നതില്‍ ആധുനിക പണ്ഡിതന്മാര്‍ക്ക് ഭിന്നവീക്ഷണങ്ങളുണ്ട്. ഇവര്‍ യാത്രക്കാരാണെങ്കില്‍ ഇളവുപയോഗപ്പെടുത്തി നാട്ടിലെത്തിയശേഷം നോമ്പെടുക്കാമെന്നതില്‍ സംശയമില്ല.  എന്നാല്‍ 24 മണിക്കൂറുകള്‍ക്കിടയില്‍ പകലും രാവും മാറുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍  പകല്‍ എത്ര മണിക്കൂറായാലും നോമ്പെടുക്കണം. എന്നാല്‍ അത് അവര്‍ക്ക് രോഗമോ അപകടമോ ഉണ്ടാക്കുമെങ്കില്‍ പകല്‍ കുറയുന്ന സമയത്തേക്ക് മാറ്റിവെക്കുകയോ കഴിയില്ലെങ്കില്‍ പ്രായശ്ചിത്തം നല്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന പകലും രാവുമുള്ളവര്‍ സാധാരണ സമയമുള്ള തൊട്ടടുത്ത പ്രദേശത്തിനനുസരിച്ചോ, മക്കയെ അടിസ്ഥാനമാക്കിയോ ഗണിച്ച് നമസ്‌കരിക്കുകയും അതുപോലെ വ്രതം അനുഷ്ഠിക്കുകയുമാണ് വേണ്ടത്.


    
യാത്രക്കാരന്‍ നോമ്പെടുക്കുകയാണെങ്കില്‍ അയാള്‍ പുറപ്പെട്ട നാട്ടിലെ ദിവസത്തിന്റെയും സമയ ത്തിന്റെയും കണക്കിലാണ് നോമ്പും പെരുന്നാളും തീരുമാനിക്കേണ്ടത്. ഇനി അയാള്‍ യാത്ര അവ സാനിപ്പിക്കുന്ന നാട്ടില്‍ മറ്റൊരു സമയവും ദിവസവുമാണെങ്കില്‍ അതുപ്രകാരമാണ് അവിടെ അയാള്‍ നോമ്പും പെരുന്നാളും നിര്‍വഹിക്കേണ്ടത്. 

എന്നാല്‍ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ ദിവസ ഗണനയിലുള്ള വ്യത്യാസം മൂലം  തന്റെ നോമ്പ് എണ്ണം കുറവാണെങ്കില്‍ (28 നോമ്പ്) പെരുന്നാളിനു ശേഷം അയാള്‍ അത് നോറ്റുവീട്ടേണ്ടതാണ്. അതേസമയം അയാള്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ചെന്നെത്തിയ നാട്ടുകാരോടൊപ്പം നോമ്പ് നോല്‍ക്കേണ്ടതില്ല. മാസം ഇരുപത്തി ഒന്‍പതോ മുപ്പതോ ആയിരിക്കുമെന്നാണല്ലോ നബി(സ്വ) പഠിപ്പിക്കുന്നത്.
    
നോമ്പില്ലാത്ത നാട്ടില്‍നിന്ന് നോമ്പുള്ള നാട്ടിലെത്തിയാല്‍, യാത്രക്കാരനാണെങ്കില്‍ നോമ്പെടു ക്കാതെ മാറ്റിവെക്കാം. എന്നാല്‍ സ്ഥിരതാമസമുള്ള നാട്ടിലാണെത്തിയതെങ്കില്‍ എത്തിയ സമയം മുതല്‍ നോമ്പെടുക്കണം. പിന്നീട് നോറ്റുവീട്ടേണ്ടതില്ല.

Feedback