ഒരു സ്ത്രീയുടെ വീറും വീര്യവും എത്രത്തോളമുണ്ടെന്ന് ബ്രിട്ടീഷുകാരെ പഠിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത മഹിളാ രത്നമാണ് സൈറാ ബീഗം. അഭ്യാസത്തിലും വാള്‍പയറ്റിലും അസാമാന്യ പ്രതിഭയായിരുന്ന അവര്‍, ഉന്നം തെറ്റാതെ നിറയൊഴിക്കുന്നതില് അതി വിദഗ്ധയായിരുന്നു. ആ ആയുധ വൈദഗ്ധ്യവും പോരാട്ടവീര്യവും ബ്രിട്ടീഷുകാരെ നേരിടുന്നതില്‍ അവര്‍ക്ക് തുണയായി. ഡല്‍ഹിയില്‍ ചാന്ദ്നീ ചൗക്കില്‍ ഒരു മതപണ്ഡിതന്റെ മകളായിട്ടാണ് ജനിച്ചതെങ്കിലും വളര്‍ന്നത് ഒരു രാജകുമാരിയുടെ ഉശിരോടെയായിരുന്നു.
വര്‍ഷം 1857. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അമര്‍ഷം മൂത്ത് ഇന്ത്യന്‍ ജനത പടയെടുത്ത് പോരിനിറങ്ങിയ ആദ്യ യുദ്ധം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ചു ചേരുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ ആക്രമണരീതി കൈവരിക്കുകയും ചെയ്ത ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം. ബ്രിട്ടീഷുകാരുടെ ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ബഹദൂര്‍ഷാ സഫറിനെ തങ്ങളുടെ ചക്രവര്‍ത്തിയായി ഉയര്‍ത്തിക്കാട്ടി, 'സ്വാതന്ത്ര്യം ജന്മാവകാശമാണ്' എന്നുച്ചത്തിലുച്ചരിച്ച് പട നയിച്ച ഒരുവിഭാഗം ജനങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ശിപായികള്‍ എന്നുവിളിച്ച് അവരെ അധിക്ഷേപിച്ചെങ്കിലും ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഒരു വനിത ആ കൂട്ടത്തിലുണ്ടായിരുന്നു. ഇംഗ്ലീഷ് പട്ടാള മേധാവിയായിരുന്ന വൈ. ഡബ്ല്യൂ. ആര്. ഹെഡാന്‍ അവരെ വിശേഷിപ്പിച്ചത് 'സ്ത്രീരത്ന' മെന്നായിരുന്നു. എതിരാളികളെക്കൊണ്ടു പോലും പ്രശംസ പറയിപ്പിച്ച ആ ധീര വനിത സൈറാ ബീഗം ആയിരുന്നു.
ഒരു സ്ത്രീയും പ്രകടിപ്പിക്കാത്ത പോരാട്ട വീര്യമാണ് യുദ്ധസമയത്ത് സൈറാ ബീഗം പ്രകടിപ്പിച്ചത്. അതിനെക്കുറിച്ച് 'ഹെഡാന്‍' വിവരിക്കുന്നത് ഇപ്രകാരമാണ്.''യുദ്ധം ആരംഭിച്ചപ്പോഴേക്കും പട്ടാളമിറങ്ങി വെടിവെപ്പ് തുടങ്ങി. ആ വെടിവെപ്പില്‍ പലരും മരിച്ചു വീഴുകയും ചിതറിയോടുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യക്കാര്‍ക്കിടയില്‍ നിന്നും കുതിരപ്പുറത്ത് തോക്കും വാളുമേന്തി മുഖം മറച്ച് ഒരു വീര പോരാളി കടന്നു വരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ അവരുടെ കൈയിലുണ്ടായിരുന്ന നിറതോക്കുകള്‍ തീയുണ്ടകള്‍ വര്‍ഷിച്ചപ്പോള്‍ പിടഞ്ഞു വീണവര്‍ നിരവധി. തനിച്ചൊരു കുതിരപ്പുറത്തെത്തി ബ്രിട്ടീഷുകാരെ വെടിവെച്ചു വീഴ്ത്തിയ പോരാളിയായിരുന്നു സൈറാ ബീഗം''. ആളെ തിരിച്ചറിഞ്ഞുവെങ്കിലും പട്ടാളക്കാര്‍ക്ക് അവരെ പിടിക്കാനായില്ല. പിന്നീട് ദിവസങ്ങളോളം നടന്ന പോരാട്ടത്തിനൊടുവില്‍, തന്ത്രപരമായ കെണിയൊരുക്കി വളഞ്ഞു പിടിക്കുകയാണ് അവര്‍ ചെയ്തത്. തുടര്‍ന്ന് അംബാല ജയിലിലടക്കപ്പെട്ട ഈ ധീരവനിതയെ വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കു മരത്തിലേറ്റി.