Skip to main content

കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം

മുസ്‌ലിം രാജ്യങ്ങളെ അക്രമിച്ചവരെല്ലാം താവളമാക്കിയത് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ എന്ന റോമന്‍ തലസ്ഥാനമായിരുന്നു. അതിനാല്‍ ആ നഗരം കീഴടക്കണമെന്നത് മുസ്‌ലിം ലോകത്തിന്റെ തീവ്രാഭിലാഷമായത് സ്വാഭാവികം മാത്രം. ഉസ്മാന്‍(റ) ഖലീഫയായിരിക്കെ മുആവിയ ഈ നഗരം പിടിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. അബ്ബാസികളും തുര്‍ക്കികളും ശ്രമിച്ചു. എന്നാല്‍ ബൈസന്ത്യന്‍ സേനയുടെ അനുവാദമില്ലാതെ ഒരു തോണിക്കുപോലും കടക്കാന്‍ കഴിയാത്ത സമുദ്രഭാഗങ്ങളില്‍ വലയം ചെയ്യപ്പെട്ട ഈ പുരാതന നഗരം നൂറ്റാണ്ടുകളോളം ആഭേദ്യമായി തന്നെ നിലനിന്നു.

എന്നാല്‍ 1451ല്‍ ഉസ്മാനീ സാമ്രാജ്യത്തിന്റെ അമരത്ത് വന്ന മുഹമ്മദ് രണ്ടാമന്റെ കരങ്ങളാല്‍, അസാധ്യമെന്ന് ലോകം വിധിയെഴുതിയ ആ അഭിലാഷം പൂവണിയുക തന്നെ ചെയ്തു; രണ്ടു വര്‍ഷത്തിനുള്ളില്‍.

യൂറോപ്പില്‍ നിന്നും വന്നേക്കാവുന്ന സഹായ സൈന്യങ്ങളെ തടയാന്‍ ബോസ്ഫറസ് കടലിടുക്കില്‍ ഒരു കോട്ട പണിതു ആദ്യം. അക്കാലത്തെ അറിയപ്പെട്ട ആയുധ നിര്‍മാതാക്കളെ വരുത്തി പീരങ്കികളും മോര്‍ട്ടാറുകളും മറ്റ് ആയുധങ്ങളും നിര്‍മിച്ചു. നാവികപ്പട സുശക്തമാക്കി. നഗരപ്രാന്തങ്ങള്‍ അരിച്ചുപെറുക്കി പഠനവിധേയമാക്കി.

1453 ഏപ്രിലില്‍ 320 കപ്പലുകളും 1,70,000 സമര്‍ഥരായ കാലാള്‍പടയും ഒപ്പം സുല്‍ത്താന്മാരുടെ അതിവിശ്വസ്തരായ ജാനിസാരികളും യുദ്ധസന്നദ്ധരായി.

അപ്പാരറ്റൈസ് പീരങ്കികള്‍ നഗരക്കോട്ടകളെ ഉന്നംവെച്ച് ഭീമാകാരങ്ങളായ കല്ലുകള്‍ വര്‍ഷിച്ചു. ഒപ്പം നഗരത്തിലെ തുറമുഖത്തേക്ക് പ്രവേശിക്കാനായി നാവികപ്പടയും നീക്കം തുടങ്ങി. എന്നാല്‍ തങ്ങളുടെ വിശുദ്ധ നഗരത്തിനു നേരെയുള്ള അക്രമണത്തെ റോമാക്കാര്‍ ഫലപ്രദമായി തടഞ്ഞു.

നാല്‍പതുനാള്‍ ഈ നില തുടര്‍ന്നു. നിരാശനായ മുഹമ്മദ് രണ്ടാമന്‍ തിരിച്ചുപോക്കിനൊരുങ്ങവെ ഒരു ശ്രമം കൂടി നടത്തി. അദ്ദേഹത്തിന്റെ സൈനിക പ്രതിഭയുടെ തെളിവായിരുന്നു അത്.

ബോസ്ഫറസ് കടലിടുക്കില്‍ നിന്നും ഗോള്‍ഡന്‍ ഹോണ്‍ തുറമുഖത്തേക്കുള്ള വഴിയില്‍ കപ്പലുകള്‍ക്ക് തടസ്സമായി ഭീമന്‍ ചങ്ങലകളുണ്ട്. ഇത് ഭേദിക്കാന്‍ സാധിക്കണം. അതുപക്ഷേ അസാധ്യമായിരുന്നു. പകരം ഒരു വഴി കണ്ടെത്തി സുല്‍ത്താന്‍.

ബോസ്ഫറസില്‍ നിന്ന് കരയിലൂടെ തുറമുഖത്തേക്ക് മരം കൊണ്ടുള്ള ഒരു റണ്‍വേ രഹസ്യമായി നിര്‍മിച്ചു. ആറ് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. അതുവഴി അറുപത്തിയേഴു കപ്പലുകള്‍, ജാനിസ്സരികള്‍ തക്്ബീര്‍ മുഴക്കി വലിച്ചുകൊണ്ടു വന്നു. ഗോള്‍ഡന്‍ ഹോണില്‍, ചങ്ങലക്കെട്ടുകള്‍ക്കപ്പുറത്ത്, നഗരഭിത്തിക്കടുത്ത് അവ ഇറക്കി. പ്രസ്തുത കപ്പലുകളില്‍ നിന്നുണ്ടായ നിരന്തരമായ പീരങ്കി പ്രയോഗത്തില്‍ നഗര ഭിത്തികള്‍ തകര്‍ന്നു വീണു. 1453 മെയ് 29ന്, നടന്ന ഉഗ്രപോരാട്ടം നഗരത്തിന്റെ വിധി നിര്‍ണയിച്ചു. അവസാനത്തെ ബൈസന്ത്യന്‍ ചക്രവര്‍ത്തിക്ക്, കീഴടങ്ങുകയല്ലാതെ പോംവഴിയില്ലാതായി. ജേതാക്കള്‍ തക്്ബീര്‍ മുഴക്കിയും അര്‍ധ ചന്ദ്രാങ്കിത പതാക ഉയര്‍ത്തിപ്പിടിച്ചും നഗരത്തില്‍ പ്രവേശിച്ചു.

1481 മെയ് 3ന് മുഹമ്മദ് രണ്ടാമന്‍ മരിച്ചു.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446