Skip to main content

അഫ്ഗാനിസ്താന്‍

 

വിസ്തീര്‍ണം : 652,864 ചതുരശ്ര കി.മി.

ജനസംഖ്യ : 29,674,000 (2017)
അതിര്‍ത്തി : വടക്ക് തുര്‍ക്കുമനിസ്താന്‍, വടക്കു കിഴക്ക് ചൈന, കിഴക്കു തെക്ക് പാക്കിസ്താന്‍, പടിഞ്ഞാറ് ഇറാന്‍
തലസ്ഥാനം : കാബൂള്‍
മതം : ഇസ്‌ലാം
ഭാഷ : ദാരി, പഷ്‌തോ
കറന്‍സി : അഫ്ഗാനി
വരുമാനമാര്‍ഗം : കൃഷി
പ്രതിശീര്‍ഷ വരുമാനം: 680 ഡോളര്‍

ചരിത്രം :
ബി സി 600ല്‍ ആരംഭിക്കുന്ന ധന്യമായ ചരിത്രമാണ് ഈ ഗാന്ധാര രാജ്യത്തിനുള്ളത്. ഇന്ത്യന്‍, ഇറാനിയന്‍, ഗ്രീക്ക് ആധിപത്യങ്ങള്‍ക്ക് അഫ്ഗാന്‍ വഴങ്ങിയിട്ടുണ്ട്. ക്രിസ്തു വര്‍ഷം 642ല്‍ ഖലിഫ ഉമറി(റ)ന്റെ കാലത്ത് ഇസ്‌ലാമും ഇവിടെയെത്തി. ഇന്ത്യന്‍ തത്വചിന്തയും ശാസ്ത്രങ്ങളും മധ്യപൂര്‍വദേശത്തിന് പരിചയപ്പെടുത്തിയത് ഈ നാട് തന്നെ.

മുഗള്‍ രാജാവ് തിമൂറിന്റെ പിന്‍മുറക്കാരനായ ബാബര്‍ ഇന്ത്യ പിടിക്കാനെത്തുന്നത് കാബൂള്‍ കീഴടക്കിയ ശേഷമാണ്. ഇന്ത്യയിലെ മുഗള്‍ ഭരണത്തിനു കീഴിലായിരുന്നു അന്ന് അഫ്ഗാനിസ്താനും.

18ാം ശതകത്തില്‍ അഹ്മദ് ഷാഹ് അബ്ദാലിയാണ് അഫ്ഗാനെ സ്വതന്ത്ര രാജ്യമാക്കിയത്. വിവിധഗോത്രങ്ങളെ സംയോജിപ്പിച്ച് അദ്ദേഹം അഖണ്ഡ രാജ്യമാക്കി അഫ്ഗാനെ ശക്തിപ്പെടുത്തി. 1919ല്‍ അമാനുല്ലാ ഖാന്‍ തുര്‍ക്കിയിലെ മുസ്ത്വഫാ കമാലിനെ മാതൃകയാക്കി ഇവിടെ പരിഷ്‌കരണങ്ങള്‍നടപ്പാക്കാന്‍ ശ്രമിച്ചു. പക്ഷേ ജനം അത് തള്ളിക്കളഞ്ഞു. 1927ല്‍ അദ്ദേഹംപുറന്തള്ളപ്പെട്ടു.

1973 ജൂലൈ ഒന്നിന് സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ പര്‍ദാര്‍ മുഹമ്മദ് ഇബ്‌റാഹീം നിലവിലുള്ള ഭരണാധികാരി സഹീര്‍ഷായെ വധിച്ച് ഭരണം പിടിച്ചു. രാജവാഴ്ച അവസാനിപ്പിച്ച് അയാള്‍ സ്വയം പ്രസിഡന്റായി അവരോധിതനായി.

അഞ്ചു വര്‍ഷം പിന്നിട്ടില്ല, അപ്പോഴേക്കും വീണ്ടും വിപ്ലവം നടന്നു. നൂര്‍ മുഹമ്മദ് തറാക്കി അധികാരം പിടിച്ച് കമ്യൂണിസ്റ്റ് ഭരണം നടപ്പാക്കി. തുടര്‍ന്ന് സോവിയറ്റ് യൂണിയനാണ് ഭരണം നിയന്ത്രിച്ചത്. 1979 സെപ്തംബറില്‍ നൂര്‍ മുഹമ്മദിനെ പ്രധാനമന്ത്രി ഹഫീസുല്ല അമീന്‍ വധിച്ച് പ്രസിഡന്റ് പദത്തിലേറി. തുടര്‍ന്ന് ഹഫീസുല്ലയെ കൊലപ്പെടുത്തി ബാബ്രക് കാർമാലും ബാബ്രകിനെ തുരത്തി നജീബുല്ലയും അധികാരം പിടിച്ചു. എല്ലാം റഷ്യയുടെ കളിയായിരുന്നു.

ഒടുവില്‍ അഫ്ഗാനികള്‍ സഹികെട്ട് സോവിയറ്റ്, കമ്യുണിസ്റ്റ് ആധിപത്യത്തിനെതിരെ കലാപത്തിനിറങ്ങി. അഫ്ഗാന്‍ മുജാഹിദുകളുടെ ധീരോദാത്തമായ പോരാട്ടത്തിനു മുന്നില്‍ സുസജ്ജവും യന്ത്ര-ആയുധ ധന്യവുമായ സോവിയറ്റ് പട തോറ്റോടി. നജീബുല്ലയെ വധിച്ചു. ലോകത്തിനു മുന്നില്‍ അന്നത്തെ വന്‍ശക്തിയായ റഷ്യ നാണം കെട്ടു. 

1990 ഫെബ്രുവരി 15ന് റഷ്യ പിന്‍വാങ്ങുകയും ഇസ്‌ലാമിക സര്‍ക്കാറുണ്ടാക്കി സിബ്ഗത്തുല്ല മുജദ്ദിദി പ്രസിഡന്റാവുകയും ചെയ്തു; പിന്നീട് ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയും. എന്നാല്‍ അസ്വസ്ഥത വീണ്ടും പടര്‍ന്നു. 1996ല്‍ താലിബാന്‍ സേന റബ്ബാനിയെ പുറത്താക്കി അധികാരം പിടിച്ചു. മതപണ്ഡിതരുടെ നേതൃത്വത്തിലുള്ള ഭരണം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചാണെന്നായിരുന്നു താലിബാന്റെ അവകാശവാദം. ബുദ്ധപ്രതിമ തകര്‍ത്തും അമുസ്‌ലിംകള്‍ക്ക് വസ്ത്രനിബന്ധനയേര്‍പ്പെടുത്തിയും സ്ത്രീകള്‍ക്കെതിരെ അക്രമമാര്‍ഗം സ്വീകരിച്ചും വ്യവസ്ഥാപിത പഠനമാര്‍ഗങ്ങള്‍ നിഷേധിച്ചും ഭരണം ലോകവ്യാപകമായി എതിര്‍പ്പിനിടയാക്കി.

തുടര്‍ന്ന് ഈ നാട് ആഭ്യന്തര കലഹങ്ങളില്‍ മുങ്ങി. താലിബാനും അല്‍ഖാഇദയും അഹ്മദ്ഷാ മസ്ഊദിന്റെ നേതൃത്വത്തിലുള്ള സഖ്യവും തമ്മില്‍ നടന്ന യുദ്ധത്തിനിടെ പത്തുവര്‍ഷം കൊണ്ട് നാലു ലക്ഷത്തിലധികം അഫ്ഗാനികള്‍ക്കാണ് ജീവഹാനിയുണ്ടായത്.

2001ല്‍ യു എന്‍ നിയന്ത്രണത്തില്‍ ഹമീദ് കര്‍സാഇയുടെ നേതൃത്വത്തില്‍ ഭരണകൂടം വന്നു. നിഴല്‍ സര്‍ക്കാറായി താലിബാനുമുണ്ടായിരുന്നു മറു ഭാഗത്ത്. 2011ല്‍ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിന്‍ വധിക്കപ്പെട്ടതോടെ അഫ്ഗാനില്‍ യുദ്ധത്തിനറുതിയായി. 2014ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അശ്‌റഫ് ഗനി തിരഞ്ഞെടുക്കപ്പെട്ടതോടെ അഫ്ഗാൻ മണ്ണ് ശാന്തതയിലേക്കെത്തി. 2021ൽ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതോടെ അഫ്‌ഗാനിൽ നിന്ന് അമേരിക്കൻ സൈന്യത്തിന്റെ പൂർണ പിന്മാറ്റം പ്രഖ്യാപിച്ചു. അമേരിക്കൻ സൈന്യം പിന്മാറി തുടങ്ങാൻ ആരംഭിച്ചതും താലിബാൻ ശക്തിയാർജിച്ച് അഫ്‌ഗാന്റെ ഓരോ പ്രവിശ്യകളും പിടിച്ചെടുത്തു. 2021 ആഗസ്ത് മാസം തലസ്ഥാന നഗരമായ കാബൂളും കീഴടക്കി താലിബാൻ മുല്ല ഹസൻ അഖുന്ദിന്റെ നേതൃത്വത്തിൽ പുതിയ ഭരണനേതൃത്വം പ്രഖ്യാപിച്ചു.

അഫ്ഗാനില്‍ 99 ശതമാനവും മുസ്‌ലിംകള്‍. ഇവരില്‍ 90 ശതമാനം സുന്നികളും 8 ശതമാനം ശീഈ വിഭാഗവും.
 

Feedback