Skip to main content

മുസ്തഫ മൂന്നാമന്‍

തുടര്‍ച്ചയായ പരാജയങ്ങളാല്‍ യൂറോപ്യന്‍ ശാക്തികച്ചേരിയില്‍ ഇടം നഷ്ടപ്പെട്ട ഉസ്മാനിയാ സാമ്രാജ്യത്തെ ആധുനികവല്‍ക്കരിച്ച ഊര്‍ജസ്വലനായ ഭരണാധികാരിയാണ് മുസ്തഫ മൂന്നാമന്‍ (ക്രി.1757-1774). സുല്‍ത്താന്‍ അഹ്മദ് മൂന്നാമന്റെ മകനും ഉസ്മാന്‍ മൂന്നാമന്റെ പിന്‍ഗാമിയുമായ മുസ്തഫ മൂന്നാമന്‍ ക്രി. 1717ല്‍ അഡ്രിനയില്‍ ജനിച്ചു.

തന്റെ പ്രധാനമന്ത്രിയായി മുസ്തഫ മൂന്നാമന്‍ നിയമിച്ചത് റാഗിബ് പാഷ എന്ന പരിഷ്‌കരണ വാദിയെയാണ്. സാമ്രാജ്യത്തിനകത്തെ വകുപ്പുകളെയും സൈന്യത്തെയും ആധുനീകരിച്ചുകൊണ്ടാണ് അദ്ദേഹം യൂറോപ്യരോട് മത്സരിച്ചത്. ഗണിതത്തിനും ശാസ്ത്രത്തിനും പ്രത്യേകം അക്കാദമികള്‍ സ്ഥാപിച്ചു. പുതിയ കനാല്‍ പണിത് സമുദ്രഗതാഗതം എളുപ്പമാക്കി.

1769ല്‍ റഷ്യയുമായി നടന്ന യുദ്ധത്തില്‍ കനത്ത പരാജയം പിണഞ്ഞു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സൈനിക സ്‌കൂള്‍ സ്ഥാപിച്ച് കഴിവുള്ള രണധീരരെ വാര്‍ത്തെടുത്തു. ആയുധങ്ങളും സമ്പാദിച്ചു. പിന്നീട് നടന്ന യുദ്ധത്തില്‍ റഷ്യന്‍ സേനയെ പരാജയപ്പെടുത്തുകയും ചെയ്തു.

വിദ്യാസമ്പന്നനും ഭാവനാശാലിയായ കവിപുംഗവനുമായിരുന്ന സുല്‍ത്താന്‍ തുര്‍ക്കികളുടെ പ്രിയങ്കരന്‍ കൂടിയായിരുന്നു. നീതിനിഷ്ഠയും ജനക്ഷേമതല്‍പരതയുമാണ് മുസ്തഫ മൂന്നാമന്റെ സവിശേഷത. ഇസ്തംബൂളിന്റെ കിഴക്കന്‍ ഭാഗത്തെ തന്റെ മാതാവിന്റെ ശവകുടീരത്തിനു സമീപം മുസ്തഫ മൂന്നാമന്‍ നിര്‍മിച്ച പള്ളി തുര്‍ക്കി ശില്പഭംഗിയുടെ പ്രതിബിംബമാണ്.

17 വര്‍ഷത്തോളം ഭരണം നടത്തി ക്രി. 1774 ജനുവരി 21 (1187 ദുല്‍ഖഅ്്ദ 8)നാണ് അദ്ദേഹം ദിവംഗതനായത്.
 

Feedback