''ഞങ്ങള്‍ക്ക് ഒരു രാജാവിനെ അങ്ങ് നിശ്ചയിച്ചു തരൂ, നഷ്ടപ്പെട്ട നാടും സമ്പത്തും ഞങ്ങള്‍ക്ക് തിരിച്ചു പിടിക്കണം. ആ രാജാവിന്റെ കീഴില്‍ ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാം'' ശത്രു രാജാവിന്റെ പടയോട്ടത്തില്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഇസ്‌റാഈല്‍ ജനത തങ്ങളുടെ പ്രവാചകനോട് പറഞ്ഞു.
അങ്ങനെയാണ് ദൈവ നിശ്ചയപ്രകാരം ത്വാലൂത്ത് അവരുടെ രാജാവാകുന്നത്. ''അറിവും കഴിവും സ്വത്തുമില്ലാത്ത ത്വാലൂത്തിനെ രാജാവാക്കുകയോ?'' ഇസ്‌റാഈല്യര്‍ അവരുടെ സ്വഭാവം പ്രകടിപ്പിച്ചു. ''അതെ, ആരെ രാജാവാക്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുക'' പ്രവാചകന്‍ അവരെ അടക്കിയിരുത്തി.
ക്രൂരനായ ജാലൂത്തിനെ(ഗോലിയാണ്) നേരിടാന്‍ താലൂത്തിന്റെ നേതൃത്വത്തില്‍ അവര്‍ പുറപ്പെട്ടു. ഇസ്‌റാഈല്യരുടെ നന്ദികേട് നന്നായറിയുന്ന ത്വാലൂത്ത് അത് പരീക്ഷിക്കാനുറച്ചു. കാതങ്ങളോളം നടന്ന് ക്ഷീണിച്ച സൈന്യം നദിക്കരയിലെത്തി. ദാഹിച്ചു വലഞ്ഞ അവരോട് ത്വാലൂത്ത് പറഞ്ഞു: ''നദിയില്‍നിന്ന് ആരും വെള്ളം കുടിക്കരുത്, വേണമെങ്കില്‍ ഒരു കൈക്കുമ്പിള്‍ കുടിക്കാം''.
എന്നാല്‍ ചെറിയൊരു വിഭാഗമൊഴികെ എല്ലാവരും വെള്ളം കുടിച്ചു. വെള്ളം കുടിച്ചവരെ ഒഴിവാക്കി സൈന്യം യാത്ര തുടര്‍ന്നു. ജാലൂത്തിന്റെ സൈന്യത്തെ കണ്ടതോടെ പേടിച്ച് കുറേപേര്‍ പിന്‍മാറുകയും ചെയ്തു. എന്നാല്‍ അവശേഷിച്ച ചെറിയ സംഘത്തെയും നയിച്ച് ത്വാലൂത്ത് ജാലൂത്തിനെ എതിരിട്ടു.
അത്ഭുതം സംഭവിച്ചു. അല്ലാഹുവിന്റെ സഹായത്താല്‍ ത്വാലൂത്ത് ഫലസ്തീന്‍ തിരിച്ചു പിടിച്ചു. ഇസ്‌റാഈല്‍ ജനതയുടെ പേടി സ്വപ്നമായിരുന്ന ജാലൂത്തിനെ വകവരുത്തിയത് യുവ സൈനികനായിരുന്ന ദാവൂദായിരുന്നു. അങ്ങനെ ദാവൂദ് അവരുടെ വീരനായകനും പിന്നീട് ഫലസ്തീന്റെ രാജാവുമായി (2: 246-251 ന്റെ സംഗ്രഹം).
ഇസ്‌റാഈല്‍ ജനതയെ ഒരു കുടക്കീഴില്‍ അണിനിരത്തി ഫലസ്തീനില്‍ ശക്തമായ ഭരണകൂടം സ്ഥാപിച്ച ദാവൂദിനെ അല്ലാഹു പ്രവാചകനായി തെരഞ്ഞെടുത്തു. ഒട്ടേറെ അമാനുഷിക സിദ്ധികള്‍ നല്‍കി അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കുകയും ചെയ്തു.
അമാനുഷിക സിദ്ധികള്‍
തനിക്ക് ലഭിച്ച വേദഗ്രന്ഥമായ സബൂര്‍ ശ്രവണ മനോഹരമായി പാരായണം ചെയ്യാന്‍ അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു. അദ്ദേഹം ദൈവസ്തുതികളില്‍ മുഴുകുമ്പോള്‍ മലകളും പക്ഷികളും അവ ഏറ്റുപറഞ്ഞിരുന്നു:''ശക്തനായ നമ്മുടെ അടിമ ദാവൂദിനെ ഓര്‍ക്കുക. അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ്. മലകളെ നാം അദ്ദേഹത്തിന് കീഴ്‌പെടുത്തി നല്‍കി. പ്രഭാത – സായാഹ്നങ്ങളില്‍(അദ്ദേഹത്തോടൊപ്പം) അവ കീര്‍ത്തനം ചെയ്യുന്നു. പറവകളും കൂട്ടമായി അദ്ദേഹത്തിന് വഴിപ്പെട്ടു. എല്ലാവരും അവനിലേക്ക് മടങ്ങുന്നവരാണ്''(സ്വാദ് 17 - 19).
ഇരുമ്പിന്റെ ആയുധങ്ങള്‍ പ്രചാരത്തിലില്ലാത്ത കാലമായിരുന്നു അത്. എന്നാല്‍ ഇരുമ്പിനെ മയപ്പെടുത്താനും അതില്‍ നിന്ന് വ്യത്യസ്ത തരം ആയുധങ്ങള്‍ നിര്‍മിക്കാനുമുള്ള വിദ്യയും അല്ലാഹു ദാവൂദി(അ)ന് പഠിപ്പിച്ചു. ഇരുമ്പിന്റെ പടയങ്കി അദ്ദേഹം നിര്‍മ്മിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു:
''ഇരുമ്പിനെ അദ്ദേഹത്തിന് നാം മയപ്പെടുത്തിക്കൊടുത്തു''(സബഅ് 10). ''യുദ്ധവിപത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉടുപ്പുണ്ടാക്കാന്‍ നാം അദ്ദേഹത്തെ അഭ്യസിപ്പിച്ചു''(അമ്പിയാഅ് 80).
അല്ലാഹു ദാവൂദിന് നല്‍കിയ മറ്റൊരു അനുഗ്രഹമായിരുന്നു തത്വജ്ഞാനവും വിദ്യയും. രാജാവ് എന്ന നിലയില്‍ പല കാര്യങ്ങളിലും വിധി പറയാനും അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും ഇത് അനിവാര്യമാണ്.
ഒരിക്കല്‍ ഒരു ആടിന്റെ ഉടമസ്ഥത സംബന്ധിച്ച കേസ് ദാവൂദിനു മുന്നിലെത്തി, പ്രതിയുടെ ഭാഗം കേള്‍ക്കാതെ വാദിയെ വിശ്വാസത്തിലെടുത്ത് ദാവൂദ്(അ) വിധി നല്‍കി. എന്നാല്‍ ഈ നിലപാട് തെറ്റാണെന്ന് അല്ലാഹു ശക്തമായ ഭാഷയില്‍ ദൂതനെ അറിയിച്ചു. ആ സംഭവം അനുസ്മരിച്ച് ഖുര്‍ആന്‍ പറയുന്നു:''ദാവൂദ്, താങ്കളെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധി കല്‍പ്പിക്കുക സ്വേച്ഛയെ പിന്‍പറ്റരുത്. അത് അല്ലാഹുവിന്റെ പാതയില്‍ നിന്ന് താങ്കളെ വ്യതിചലിപ്പിക്കും. ദൈവിക പാതയില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയുണ്ട്''(സ്വാദ് 26).
ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ദൂതന്‍ തെറ്റ് തിരുത്തുകയും മാപ്പിരക്കുകയും ചെയ്തു. അല്ലാഹു അത് പൊറുത്തുകൊടുത്തു. പിന്നീട് സൂക്ഷ്മതയോടെയായിരുന്നു ദാവൂദി(അ)ന്റെ വിധി പ്രസ്താവങ്ങള്‍.
രാജപദവിയിലായിരുന്നെങ്കിലും ദാവൂദ് സദാ അല്ലാഹുവിനെ സ്തുതിച്ചും അവന്റെ മുമ്പില്‍ നമിച്ചും കഴിഞ്ഞുകൂടി. ''സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നാണ് ദാവൂദ് ഭക്ഷണം കഴിച്ചിരുന്നതെന്ന്'' തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി 3417).
പുതിയ നിയമത്തില്‍ ഡേവിഡ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേദഗ്രന്ഥമായ സബൂറിനെ 'സങ്കീര്‍ത്തനങ്ങള്‍' എന്ന പേരിലും പരിചയപ്പെടുത്തുന്നു. സുലൈമാന്‍ നബി(അ) ദാവൂദി (അ)ന്റെ മക്കളിലൊരാളാണ്.
ബി.സി. 1040ല്‍ ബത്ത്‌ലഹേമില്‍ ജനിച്ച ദാവൂദ് 970ല്‍ ജറൂസലമില്‍ മരിച്ചതായും ജൂതരേഖകളില്‍ കാണുന്നു.