''ആളും അര്‍ഥവുമില്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെയുപേക്ഷിച്ച് താങ്കളെവിടെപ്പോകുന്നു?'' പിഞ്ചുപൈതലിനെ കൈയില്‍പിടിച്ച് ഹാജര്‍ പലവട്ടം ചോദിച്ചു. ഹൃദയവേദനയാല്‍ ഇബ്‌റാഹീമിന്റെ നാവനങ്ങിയില്ല,''അല്ലാഹുവിന്റെ കല്പന പ്രകാരമാണോ ഈ പലായനം?'' അവസാനമായി ഹാജര്‍ ചോദിച്ചപ്പോള്‍ ഇബ്‌റാഹീം പറഞ്ഞു: ''അതേ.''
ദിവസങ്ങള്‍ പിന്നിട്ടു. മുലപ്പാലും വറ്റിയപ്പോള്‍ ഹാജറിന്റെ മനം പിടച്ചുതുടങ്ങി. കരയുന്ന കുഞ്ഞിന്റെ വരണ്ട ചുണ്ടുകളെ നനക്കാന്‍ ഒരിറ്റു നീരിനായി അവര്‍ സഫായും മര്‍വയും നിരവധി വട്ടം കയറിയിറങ്ങി. മാതൃഹൃദയം തേങ്ങവെ, ഊഷരമായ ആ താഴ്‌വര നനയാന്‍ തുടങ്ങി; കുഞ്ഞിനെ കിടത്തിയിരുന്നതിന്റെ അടുത്തുനിന്നായി നിലക്കാത്ത ഉറവയായി സംസം പിറവിയെടുത്തു. ഇസ്മാഈലിനെ വാരിയെടുത്ത് നെഞ്ചിലമര്‍ത്തി ഹാജര്‍ അല്ലാഹുവിന് നന്ദിയോതി.
എണ്‍പത് പിന്നിട്ടിട്ടും മക്കളില്ലാത്തതിന്റെ ദുഃഖം ഇബ്‌റാഹീം(അ) അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിച്ചു: ''രക്ഷിതാവേ സദ്‌വൃത്തരില്‍ നിന്ന് എനിക്ക് നീ (മക്കളെ)നല്‍കേണമേ'' (37:100). വൈകാതെ അല്ലാഹു ഉത്തരവും നല്കി: ''അദ്ദേഹത്തിന് നാം വിവേകിയായ പുത്രനെക്കുറിച്ച് സന്തോഷ വാര്‍ത്തയറിയിച്ചു ''(37:101). വന്ധ്യയായ സാറയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇബ്‌റാഹീം അടിമയായ ഹാജറിനെ വിവാഹം ചെയ്തു. 86ാം വയസ്സില്‍ ദൈവിക വാഗ്ദാനം പിറന്നു, ഇസ്മാഈല്‍. ഇവരെയാണ് പിന്നീട് മക്കയില്‍ താമസിപ്പിച്ചത്.
ബാല്യം വിട്ട ഇസ്മാഈല്‍ പിതാവിനോടൊപ്പം ഓടിച്ചാടി നടക്കവെയാണ്, അവനെ ബലി നല്‍കണമെന്ന് അല്ലാഹു കല്പിക്കുന്നത്, ആവശ്യം അവനു മുന്നില്‍ വെച്ചപ്പോഴാണ് വിവേകിയായ പുത്രന്‍ പിതാവിനെ വിസ്മയിപ്പിച്ചത്:
''അവന്‍ പറഞ്ഞു; ഉപ്പാ, കല്പിക്കപ്പെട്ടതെന്തോ അത് താങ്കള്‍ ചെയ്‌തേക്കുക, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്നെ ക്ഷമാശീലരില്‍ അങ്ങയ്ക്കു കാണാം''(37:102).
കഅ്ബ നിര്‍മാണത്തിലും പിതാവിന്റെ നിഴലായി ഇസ്മാഈലുണ്ടായിരുന്നു. അവിടെത്തന്നെ അദ്ദേഹം വിവാഹ ജീവിതം നയിച്ചു. മക്കയും പരിസരവും അദ്ദേഹത്തിന്റെ സന്തതി പരമ്പരയാല്‍ നിബിഡമായി. ഒടുവില്‍ ഹിജാസ് മേഖലയിലേക്കു തന്നെ പ്രവാചകനായി ഇസ്മാഈല്‍ നിയോഗിക്കപ്പെട്ടതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ഈ പരമ്പരയിലാണ് മുഹമ്മദ് നബി(സ്വ)യും വരുന്നത്.
ഇസ്മാഈലിനെക്കുറിച്ച് ഖുര്‍ആന്‍ വിശദമായി പരാമര്‍ശിക്കുന്നില്ല.