Skip to main content

ഇല്‍യാസ് നബി(അ)

''നിശ്ചയം, ഇല്‍യാസ് ദൂതന്‍മാരില്‍പെട്ടവന്‍ തന്നെ. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞു. നിങ്ങള്‍ക്ക് സൂക്ഷ്മത പാലിച്ചു കൂടേ. നിങ്ങള്‍ ഏറ്റവും മികച്ച സൃഷ്ടികര്‍ത്താവിനെ അവഗണിച്ച് 'ബഅ്‌ലി'നെ വിളിച്ചു തേടുകയാണോ? അല്ലാഹു നിങ്ങളുടെ രക്ഷിതാവാണ്, നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവാണ്''(സ്വാഫാത്ത് 123, 126).

ജൂത ഗ്രന്ഥങ്ങളില്‍ ഈലിയാ പ്രവാചകന്‍ എന്ന് പരിചയപ്പെടുത്തുന്ന ഇല്‍യാസ് നബി(അ) ഇസ്‌റാഈല്‍ ജനതയില്‍ നിയുക്തനായ ദൈവദൂതനാണ്. മൂസാനബി(അ)യുടെ സഹോദരന്‍ ഹാറൂന്റെ മകന്‍ യാസീന്റെ പുത്രനായാണ് ഇല്‍യാസ്(അ) ജനിക്കുന്നത്. ഇദ്ദേഹം ബഅ്‌ലബിലേക്കാണ് നിയുക്തനായത് ഇസ്‌റാഈല്‍ ജനതയില്‍ വിഗ്രഹാരാധന അടിയുറച്ച വേളയിലാണ് ഇല്‍യാസ്(അ) ദൈവിക സന്ദേശവുമായി വരുന്നത്. 'ബഅ്ല്‍' എന്ന ദേവന്റെ പ്രതിഷ്ഠയെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്. അദ്ദേഹം സമൂഹത്തെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ അവര്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. ഇക്കാര്യം ഖുര്‍ആന്‍ പറയുന്നു:

''അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു, അതിനാല്‍ അവര്‍ (ശിക്ഷക്ക്) കൊണ്ടുവരപ്പെടുകതന്നെ ചെയ്യും. കളങ്കമില്ലാത്ത ദൈവ ദാസന്‍മാരൊഴികെ''(സ്വാഫാത്ത് 127,128).

വിഗ്രഹാരാധനയില്‍ നിന്ന് വിരമിക്കാന്‍ വിസമ്മതിച്ച ജനങ്ങള്‍ക്കെതിരെ ഇല്‍യാസ് പ്രാര്‍ഥിച്ചു. പ്രാര്‍ഥന സ്വീകരിച്ച അല്ലാഹു അവര്‍ക്ക് മൂന്നു വര്‍ഷത്തോളം മഴ തടഞ്ഞു വെക്കുകയും അവരുടെ കൃഷി നശിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തു. വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ജനത ഒടുവില്‍ ഇല്‍യാസ്(അ)നെ സമീപിച്ച്, മഴക്കുവേണ്ടി അല്ലാഹുവിനോട് തേടണമെന്നും മഴ പെയ്താല്‍ നിന്നില്‍ വിശ്വസിക്കാമെന്നും അറിയിച്ചു.

ഇല്‍യാസ് പ്രാര്‍ഥിച്ചു, മഴ പെയ്തു, എന്നാല്‍ വാഗ്ദാനം ലംഘിച്ച ഇസ്‌റാഈല്‍ ജനത നന്ദികേടില്‍ തുടരുകയായിരുന്നു. ഒടുവില്‍ അവരെ ദൈവിക ശിക്ഷ പിടികൂടി(ഇബ്‌നു ഇസ്ഹാഖില്‍ ത്വബ്‌രി ഉദ്ധരിച്ചതാണ് ഈ ചരിത്രം).

സ്വാഫാത്തിനു പുറമെ സൂറ. അന്‍ആം 85ലും ഇല്‍യാസിനെ ഖുര്‍ആന്‍ സ്മരിക്കുന്നുണ്ട്.
 

Feedback