Skip to main content

മുഹമ്മദ് യൂസുഫ്

വര്‍ഷം 1930. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം.  ഉപ്പ് നിയമത്തിനെതിരെ ഉപ്പു കുറുക്കല്‍ സമരവും ഉപ്പു സത്യാഗ്രഹവും ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതോടെ സ്വാതന്ത്ര്യ സമര പോരാളികള്‍ വല്ലാത്ത ആവേശത്തിലായി.  ആ ആവേശക്കടലിലെ തിരയാകാന്‍ ആലപ്പുഴയില്‍ നിന്ന് കോഴിക്കോട് എത്തിയതായിരുന്നു ജോണ്‍ ഗോമസ് എന്ന ചെറുപ്പക്കാരന്‍.  ഒരു ആംഗ്ലോ ഇന്ത്യന്‍. കോഴിക്കോട്ടെ ഉപ്പു സത്യാഗ്രഹം ഒരു പുതിയ സ്വതന്ത്ര്യസമര സേനാനിയുടെ പിറവിക്ക് കൂടി കാരണമായി.  ജോണ്‍ ഗോമസ് എന്ന മുഹമ്മദ് യൂസുഫിന്റെ.

ഉപ്പു സത്യാഗ്രഹത്തിലും നിയമലംഘന സമരത്തിലും പങ്കെടുത്ത ജോണ്‍ ഗോമസ് ഒന്‍പതു മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.  എന്നാല്‍ ജയിലില്‍ പോകുന്നതിന് മുന്‍പ് തന്നെ ജോണ്‍ ഗോമസ് ഇസ്‌ലാം ആശ്ലേഷിച്ച് മുഹമ്മദ് യൂസുഫ് എന്ന പേര് സ്വീകരിച്ചു.  ജയിലില്‍ വെച്ച് ഇ.മൊയ്തുമൗലവിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അറബി, ഉര്‍ദു ഭാഷകള്‍ സ്വന്തമാക്കുകയും ചെയ്തു.

ജയില്‍ മോചിതനായതോടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കൂടെ ചേര്‍ന്നായി പോരാട്ടം.  വലതുപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തുവെങ്കിലും അതിനെ വീറോടെ മറികടന്ന് കെ.പി.സി.സി. അംഗമായി.

ജനസേവനത്തിനും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറുള്ള മുസ്‌ലിം യുവാക്കള്‍ കേരളത്തിലുണ്ടാകണമെന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഇവര്‍ പരിശ്രമിച്ചതിന്റെ ഫലമായി ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി (ഇസ്സ്) രൂപീകരിച്ചു.  കര്‍മ മേഖലയില്‍ അത്യുജ്വല പ്രകടനം കാഴ്ചവെച്ച ഇസ്സ്, രണ്ടാം ലോകമഹായുദ്ധകാലത്ത് അബ്ദുറഹ്മാന്‍ സാഹിബും നടുക്കണ്ടി മുഹമ്മദും, മുഹമ്മദ് യൂസുഫും ജയിലിലായതോടെ പ്രവര്‍ത്തനം മന്ദീഭവിച്ച് ക്രമേണ ഇല്ലാതായി.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്നണിയാളായിരുന്ന, തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിന്റെ ദിവാനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അതിനെ സഹായിക്കാന്‍ കെ.പി.സി.സി. പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് രണ്ടു ജാഥകളെ അങ്ങോട്ടയച്ചു.  അതിലൊന്നിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് യൂസുഫ് ആയിരുന്നു.  ജാഥാംഗങ്ങളെയും ക്യാപ്റ്റനെയും പോലീസ് അതി ക്രൂരമായി മര്‍ദിക്കുകയും ജാഥ തടയുകയും ചെയ്തു.

1941ല്‍ രാജ്യരക്ഷാ നിയമം അനുസരിച്ച് രാജ്യമെങ്ങും ധാരാളം അറസ്റ്റുകള്‍ നടന്നപ്പോള്‍ മുഹമ്മദ് യൂസുഫും അറസ്റ്റ് ചെയ്യപ്പെട്ടു.  എന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം അന്ന് നിയമവിരുദ്ധമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.  1942ല്‍ നിരവധി കമ്യൂണിസ്റ്റുകാരെ ജയില്‍ മോചിതരാക്കിയപ്പോള്‍ അദ്ദേഹവും മോചിതനായി.  തുടര്‍ന്ന് മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകനായ അദ്ദേഹം പാര്‍ട്ടിയുടെ അന്ധമായ സ്റ്റാലിന്‍ ഭക്തിയില്‍ മനംമടുത്ത് 1945ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.  പിന്നീട് മരണം വരെ ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധം പുലര്‍ത്തിയില്ല.

രാഷ്ട്രീയ വിപ്ലവകാരി എന്നതു പോലെ വിപ്ലവകരമായ ഒരു തൂലികയും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. അല്‍ അമീന്‍, ചന്ദ്രിക എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകമാണ് പിന്നീട് സിനിമയായ 'കണ്ടം ബെച്ച കോട്ട്'. മുഹമ്മദ് യുസുഫ് 1964 ആഗസ്ത് മൂന്നിന് തന്റെ 63-ാം വയസില്‍ അന്തരിച്ചു.
 

Feedback