Skip to main content

സലീം ഒന്നാമന്‍

സുല്‍ത്താന്‍ സലീം ഒന്നാമനാണ് ബായസീദിന്റെ പിന്‍ഗാമിയായി അധികാരമേറ്റത് (ക്രി.1512-1520). സഹോദരന്‍മാര്‍ അഹ്മദ്, കര്‍കുദ് എന്നിവര്‍ അധികാരത്തിനായി ശ്രമം നടത്തിയെങ്കിലും വിഫലമായി.

സലീമിന്റെ കാലത്ത് സാമ്രാജ്യത്തിലേക്ക് പുതിയ രാജ്യങ്ങള്‍ ചേര്‍ക്കപ്പെട്ടു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഈജിപ്തും സിറിയയും ഇറാനും.

മൂന്ന് മുസ്‌ലിം ഭരണകൂടങ്ങളാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ഉസ്മാനികള്‍ക്കു പുറമെ ഈജ്പിതിലെ മംലൂക്കുകള്‍, ഇറാനിലെ സഫവിയ്യാക്കള്‍ എന്നീ രണ്ടു ഭരണ വര്‍ഗ്ഗങ്ങള്‍ (ശീഈ). ഇതില്‍ ഇറാനിലെ ശീഈ ഭരണത്തലവനായ ഷാ ഈസ്മാഈല്‍ ആത്മീയ പരിവേഷമണിയുകയും സൂഫിസത്തിലൂടെ ഇറാനികളെയും തുര്‍ക്കികളെയും തന്റെ ആകര്‍ഷണ വലയത്തിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇവരില്‍ ചിലര്‍ അനത്തോലിയയിലും മറ്റിടങ്ങളിലും കലാപത്തിന് ശ്രമിച്ചു. ഈജിപ്തിലെ മംലൂക് സുല്‍ത്താന്‍ ഇവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതാണ് ഇരുഭരണകൂടങ്ങള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ സലീമിനെ പ്രേരിപ്പിച്ചത്.

ക്രി. 1514ല്‍ ഷാ ഇസ്മാഈലിനെ പരാജയപ്പെടുത്തി. ദിയാര്‍ ബക്ര്‍, കുര്‍ദിസ്താന്‍, വടക്കന്‍ ഇറാഖ്,  സിറിയയിലെ ചില പ്രദേശങ്ങള്‍ എന്നിവ കീഴടക്കി. വൈകാതെ ഈജിപ്തിലേക്കും പോയി. മംലൂക് സുല്‍ത്താന്‍ കന്‍സോഗോറിയെ വധിച്ച് കെയ്‌റോ അധീനപ്പെടുത്തി. ഇതിനെതുടര്‍ന്ന് വിശുദ്ധ ഹറമുകളായ മക്കയും മദീനയും ഉസ്മാനിയാ ഖിലാഫത്തിനു കീഴില്‍ ചേര്‍ന്നു. ഹറമുകളിലെ പള്ളികളില്‍ സുല്‍ത്താന്റെ പേര് പരാമര്‍ശിച്ചു തുടങ്ങി. ഇരു ഹറമുകളുടെയും സേവകന്‍ (ഖാദിമുല്‍ ഹറമൈന്‍) എന്ന പദവിയും സ്വന്തമായി.

പേരില്‍ മാത്രം അധികാരമുണ്ടായിരുന്ന അബ്ബാസി ഖലീഫ മുതവക്കില്‍ ആറാമന്‍ ഖലീഫ പദവിയും അടയാളങ്ങളും സുല്‍ത്താനെ ഏല്പിച്ചു. ഇതോടെ ഉസ്മാനിയ സുല്‍ത്താന്‍മാര്‍ ഖലീഫ എന്ന പദവിക്കുകൂടി അര്‍ഹരായി.

നാവിക യുദ്ധങ്ങളില്‍ സലീമിനെ സഹായിച്ചിരുന്നത് അഡ്മിറല്‍ പീരിപാഷയെന്ന വിദഗ്ധ യോദ്ധാവായിരുന്നു.

റോഡ്‌സ് ദ്വീപ് പുര്‍ണമായും പിടിക്കാന്‍ പഴയ തലസ്ഥാനമായ അഡ്രീനയിലേക്കുള്ള സൈനിക യാത്രക്കിടെ 1520 സെപ്തംബര്‍ 22നായിരുന്നു സലീമിന്റെ മരണം.


 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446