''ആ ഭീമന്‍ കല്ല് പിളര്‍ത്തി അതില്‍ നിന്ന് ഒരു ഒട്ടകത്തെ കൊണ്ടുവന്നാല്‍ നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കാം''. സമൂദിലെ പ്രമാണിമാരുടെ സഭയിലേക്ക് പ്രബോധനത്തിനായി കടന്നു വന്ന സ്വാലിഹി നോട് അവര്‍ മുഖവുരയില്ലാതെ പറഞ്ഞു. ഒട്ടകത്തിനുണ്ടായിരിക്കേണ്ട ഗുണവിശേഷണങ്ങളും അവര്‍ എണ്ണിപ്പറഞ്ഞു. പാറപിളര്‍ത്തി ഒട്ടകം വരില്ലെന്ന് അവര്‍ക്കറിയാം, പക്ഷേ, പ്രവാചകന്‍ സ്വാലിഹിനെ വിഡ്ഢിയാക്കലായിരുന്നു പ്രമാണിമാരുടെ ലക്ഷ്യം.
എന്നാല്‍ സ്വാലിഹ്(അ) വിട്ടില്ല: ''നിങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരം സംഭവിച്ചാല്‍, എന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാനും ഞാന്‍ കൊണ്ടുവന്നതിനെ അംഗീകരിക്കാനും നിങ്ങള്‍ സന്നദ്ധരാകുമോ?''. സംഭവിക്കെല്ലന്ന ഉറച്ച വിശ്വാസത്തില്‍ പ്രമാണിമാര്‍ ഒന്നടങ്കം പറഞ്ഞു: ''തീര്‍ച്ചയായും വിശ്വസിക്കും''.
ഉടനെ സ്വാലിഹ് പ്രാര്‍ഥനാനിരതനായി. സമൂഹത്തിന്റെ നന്മ കൊതിച്ച അദ്ദേഹം നാഥന്നു മുന്നില്‍ നമ്രശിരസ്‌കനായി. തേട്ടം അല്ലാഹു കേട്ടു. സ്വാലിഹ്(അ)നു നേരെ പരിഹാസ വാക്കുകള്‍ ചൊരിയാന്‍ കോപ്പുകൂട്ടുന്നതിനിടെ, ഒരു നിമിഷം, അവര്‍ അന്ധാളിച്ചുപോയി! കണ്‍മുന്നിലെ പാറക്കല്ല്, മെല്ലെ മെല്ലെ പിളര്‍ന്നു തുടങ്ങി, തുറിച്ചു തള്ളിയ അവരുടെ കണ്‍മുന്നിലേക്ക് പിളര്‍പ്പില്‍ നിന്ന് ഒരു ഒട്ടകം പുറത്തുവന്നു. അവര്‍ എണ്ണിപ്പറഞ്ഞ ഗുണഗണങ്ങള്‍ ഒത്തൊരുമിച്ച ജീവി!.
അനിഷേധ്യവും പ്രകടവുമായ ദൈവിക ദൃഷ്ടാന്തത്തിനു മുന്നില്‍ സമൂദിലെ പ്രമാണിമാരുടെ നാവിറങ്ങി, പക്ഷേ, അഹങ്കാരം അവരില്‍ മിക്ക ആളുകളെയും കീഴടക്കി. ഏതാനും പേരൊഴികെ മറ്റുള്ളവരെല്ലാം അക്രമപാതയില്‍ തന്നെ നിലകൊണ്ടു.
നാഗരിക സമൂഹമായിരുന്ന സമൂദ് (മദീനയില്‍ നിന്ന് 400 കിലോമീറ്ററോളം ദൂരം, തബൂക്ക് ഭാഗത്ത്) ഹിജ്‌റിലായിരന്നു വസിച്ചിരുന്നത്. മദാഈന്‍ പ്രദേശം എന്ന് ഇതറിയപ്പെടുന്നു വന്‍ മലകള്‍ തുരന്ന് ശില്പചാരുത വഴിഞ്ഞൊഴുകുന്ന ഗേഹങ്ങള്‍ അവര്‍ പണിതു, സുഖലോലുപതയില്‍ കഴിഞ്ഞ അവര്‍ പക്ഷേ, തങ്ങളുടെ കഴിവില്‍ അഹങ്കരിക്കുകയും സ്രഷ്ടാവിനു പകരം ശിലാവിഗ്രഹങ്ങള്‍ക്കു മുന്നില്‍ നമിക്കുകയും ചെയ്തു.
ഇവരിലേക്കാണ് പ്രവാചകന്‍ സ്വാലിഹ്(അ) നിയുക്തനാകുന്നത്. അതുവരെ സര്‍വരാലും ആദരിക്കപ്പെട്ടിരുന്ന സ്വാലിഹ്(അ) ദൈവദൂതനായി പ്രബോധനം തുടങ്ങിയതോടെ അവര്‍ക്കിടയില്‍ വെറുക്കപ്പെട്ടവനായി.
''അവര്‍ പറഞ്ഞു, സ്വാലിഹേ, ഞങ്ങളുടെ പിതാക്കളുടെ ദേവതകളെ ഞങ്ങള്‍ ആരാധിക്കുന്നത് നീ തടയുകയാണോ? നീ ക്ഷണിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ക്ക് സന്ദേഹമുണ്ട്, തീര്‍ച്ച'' (11:62).
നാശഗതി പ്രാപിച്ച ആദിന്റെ വഴി തന്നെയാണ് സമൂദിലെ പ്രമാണിമാരും സ്വീകരിച്ചത്. ''നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, അവനെ മാത്രം ആരാധിക്കുകയും വേണം, നിങ്ങളില്‍ നിന്ന് ഒരു പ്രതിഫലവും ഞാന്‍ ചോദിക്കുന്നില്ല, എനിക്കുള്ള പ്രതിഫലം നല്‍കുന്നത് അല്ലാഹുവാണ്. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാണ്'' സ്വാലിഹ്(അ) തന്റെ ജനതയോട് പറഞ്ഞു.
അപ്പോഴതാ വരുന്നു, ആരോപണങ്ങള്‍. നീ ഞങ്ങളെപ്പോലുള്ള മനുഷ്യന്‍ മാത്രമാണ് സ്വാലിഹ്. നീയിപ്പോള്‍ ആഭിചാരബാധിതനായിരിക്കുകയാണ്. അതുകൊണ്ട് നീ പറയുന്നത് സത്യമാണെങ്കില്‍ അതിന് തെളിവായി ഒരു ദൃഷ്ടാന്തം കൊണ്ടുവരൂ.
അങ്ങനെയാണ് ദൈവിക ദൃഷ്ടാന്തമായി പാറ പിളര്‍ത്തി അല്ലാഹു ഒട്ടകത്തെ പുറത്തുകൊണ്ടുവരുന്നത്. ദൃഷ്ടാന്തം കണ്ട് അന്ധാളിച്ച പ്രമാണിക്കൂട്ടത്തോടായി സ്വാലിഹ് പറഞ്ഞു: ''ഒട്ടകമിതാ, അതിനു ജലപാനം നടത്താന്‍ ഒരു ഊഴമുണ്ട്; നിങ്ങള്‍ക്കും ഊഴമുണ്ട്. നിശ്ചിത ദിനത്തില്‍ അതിന് യാതൊരു ദ്രോഹവും വരുത്തരുത്. ദ്രോഹിക്കുന്ന പക്ഷം കനത്ത ശിക്ഷ നിങ്ങളെ പിടികൂടും''(26:155,156).
ദിവസങ്ങള്‍ കഴിഞ്ഞില്ല. പട്ടണത്തിലെ, അക്രമത്തിന് കേളികേട്ട ഒമ്പതംഗ തെമ്മാടിസംഘം സ്വാലിഹി(അ)ന്റെ മുന്നറിയിപ്പ് അവഗണിച്ചു. ജലപാനത്തിനെത്തിയ ഒട്ടകത്തെ പിടികൂടി അവരില്‍ ഏറ്റവും ദുഷ്ടനായ ഒരാള്‍ അതിനെ അറുകൊലചെയ്തു. പിന്നെ സ്വാലിഹി(അ)നെ അപായപ്പെടുത്താനും പദ്ധതിയിട്ടു, അവര്‍ വെല്ലുവിളിക്കുകയും ചെയ്തു: ''നിന്റെ ശിക്ഷയൊന്നു കൊണ്ടുവരൂ''.
ധിക്കാരം കടുത്തതോടെ ദൈവ ശിക്ഷ അവര്‍ക്കുമേല്‍ അനിവാര്യമായി. ''(സ്വാലിഹ്)പറഞ്ഞു: നിങ്ങള്‍ മൂന്നു ദിവസം നിങ്ങളുടെ ഭവനങ്ങളില്‍ സൗഖ്യമനുഭവിച്ചുകൊള്ളൂ, പിറകെ ശിക്ഷ വന്നെത്തും. ഒരിക്കലും തെറ്റാത്ത വാഗ്ദാനമാണത്''(11:65).
രാത്രിയില്‍ ഉയര്‍ന്നു കേട്ട ഘോരശബ്ദം ഹിജ്‌റിനെ പിടിച്ചു കുലുക്കി. രാവ് പുലര്‍ന്നതോടെ ഹിജ്ര്‍ ശൂന്യമായി. സമൂദിലെ പ്രമാണിമാര്‍ മുഴുവന്‍ കമഴ്ന്നടിച്ചു വീണു. അവരുടെ പെരുമയുടെ വാസഗേഹങ്ങള്‍ നാശമടഞ്ഞു; അവിടെ അങ്ങനെയൊരു ജനത വസിച്ചിട്ടില്ലാത്തതുപോലെ. എന്നാല്‍ സ്വാലിഹി(അ)നെയും വിശ്വാസികളെയും നാഥന്‍ രക്ഷിക്കുകയും ചെയ്തു.
''അറിയുക, സമൂദ് അവരുടെ രക്ഷിതാവിനെ നിഷേധിച്ചു. അറിയുക, സമൂദിന് നാശം''(ഹൂദ് 68). നന്ദികേടിനുള്ള ശക്ഷയേറ്റുവാങ്ങിയ സമൂദ് ജനതയുടെ ദുരന്തത്തിന്റെ ബാക്കിപത്രമായി ഇന്നും അവരുടെ ശിലാഭവനങ്ങളുടെ അവശിഷ്ടങ്ങള്‍ ഹിജ്‌റിലുണ്ട്. 'മദാഈനു സ്വാലിഹ്' സുഊദി സര്‍ക്കാര്‍ പ്രത്യേകം വേലികെട്ടി സംരക്ഷിച്ചുവരുന്നു. സര്‍ക്കാറിന്റെ അനുമതിയോടെ അവിടം സന്ദര്‍ശിക്കാവുന്നതാണ്. ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമായി മദാഇന്‍ ഇന്നും നിലനില്‍ക്കുന്നു.