മുസ്‌ലിം സമുദായം അതിനെ വരിഞ്ഞുമുറുക്കിയ ദുരാചാരങ്ങളില്‍ പെട്ട് ദിശകാണാതെ ഇരുട്ടില്‍ തപ്പുമ്പോഴാണ് കൈത്തിരി വെട്ടവുമായി ഒരു പണ്ഡിത സംഘടന പരിഷ്‌കരണ സംരംഭങ്ങളുമായി മുന്നില്‍ നിന്നത്. അക്കാലത്ത് നവോത്ഥാന വേദികളില്‍ നടന്നിരുന്ന ആദര്‍ശപ്പോരാട്ടത്തിന് കരുത്തുപകര്‍ന്നവരില്‍ പ്രധാനിയായിരുന്നു എം സി സി അബ്ദുറഹ്മാന്‍ മൗലവി.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആരംഭം മുതല്‍ അതിന്റെ ഹൃദയത്തുടിപ്പായി നിലകൊണ്ട എം സി സി അബ്ദുറഹ്മാന്‍ മൗലവി 1924ല്‍ കേരള ജംഇയത്തുല്‍ ഉലമ (കെ ജെ യു) രൂപീകരിച്ചത് മുതല്‍ അതിന്റെ പ്രധാന പ്രവര്‍ത്തകനായി. ആലുവയില്‍ നടന്ന ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തിന് അധ്യക്ഷത വഹിക്കാന്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിന്റെ പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ കൊണ്ടുവന്നത് എം സി സി സഹോദരന്മാരായിരുന്നു. കെ ജെ യുവിന്റെ സെക്രട്ടറി പദം പിന്നീട് എം സി സി ഏറ്റെടുത്തതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം സംഘടന സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തത് അദ്ദേഹമാണ്.
കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയുടെ ധ്വജവാഹകനായി മരണം വരെ പ്രവര്‍ത്തിച്ചു.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ചരിത്രം എം സി സി യുടെ കൂടി ചരിത്രമാണ്. പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വേദനയോടെ പടിയിറങ്ങിയ വാഴക്കാട്ടെ ദാറുല്‍ ഉലൂമിലേക്ക് മൂന്നു പതിറ്റാണ്ടിനു ശേഷം ക്ഷണിക്കപ്പെട്ടപ്പോള്‍ എം സി സി അത് സ്വീകരിച്ചു. 1943ല്‍ വാഴക്കാട്ട് ചുമതലയേറ്റ അദ്ദേഹം സ്ഥാപനത്തില്‍ നിരവധി പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. എതിര്‍പ്പുകാരുടെ കുതന്ത്രങ്ങള്‍ക്കൊടുവില്‍ ദാറുല്‍ഉലൂം 1946ല്‍ അനിശ്ചിതകാലത്തേക്ക് അടച്ച് പൂട്ടേണ്ടിവന്നു. മദ്‌റസ പ്രസ്ഥാനങ്ങളുടെ പിതാവായി അിറയപ്പെടുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രണ്ടാമത്തെ മകനാണ് എം സി സി അബ്ദുറഹ്മാന്‍ മൗലവി.
കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ട് ഒരു അറബിക് കോളെജ് സ്ഥാപിക്കുന്നതിനെകുറിച്ചുള്ള ആലോചനകളാണ് പുളിക്കല്‍ മദീനത്തുല്‍ ഉലൂം കോളെജില്‍ എത്തിച്ചത്. തറമ്മല്‍ പള്ളിയിലെ അസൗകര്യം കോളെജ് നടത്തിപ്പിന് വിലങ്ങുതടിയായപ്പോള്‍, ജംഇയ്യത്തിന്റെ നേതാക്കളായ പി എന്‍ മുഹമ്മദ് മൗലവി, ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവി തുടങ്ങിയവരുടെ താല്പര്യമനുസരിച്ച് കോളെജ് പുളിക്കലേക്ക് മാറ്റിസ്ഥാപിച്ചു. പണ്ഡിത സംഘടന നേരിട്ട് നടത്തുന്ന ആദ്യത്തെ മതവിജ്ഞാനകേന്ദ്രം 1947 ജുലൈ 11ന് പുളിക്കലില്‍ ആരംഭിച്ചു. വിദ്യാഭ്യാസം പുരുഷന്‍മാര്‍ക്കു മാത്രം മതിയെന്ന് മതനേതൃത്വം വിധിയെഴുതിയിരുന്ന അക്കാലത്ത് മദീനത്തുല്‍ ഉലും അറബിക് കോളജില്‍പെണ്‍കുട്ടികള്‍ക്ക് പ്രവേശം നല്കിയിരുന്നു.
സമൂഹത്തില്‍ വ്യാപകമായ ദുരാചാരങ്ങളെഅതിശക്തമായി എതിര്‍ത്ത പരിഷ്‌കര്‍ത്താ വായിരുന്നു എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി. 1930കളില്‍ സുന്നി-മുജാഹിദ് സംവാദങ്ങള്‍ ശക്തമായിരുന്ന കാലത്ത് മുജാഹിദ് പക്ഷത്തെ പ്രഗത്ഭ പണ്ഡിതനായിരുന്നു അദ്ദേഹം. നാദാപുരം, കൊടിയത്തൂര്‍, കടവത്തൂര്‍, മുക്കം, പുനൂര്, നെടിയിരുപ്പ് വാദപ്രതിവാദങ്ങളിലെല്ലാം മുജാഹിദ് പക്ഷത്തിന്റെ ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. കൊടിയത്തൂര്‍ വാദപ്രതിവാദത്തില്‍ എം സി സിയുടെയും അലവി മൗലവിയുടെയും പണ്ഡിതോചിത സമര്‍ഥനങ്ങള്‍ സത്യാന്വേഷികള്‍ക്ക് ഇന്നും വഴികാട്ടിയായി നില്‍ക്കുന്നു.
മലബാര്‍ കലാപകാലത്ത് കള്ളക്കേസില്‍ കുടുക്കി വധശിക്ഷ വിധിക്കപ്പെട്ട കെ എം മൗലവിയെ പട്ടാളക്കാരുടെ പിടിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ അവസരമൊരുക്കിയത് അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ കൗശലമായിരുന്നു. വിശുദ്ധഖുര്‍ആന്റെ മലയാള പരിഭാഷയുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനുമായി കോഴിക്കോട് ആസ്ഥാനമാക്കി രൂപീകരിച്ച മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തകരിലൊരാള്‍ മൗലവി ആയിരുന്നു. കെ എം മൗലവിയുടെയും പി കെ മുസാ മൗലവിയുടെയുംപങ്കാളിത്തത്തോടെ അദ്ദേഹം ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കി. കോഴിക്കോട് ഇസ്‌ലാമിയാ കമ്പനിയുടെ കീഴില്‍ സ്വന്തം പത്രാധിപത്യത്തില്‍ 'മാര്‍ഗ ദര്‍ശകന്‍' എന്ന മാസികയും എം സി സി പുറത്തിറക്കി. അല്‍ മുര്‍ശിദ് അറബി മലയാള മാസികയുടെ മുഖ്യ അണിയറ പ്രവര്‍ത്തകനായിരുന്നു. യുവലോകം പബ്ലിഷിങ് കമ്പനിയുടെ പാര്‍ട്ണറായിരുന്നു.
1906ലാണ് എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജനനം. മതാവ് ഉമ്മുറാബിയയുടെ നാടായ പരപ്പനങ്ങാടിയിലായില്‍. ഏഴാം വയസ്സില്‍ ജ്യേഷ്ഠന്‍ അഹ്മദ്മൗലവിയുടെ കൂടെ വാഴക്കാട് ദാറുല്‍ ഉലൂമിലെത്തി പിതാവ് ചാലിലകത്തിന്റെ ശിഷ്യനായി പഠനം തുടങ്ങി. പത്താം വയസ്സു വരെ പിന്നീട് പുളിക്കല്‍ മദ്‌റസത്തുല്‍ മുനവ്വറയിലായില്‍ പഠനം തുടര്‍ന്നു. പിന്നീട് പിതാവിന്റെ കീഴില്‍ മണ്ണാര്‍ക്കാട്ടെ ദര്‍സില്‍. അവിടെ അന്ന് പഠിതാവായുണ്ടായിരുന്ന കെ എം മൗലവി പിന്നീട് ചെമ്മങ്കടവില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ അവിടേക്ക് മാറി. 1921ല്‍ വെല്ലുര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ വിദ്യാര്‍ഥിയായി. 1935ല്‍ അഫ്ദലുല്‍ ഉലമ പാസായി.
1964 ജനുവരി 1 ജുമുഅയുടെ മുമ്പ് കോളെജിന്റെ ഓഫീസ് മുറിയില്‍ വെച്ചായിരുന്നു മരണം. വസ്വിയ്യത്ത് അനുസരിച്ച് പുളിക്കല്‍ തന്നെ ഖബറടക്കി.
തിരൂരങ്ങാടിയിലെ സി എച്ച് അഹ്മദ് മാസ്റ്ററുടെ സഹോദരിയാണ് മൗലവിയുടെ ആദ്യഭാര്യ. ആദ്യ പ്രസവത്തിനിടെ അവര്‍ മരിച്ചതോടെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ ആമിന സ്വഫിയയെ വിവാഹം ചെയ്യുകയായിരുന്നു. എം എസ് എമ്മിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന പരേതനായ ഡോ. എം സി സി അബ്ദുല്ല, അബ്ദുസ്സലാം എന്നിവരാണ് മൗലവിയുടെ മറ്റു മക്കള്‍.
കേരള മുസ്‌ലിംകളുടെ മതസാമൂഹ്യ വിദ്യാഭ്യാസ ജാഗരണത്തിനായുള്ള ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായ എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതം ചരിത്രമാക്കിയാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്.