''നിനക്ക് വൈകല്യമില്ലാതിരിക്കെത്തന്നെ ജനത്തോട് നീ മൂന്ന് രാത്രികളില്‍ സംസാരിക്കാതിരിക്കും.'' മകന്‍ പിറക്കുമെന്ന സന്തോഷവാര്‍ത്ത വിശ്വസിക്കാന്‍ ദൃഷ്ടാന്തം ആവശ്യപ്പെട്ട സകരിയ്യ (അ)യോട് അല്ലാഹു പറഞ്ഞു.
സകരിയ്യ(അ) പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്ന് വിശ്വാസികളുടെ മുമ്പിലെത്തി. സംസാരിക്കാനൊരുങ്ങിയപ്പോള്‍ നാവ് അനങ്ങുന്നില്ല. അതിശയം! അദ്ദേഹം ആംഗ്യങ്ങളിലൂടെ വിശ്വാസികളെ ഉപദേശിച്ചു.
സന്തോഷവാര്‍ത്തയും ദൃഷ്ടാന്തവും സത്യപ്പെടുത്തി സകരിയ്യ(അ)യുടെ വന്ധ്യയായ ഭാര്യ പ്രസവിച്ചു, ഒരാണ്‍കുഞ്ഞ്; യഹ്‌യാ.
യഹ്‌യാ നബി(അ)യുടെ പ്രത്യേകതകള്‍ ഖുര്‍ആന്‍ എണ്ണിപ്പറയുന്നുണ്ട്. സകരിയ്യ(അ)യുടെ പ്രാര്‍ഥനയില്‍ ദൈവം നല്‍കിയ സമ്മാനം, പേരുനല്‍കിയത് അല്ലാഹു, അതു അവരെ ആരും വിളിച്ചിട്ടില്ലാത്ത നാമം, ശിശുവായിരിക്കെത്തന്നെ വേദഗ്രന്ഥവും വിജ്ഞാനവും നല്‍കി, ദൈവത്തില്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും പ്രത്യേകമായി നല്‍കപ്പെട്ടു, ധര്‍മനിഷ്ഠയുള്ളവനുമാക്കി. ജനിച്ചപ്പോഴും മരിച്ചപ്പോഴും സമാധാനം നല്‍കി. ജീവനോടെ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുമ്പോഴും സമാധാനം നല്‍കും. അതായിരുന്നു യഹ്‌യാ നബി(അ).
പിതാവ് സകരിയ്യ(അ)ക്കുശേഷം ഇസ്‌റാഈല്‍ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ടു യഹ്‌യാ(അ). ക്രൈസ്തവ സമൂഹം സ്‌നാപക യോഹന്നാന്‍ എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്.
യഹ്‌യാ നബി(അ)യുടെ പ്രബോധന ചരിത്രം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. ദൈവദൂതന്‍ എന്ന നിലയിലും പ്രവാചകനായ പിതാവിന്റെ വഴി പിന്തുടര്‍ന്നവനെന്ന നിലയിലും തന്റെ ജനതയെ അദ്ദേഹം ദൈവികമാര്‍ഗത്തിലേക്ക് നിരന്തരം ക്ഷണിച്ചു. വനമേഖലയിലും മരുഭൂമികളിലും വസിക്കുന്നവരിലായിരുന്നു അദ്ദേഹം കൂടുതലും പ്രബോധനം നടത്തിയത്.
ബൈബിള്‍ കഥ ഇങ്ങനെ. അക്കാലത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹെറോഡിന്റെ കൈകളാല്‍ യഹ്‌യാ(അ) വധിക്കപ്പെടുകയായിരുന്നു. കുറ്റം ചുമത്തി ചക്രവര്‍ത്തി യഹ്‌യാ(അ)യെ ജയിലിലടച്ചിരുന്നു. ഇതിനിടെ, ഹെറോഡ് തന്റെ കൊട്ടാരത്തില്‍ ഒരു സത്കാരം നടത്തി. ഇതില്‍ ചക്രവര്‍ത്തിയുടെ സഹോദര പുത്രി നൃത്തം ചെയ്തു. നൃത്തം കണ്ട് അതിശയിച്ചു പോയ ഹെറോഡ്, നര്‍ത്തകി ചോദിക്കുന്ന സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ചു. യഹ്‌യാ(അ)നബിയോട് മുന്‍ വൈരാഗ്യമുണ്ടായിരുന്ന നര്‍ത്തകി ആവശ്യപ്പെട്ടത് വിചിത്രമായ സമ്മാനമായിരുന്നു യഹ്‌യാ(അ)യുടെ ശിരസ്സ്!.
ചക്രവര്‍ത്തിക്ക് വാക്ക് ലംഘിക്കാനായില്ല. യഹ്‌യാ(അ)യുടെ തലവെട്ടി താലത്തില്‍ വെച്ചു അയാള്‍ നര്‍ത്തകിക്ക് സമ്മാനിച്ചുവത്രെ.
ദമസ്‌കസിലെ ഉമയ്യ മസ്ജിദിലാണ് യഹ്‌യാ നബി(അ)യുടെ ഖബറിടം.