ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും മുസ്്‌ലിംകളുടെ ഉന്നമനത്തിന് വേണ്ടിയും പ്രവര്‍ത്തിച്ച പോരാളിയും പണ്ഡിതനുമായിരുന്നു കെ.സി. കോമുക്കുട്ടി മൗലവി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1927ല്‍ എം.സി.സി. അബ്ദുറഹ്മാന്‍ മൗലവി, പി.കെ മൂസ മൗലവി തുടങ്ങിയവരുടെ കൂടെ കോഴിക്കോട്ടെ മദ്‌റസതുല്‍ മുഹമ്മദിയ്യയില്‍ അറബി അധ്യാപകനായി. എന്നാല്‍ അധ്യാപകനായിരിക്കെ മുസ്‌ലിംകള്‍ക്കിടയില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരില്‍ ഇവര്‍ മൂവരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി.
1900ല്‍ മലപ്പുറം ജില്ലയില്‍ ഒളവട്ടൂരില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് കോമുക്കുട്ടി മൗലവി ജനിച്ചത്. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന മൗലവി വാഴക്കാട് മാപ്പിള ഗവണ്‍മെന്റ് സ്‌ക്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. 1920ലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒറ്റപ്പാലം സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറിയ കെ.സി പക്ഷേ, 1921ലെ കലാപകാലത്ത് നാടുവിടാന്‍ നിര്‍ബന്ധിതനായി. ശേഷം കൊടുങ്ങല്ലൂരിലെത്തിയ അദ്ദേഹം അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടി. തുടര്‍ന്നാണ് മുഹമ്മദിയ്യയില്‍ ചേരുന്നതും പുറത്താക്കപ്പെടുന്നതും.
രാഷ്ട്രീയ രംഗത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അനുയായിയും ഇ.മൊയ്തു മൗലവിയുടെ സഹപ്രവര്‍ത്തകനുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1930-32ല്‍ ഗാന്ധിജി നേതൃത്വം നല്‍കിയ ഉപ്പ് സത്യാഗ്രഹത്തിലും സിവില്‍ നിയമലംഘനത്തിലും വിദേശവസ്ത്ര ബഹിഷ്‌കരണത്തിലും സജീവമായി നിലകൊണ്ടു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചാരപ്രവര്‍ത്തനങ്ങളും രഹസ്യ പ്രവര്‍ത്തനങ്ങളുമായി കരുക്കള്‍ നീക്കിയപ്പോള്‍ അതിന്റെയും തലപ്പത്ത് മൗലവി ഉണ്ടായിരുന്നു.
ഭൂരിഭാഗം മുസ്‌ലിംകളും ജിന്നയുടെ മുസ്്‌ലിം ലീഗിനെയും പാകിസ്താന്‍ വാദത്തെയും അനുകൂലിച്ചപ്പോള്‍ ലീഗിനെ ശക്തമായി എതിര്‍ക്കാന്‍ കോമുക്കുട്ടി മൗലവി ധൈര്യം കാണിച്ചു. അതിന്റെ ബാക്കിയെന്നോണം, 1960ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്്‌ലിം ലീഗുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ സ്വതന്ത്രനായി കോമുക്കുട്ടി മൗലവി മത്സരിച്ചു.
സ്വാതന്ത്ര്യ സമരത്തോടൊപ്പം തന്നെ രചനാ രംഗത്തും പ്രസിദ്ധീകരണ രംഗത്തും മൗലവി തന്റെ സാന്നിധ്യമറിയിച്ചു. 1928ല്‍ കോഴിക്കോട് യുവലോകം ബുക്‌സ്റ്റാളും യുവലോകം മാസികയും മൗലവി ആരംഭിച്ചു. 1944 വരെ പ്രസിദ്ധീകരണം തുടര്‍ന്ന യുവലോകം സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനും മുസ്്‌ലിം നവോത്ഥാനത്തിനും ഏറെ സഹായകമായി. അറബി മലയാളത്തില്‍ നിദ്വാമുല്‍ മുസ്്‌ലിം എന്ന മാസികയും മൗലവി പുറത്തിറക്കി. മലയാളത്തിലും അറബി മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച മൗലവി മൗലാനാ അബുല്‍ കലാം ആസാദിന്റെ രണ്ടു പുസ്തകങ്ങളടക്കം അഞ്ച് ഉര്‍ദു പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തി.
രണ്ടു ഭാര്യമാരിലായി അഞ്ചു മക്കളുണ്ട്. വലിയ സമ്പന്നനായിട്ടായിരുന്നു ജന്മമെങ്കിലും തന്റെ സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ചെലവഴിച്ച മൗലവി, 1967ല്‍ മരണമടഞ്ഞു.