Skip to main content

ശുഅയ്ബ് നബി(അ)

പ്രളയം ഒഴുക്കിക്കൊണ്ടുപോയ നൂഹി(അ)ന്റെ ജനതയെ അവര്‍ കണ്ടില്ല, കൊടുങ്കാറ്റില്‍ നിലംപരിശായ ആദ് ജനതയും അവര്‍ക്ക് പാഠമായില്ല, ഘോരശബ്ദത്താല്‍ നിലംപൊത്തിയ സമൂദുകാരും കല്‍വര്‍ഷത്താല്‍ കീഴ്‌മേല്‍ മിറഞ്ഞ് അപ്രത്യക്ഷരായ സദൂമുകാരും അവര്‍ക്ക് പിന്തിരിയാന്‍ പ്രേരണയായില്ല. സഹോദരന്‍ ശുഅയ്ബി(അ)ന്റെ സ്‌നേഹപൂര്‍വമായ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതെ മദ്‌യന്‍ സമൂഹം തന്നിഷ്ടം കാട്ടിത്തുടങ്ങി. അനിവാര്യമായ ദൈവിക ശിക്ഷയില്‍ അവരും വീടുകളില്‍ കമിഴ്ന്നു വീണു; ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം.

ഒരു പിതാവിനെപ്പോലെയാണ് ശുഅയ്ബ്(അ) അവരോട് സംസാരിച്ചത്: ''എന്റെ സമൂഹമേ, അല്ലാഹുവിനെ ആരാധിക്കണം നിങ്ങള്‍, അവനല്ലാതെ മറ്റൊരാരാധ്യന്‍ നിങ്ങള്‍ക്കില്ല. നിങ്ങളുടെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് വന്നിട്ടുണ്ട്. അതിനാല്‍ അളവും തൂക്കവും തികച്ചുകൊടുക്കണം നിങ്ങള്‍. ജനങ്ങളുടെ സാധനങ്ങളില്‍ നിങ്ങള്‍ കുറവാക്കരുത്. സംസ്‌കരണമുണ്ടാക്കിയ ശേഷം നിങ്ങള്‍ ഭൂമിയില്‍ നാശം വിതക്കരുത്''(7:85).

എന്നാല്‍ മദ്‌യന്‍കാരുടെ മറുപടി തട്ടുത്തരമായിരുന്നു: ''ശുഅയ്‌ബേ, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നവയെ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഇഷ്ടാനുസാരം ചെലവഴിക്കരുതെന്നും പറയാന്‍ നിന്നോട് കല്‍പിച്ചത് നിന്റെ നമസ്‌കാരമാണോ?, നീ ഒരു വിവേകിയും സഹനശീലനുമായിരുന്നല്ലോ?'' (11:87).

ജോര്‍ദാനിലെ മദ്‌യനിലാണ് ശുഅയ്ബിന്റെ സമൂഹം ജീവിച്ചിരുന്നത്. ഹിജാസിനു ചാരിയും സദൂം ജനത വസിച്ചിരുന്ന സ്ഥലത്തിനു സമീപത്തുമായിരുന്നു ഈ സ്ഥലം. മരങ്ങള്‍ നിറഞ്ഞ പ്രദേശക്കാര്‍ എന്നര്‍ഥം  വരുന്ന അസ്ഹാബുല്‍ ഐക്കത്ത് എന്നും ഖുര്‍ആന്‍ ഇവരെ പരിചയപ്പെടുത്തുന്നുണ്ട് (50:14).

കൃഷി, കച്ചവടം എന്നിവയായിരുന്നു ഇവരുടെ ജീവിത മാര്‍ഗം. കച്ചവടത്തില്‍ കാണിച്ച ദുരാചാരമാണ് ഇവരെ കുപ്രസിദ്ധരാക്കിയത്. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് മദ്‌യന്‍ ജനത ചൂഷക സമൂഹമായി. ഇത് സംസ്‌കാരം പോലെ സ്വീകരിച്ചു അവര്‍. വസ്തുക്കള്‍ വാങ്ങുമ്പോള്‍ അളവ് കൂട്ടുകയും വില്ക്കുമ്പോള്‍ തൂക്കം കുറയ്ക്കുകയും ചെയ്ത് ചിലര്‍ തടിച്ചുകൊഴുത്തു. വഴികളില്‍ പതിയിരുന്നു കച്ചവട സംഘങ്ങളുമായി ഏറ്റുമുട്ടി നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു.
ഇതിന് പുറമെയായിരുന്നു പാരമ്പര്യത്തിന്റെ പേരുപറഞ്ഞുള്ള ബഹുദൈവാരാധനയും. ഏകദൈവത്തെ ധിക്കരിച്ച് അവര്‍ പലദൈവങ്ങളെ ഉപാസിച്ചു. ഈ സാഹചര്യത്തിലാണ് ഇസ്ഹാഖ് നബിയുടെ പരമ്പരയില്‍ വരുന്ന ശുഅയ്ബി(അ)നെ അല്ലാഹു ദൂതനായി ഇവരിലേക്ക് നിയോഗിച്ചത്.

ശിക്ഷയായി ഘോരശബ്ദം

സമൂഹത്തിന്റെ ആരാധനാരംഗത്തെ വഴിപിഴക്കലിനും സാമ്പത്തികരംഗത്തെ ചൂഷണത്തിനുമെതിരെ ശുഅയ്ബ്(അ) ഉദ്‌ബോധനം തുടങ്ങി. അവരെ വിവേകിയും വിനയശാലിയുമായിക്കണ്ട് ആദരിച്ചിരുന്ന ആ സഹോദരനെ സമൂഹം അകറ്റാനും ഭീഷണിപ്പെടുത്താനും തുടങ്ങി.

എന്നാല്‍ ശുഅയ്ബ്(അ) ക്ഷമ കൈവിടാതെ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു: ''എന്നെകൊണ്ട് കഴിയുന്ന നന്മയല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് അനുഗ്രഹം ലഭിക്കുന്നത് അല്ലാഹു മുഖേന മാത്രമാണ്. അവനിലേക്കു തന്നെ മടങ്ങുകയും ചെയ്യുന്നു''(11:88).

ഉപദേശം തിരസ്‌കരിച്ച സമൂഹത്തിന് ഗുണപാഠമാവട്ടെയെന്ന് ആശിച്ച് ചില കാര്യങ്ങളും ശുഅയ്ബ് ഓര്‍മിപ്പിച്ചു: ''പ്രിയ സമൂഹമേ, നൂഹിന്റെയും ഹൂദിന്റെയും സ്വാലിഹിന്റെയും നിങ്ങളില്‍ നിന്ന് അധികം അകലെയല്ലാത്ത ലൂത്വിന്റെയും ജനതകള്‍ക്ക് വന്നതുപോലുള്ള ശിക്ഷ നിങ്ങള്‍ക്കും വരാന്‍ എന്നോടുള്ള വിരോധം ഇടയാകാതിരിക്കട്ടെ. നിങ്ങള്‍ നാഥനോട് മാപ്പ് തേടൂ, അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യൂ. അവന്‍ കരുണാനിധിയാണ്, സ്‌നേഹധനനുമാണ്''(11:89,90).

എന്നാല്‍ സമൂഹം വിഡ്ഢിവേഷം കെട്ടുകയാണുണ്ടായത്. വ്യക്തമായ ഭാഷയില്‍ അധ്യാപകനെപ്പോലെ സംസാരിച്ച ദൈവദൂതനോട് അവര്‍ പറഞ്ഞു: ''ശുഅയ്‌ബേ, നീ പറയുന്നതില്‍ അധികവും ഞങ്ങള്‍ക്ക് മലസ്സിലാവുന്നില്ല, നീ ഒരു ബലഹീനന്‍ തന്നെ''(11: 91).

നീ മാരണബാധിതനാണ്, നീ ഒരു മനുഷ്യന്‍ മാത്രമാണ്, നീ കള്ളവാദിയാണ്, നീ സത്യവാനാണെങ്കില്‍ ആകാശത്തുനിന്നുള്ള ഒരു കഷ്ണം കൊണ്ടുവാ തുടങ്ങിയ സ്ഥിരം പല്ലവികളും സമൂഹം ആവര്‍ത്തിച്ചു(26:185- 187).

പ്രബോധനം തുടര്‍ന്നപ്പോള്‍ ഭീഷണിയും മുഴക്കി. ''നിന്റെ കുടുംബക്കാരില്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലുമായിരുന്നു. നീ ഞങ്ങള്‍ക്ക് അത്രവലിയ പ്രതാപിയൊന്നുമല്ല''(11:91).
മദ്‌യന്‍കാരുടെ അവധിയെത്തി. അവസാനമായി ഒന്നുകൂടി പറഞ്ഞു ശുഅയ്ബ്(അ): ''എന്റെ സമൂഹമേ, എന്റെ രക്ഷിതാവിന്റെ സന്ദേശം നിങ്ങള്‍ക്കു ഞാനെത്തിച്ചു. നിങ്ങളെ ഉപദേശിക്കുകയും ചെയ്തു. നിഷേധിക്കൂട്ടത്തിനുമേല്‍ ഇനി ഞാനെന്തിന് ദുഃഖിക്കണം''(7:93).

അല്ലാഹുവിന്റെ കല്പന ഘോരശബ്ദത്തിലെത്തി. നേരം പുലര്‍ന്നപ്പോള്‍ മദ്‌യന്‍ ജനത അവരുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. അവിടെ അങ്ങനെയൊരു ജനത വസിച്ചിട്ടേയില്ലാത്തതുപോലെയായി മദ്‌യന്‍. ശുഅയ്ബി(അ) നെയും വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്തു.

(7:85-93), (11: 84-95),(26:176-191), (7: 7879) എന്നിവിടങ്ങളില്‍ മദ്‌യന്‍കാരുടെ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
 

Feedback