Skip to main content

മഹ്മൂദ് അല്‍ ഹസന്‍

മുഹമ്മദ് ഹസന്‍ എന്നും അറിയപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തിലെ പണ്ഡിത കുടുംബത്തില്‍ 1851ല്‍ ജനനം. പിതാവ് മൗലാനാ മുഹമ്മദ് സുല്‍ഫിക്കര്‍ അലി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദ്യാഭ്യാസ വകുപ്പിലെ ഒരു അറബിക് പണ്ഡിതനായിരുന്നു. 

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് (1857)കുട്ടിയായിരുന്ന ഹസന്‍ പിതാവിനൊപ്പം മീററ്റിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയതും പിതാവില്‍ നിന്നാണ്. ജാമിഅ മില്ലിയ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനത്തിന് അടിത്തറ പാകിയത് മുഹമ്മദ് ഹസനാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഹകിം അജ്മല്‍ ഖാന്‍, മുക്തര്‍ അഹമ്മദ് അന്‍സാരി എന്നിവരാണ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. ഖുര്‍ആന്‍ വിവര്‍ത്തകന്‍ എന്ന നിലയിലും മുഹമ്മദ് ഹസന്‍ പ്രശസ്തനാണ്.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട മുസ്‌ലിം പണ്ഡിതനാണ് മുഹമ്മദ് ഹസന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ 'ഷെയ്ഖ് അല്‍ ഹിന്ദ്' ആയി ഖിലാഫത്ത് പ്രസ്ഥാനം പേരിട്ടുവിളിച്ചത് മുഹമ്മദ് ഹസനെയായിരുന്നു.  ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി ഭരണത്തിനെതിരെ ബ്രിട്ടന്‍ യുദ്ധം ചെയ്യാനൊരുങ്ങിയപ്പോള്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായിരുന്ന ഹസന്‍ വിദ്യാര്‍ഥികളെ അണിനിരത്തി ബ്രിട്ടനെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. 

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളായ മുഹമ്മദ് അലി, ഷൗക്കത്ത് അലി എന്നിവര്‍ ചേര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍ ബ്രിട്ടനെതിരെ സായുധ കലാപത്തിന് കോപ്പു കൂട്ടുകയായിരുന്നു മുഹമ്മദ് ഹസന്‍ ചെയ്തത്. മൗലാനാ ഉബൈദുല്ല സിന്ധി, മൗലാനാ മുഹമ്മദ് മിയാന്‍ മന്‍സൂര്‍ അന്‍സാരി തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിന്റെ അനുയായികളായിരുന്നു. ഇന്ത്യക്ക് പുറത്ത് ബ്രിട്ടനെതിരെ പ്രചാരണം നടത്തുന്നതിന് ഇവരെയായിരുന്നു ഹസന്‍ നിയമിച്ചിരുന്നത്. തുര്‍ക്കിയുടെ പിന്തുണ ലഭിക്കുന്നതിനായി അദ്ദേഹം ഹിജാസിലേക്ക് യാത്ര നടത്തി. തുര്‍ക്കി ഗവര്‍ണര്‍ ഖാലിബ് പാഷയുടെ ശക്തമായ പിന്തുണ ലഭിച്ച അദ്ദേഹം ബഗ്ദാദ്, ബലൂചിസ്താന്‍ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി പ്രക്ഷോഭങ്ങള്‍ ആസൂത്രണംചെയ്തു. ഇതാണ് 'സില്‍ക്ക് ലെറ്റര്‍ കോണ്‍സ്പിറസി' എന്ന് അറിയപ്പെടുന്നത്. രഹസ്യ നീക്കം ചോരുകയും മക്കയില്‍വെച്ച് പഞ്ചാബ് സി ഐ ഡികളുടെ പിടിയിലായ അദ്ദേഹം മാര്‍ഡയിലെ ജയിലിലടക്കപ്പെടുകയും ചെയ്തു. 

പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടിയ മുഹമ്മദ് ഹസന്‍ മൗലാനാ യാഖൂബ് ഇബ്‌നു മംലൂക് അലി, മൗലാന മുഹമ്മദ് ദയൂബന്ദി എന്നീ ഗുരുക്കന്‍മാരില്‍ നിന്നാണ് മത വിദ്യാഭ്യാസം നേടിയത്. പിന്നീട് അമ്മാവനും പണ്ഡിതനുമായ മൗലാന മെഹ്താബ് അലിയില്‍ നിന്നും ശിക്ഷണം ലഭിച്ചു. ദയൂബന്ദില്‍ ദാറുല്‍ ഉലൂം മദ്‌റസ ആരംഭിച്ചപ്പോള്‍ അദ്ദേഹമായിരുന്നു ആദ്യവിദ്യാര്‍ഥി. അവിടെ നിന്നാണ് അദ്ദേഹം മുക്തസര്‍ അല്‍ ഖുത്‌രി, ശര്‍ഹുത്തഹ്ദീബ് എന്നിവ പഠിച്ചത്. ശേഷം മുഹമ്മദ് ഖാസിം നദ്‌വിയുടെ കീഴില്‍ ഹദീസ് പഠനത്തിലേര്‍പ്പെട്ടു. 1873ല്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ നിന്ന്   ബിരുദം കരസ്ഥമാക്കി. 1874ല്‍ ദാറുല്‍ ഉലൂമിലെ അധ്യാപകനായി. 

മരണത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം മാര്‍ഡയിലെ ജയിലില്‍ നിന്ന് മോചിതനായത്. റൗലത്ത് ആക്ടിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കാലത്ത് മഹാത്മാഗാന്ധിയോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ബാധ്യതയാണെന്ന് അദ്ദേഹം ഫത്‌വയിറക്കിയിരുന്നു.

1920 നവംബര്‍ 30നാണ് അദ്ദേഹം അന്തരിച്ചത്.

Feedback