സുല്‍ത്താന്‍ ഇബ്‌റാഹീമിന്റെ പുത്രന്‍ അഹ്മദ് രണ്ടാമന്‍ സുലൈമാന്‍ രണ്ടാമന്റെ പിന്‍ഗാമിയായാണ് ഭരണത്തിലേറിയത് (ക്രി.1691-1695). 1643ല്‍ ജനിച്ച അഹ്മദ്, സുലൈമാനെപ്പോലെ തന്നെ മുഹമ്മദ് നാലാമന്റെ കൊട്ടാര തടങ്കലിലാണ് വളര്‍ന്നത്; 43 വര്‍ഷക്കാലം.
നാലു വര്‍ഷം മാത്രമേ അഹ്മദിന് ഭരിക്കാനായുള്ളൂ. എന്നാല്‍ നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. കര്‍ഷകര്‍ക്ക് ഇളവ് നല്‍കുംവിധം നികുതി വ്യവസ്ഥ പുനക്രമീകരിച്ചു. വിദേശനയത്തിലും മാറ്റം വരുത്തി. 'വിശുദ്ധ സഖ്യ'ത്തിന്റെ മുന്നേറ്റങ്ങള്‍ പ്രതിരോധിക്കാനും അഹ്മദിനു കഴിഞ്ഞു.
എന്നാല്‍ 1691ല്‍ ഇവരുമായി നടന്ന രക്തരൂഷിതമായ യുദ്ധത്തില്‍ കനത്ത നഷ്ടമാണ് തുര്‍ക്കി നേരിട്ടത്. 20,000 ഭടന്‍മാരും പ്രധാനമന്ത്രി ഫസ്ല്‍ മുസ്തഫ പാഷയും ഈ യുദ്ധത്തില്‍ മരണം വരിച്ചു.
1695 ഫെബ്രുവരി ആറിനായിരുന്നു അഹ്മദ് രണ്ടാമന്റെ വിയോഗം.