Skip to main content

മുറാദ് മൂന്നാമന്‍

സലീം രണ്ടാമന്റെ ആറുമക്കളില്‍ മുതിര്‍ന്നവനാണ് മുറാദ് മൂന്നാമന്‍. പിതാവിന്റെ മരണത്തോടെ ക്രി. 1574ല്‍ രാജ്യഭരണമേറ്റു (ക്രി.1574-1595).

അക്കാലത്ത് മദ്യപാനം സാര്‍വത്രികമായിരുന്നു. ഇതു നിര്‍ത്താന്‍ മുറാദ് നിയമം കൊണ്ടുവന്നു. എന്നാല്‍ പട്ടാളം എതിര്‍ത്തപ്പോള്‍ നിയന്ത്രണങ്ങളോടെ വീണ്ടും ഇതനുവദിക്കുകയായിരുന്നു ചെയ്തത്.

1578ല്‍ മൊറോക്കോവില്‍ ആഭ്യന്തരലഹളയുണ്ടായപ്പോള്‍ അവര്‍ മുറാദിനോട് സഹായം ആവശ്യപ്പെട്ടു. ലഹളക്കാര്‍ പോര്‍ച്ചുഗീസുകാരുടെ സഹായവും നേടി. പോര്‍ച്ചുഗീസുകാരെ നേരിട്ട തുര്‍ക്കി സൈന്യം വിജയിക്കുകയും മൊറോക്കോയില്‍ അവര്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തു.

സൈനിക കമാന്ററായ ഉസ്മാന്‍പാഷ താജികിസ്ഥാന്‍, ഉക്രൈന്‍, അസര്‍ബൈജാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് ഇക്കാലത്താണ്. 1577ല്‍ തന്റെ വിശ്വസ്തനായ പ്രധാനമന്ത്രി മുഹമ്മദ് പാഷ സുഖലൂലിയെ മുറാദ് വധിച്ചു. സുലൈമാന്‍, സലീം രണ്ടാമന്‍ എന്നിവരുടെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് പാഷയെപറ്റി ചിലര്‍ സുല്‍ത്താന്‍ മുമ്പാകെ കള്ള പ്രചരണം നടത്തി. ഇതില്‍ വീണുപോയി മുറാദ്. ഉസ്മാന്‍ പാഷയാണ് പിന്നീട് പ്രധാനമന്ത്രിയായത്.

മാതാവ് നൂര്‍ബനു സുല്‍ത്താന, ഭാര്യമാരിലൊരാളായ സഫിയ സുല്‍ത്താന എന്നിവര്‍ ഭരണ കാര്യങ്ങളില്‍ മുറാദിനെ സഹായിച്ചിരുന്നു. പുസ്തകങ്ങളെയും വിവിധ മേഖലകളെയും സ്‌നേഹിച്ച മുറാദ് 21 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 1595 ജനുവരി 16ന് അന്തരിച്ചു.


 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446