അഹ്മദ് ഒന്നാമന്റെ മകനാണ് ഉസ്മാന്‍ രണ്ടാമന്‍ (ക്രി.1618-1622). പിതാവ് അഹ്മദിന്റെ മരണാനന്തരം പിതൃവ്യന്‍ മുസ്തഫ ഒന്നാമനാണ് സുല്‍ത്താനായത്. എന്നാല്‍ നാലുമാസത്തിനുശേഷം മുസ്തഫയെ പട്ടാളം ഇടപെട്ട് പുറത്താക്കി. ഇതോടെ ഉസ്മാന്‍ രണ്ടാമന്‍ ഭരണത്തിലെത്തി.
1604ല്‍ ജനിച്ച ഇദ്ദേഹം അധികാരത്തിലേറുമ്പോള്‍ പ്രായം 14 മാത്രം. അഞ്ചു ഭാഷകള്‍ വശമുണ്ടായിരുന്ന ഉസ്മാന്‍ പക്വതയോടെ രാജ്യം ഭരിച്ചു. കരാര്‍ ലംഘിച്ച പോളണ്ടിനെതിരെ അദ്ദേഹം സൈന്യത്തെ അയച്ചു. എന്നാല്‍ ഇന്‍കിശാരിയ സേന ദൗത്യത്തില്‍ പരാജയപ്പെട്ടു. ഒടുവില്‍ പോളണ്ടുമായി സന്ധി ചെയ്യേണ്ടിവന്നു. ഇത് ഉസ്മാന് അപമാനമായി.
ഇന്‍കിശാരിയ്യയെ പിരിച്ചുവിട്ട് പുതിയൊരു സേന രൂപീകരിക്കാന്‍ അദ്ദേഹം ഒരുങ്ങി. ഇത് മണത്തറിഞ്ഞ ഇന്‍കിശാരിയ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടക്കുകയായിരുന്നു. വൈകാതെ മരണപ്പെടുകയും ചെയ്തു; 1622ല്‍ കേവലം 18-ാം വയസ്സില്‍.