Skip to main content

എം കെ ഹാജി

മത-സാമൂഹിക-സാംസ്‌കാരികനായകത്വത്തിന്റെ യോഗ്യതയുടെ മാനദണ്ഡത്തെക്കുറിച്ച ആധുനിക സങ്കല്പം തിരുത്തിക്കുറിച്ച ചരിത്രത്തിനുടമയാണ് മുന്നുകണ്ടം കുഞ്ഞഹമ്മദ് ഹാജി എന്ന എം കെ ഹാജി. കെ എം മൗലവി, സീതി സാഹിബ് തുടങ്ങിയവര്‍ക്കൊപ്പം ആദര്‍ശപ്രചാരണരംഗത്തും സാമൂഹിക സേവന, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും ജീവിതകാലം മുഴുവന്‍ നിറഞ്ഞുനിന്നു ആ കര്‍മയോഗി.

പരപ്പനങ്ങടി പാലത്തിങ്ങല്‍ മൂന്നുകണ്ടം അഹ്മദ്കുട്ടിയുടെയും വട്ടപ്പറമ്പന്‍ ബീവിയുടെയും മകനായി 1904 ല്‍ ജനിച്ചു. രണ്ടര വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരിച്ചു. ദാരിദ്ര്യവും അനാഥത്വവും പരുക്കനാക്കിയ വീഥിയിലായിരുന്നു എം കെയുടെ ശൈശവം. പഠനം തുടക്കത്തില്‍ തന്നെ നിര്‍ത്തേണ്ടിവന്നു. ഉമ്മ ഉണ്ടാക്കി കൊടുക്കുന്ന പത്തിരി വിറ്റായിരുന്നു ഉപജീവനം. വിവാഹശേഷം മദ്രാസില്‍ ഹോട്ടല്‍ തുടങ്ങുന്നത്വരെ സാമ്പത്തികമായി കടുത്ത പ്രയാസമനുഭവിച്ചിരുന്നു.

ഔപചാരിക മതവിദ്യാഭ്യാസമോ യോഗ്യതാപത്രങ്ങളോ ഇല്ലാതിരുന്നിട്ടും അദ്ദേഹം സമുദായത്തിലെഉന്നത പണ്ഡിതശ്രേണിയിലെത്തി. ദാരിദ്ര്യം വിദ്യാസമ്പാദനത്തിന് വിലങ്ങുതീര്‍ത്തിട്ടും ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് അടിത്തറപാകി. ജീവിതം അശരണരുടെആശ്രയമാക്കി മാറ്റി.  കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. 

തിരൂരങ്ങാടി യത്തീംഖാനയുടെ തുടക്കം

കാവ വിറ്റു നടന്നിരുന്ന അവസ്ഥയില്‍ നിന്നും ഹോട്ടലുകളുടെഉടമയായും തോട്ടപ്പണിക്കാരനില്‍ നിന്നും തോട്ടമുടമയായുമൊക്കെയുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും എം കെ ഹാജിക്ക് പിന്തുണ പകര്‍ന്നു ഭാര്യ ചുത്തക്കുട്ടി ഹജ്ജുമ്മ. തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും മാരകമായ കോളറ ഒട്ടേറെ മരണങ്ങള്‍ക്കിടയാക്കിക്കൊണ്ടിരുന്ന കാലം. ഏവരും ഭയചകിതരായി പിന്‍മാറി നിന്നു. എം കെ ഹാജിയും കെ എം മൗലവിയുമൊക്കെ ചേര്‍ന്ന് രോഗികള്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാനും മരിച്ചവരെ മറവ് ചെയ്യാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങി. നൂറ് കണക്കിന് കുട്ടികള്‍ അനാഥരായിക്കൊണ്ടിരിക്കുന്നതും പട്ടിണി പടരുന്നതും അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥമാക്കി. അവരെ സംരക്ഷിക്കുക എന്ന ആശയത്തോട് സമാനചിന്താഗതിക്കാരായ അന്നത്തെ ചില പണ്ഡിതന്മാരും നേതാക്കളും അനുഭാവം പ്രകടിപ്പിച്ചു. പണമായിരുന്നു വലിയ പ്രശ്‌നം പക്ഷെ അല്ലാഹുവിന്റെ സഹായത്തിലുള്ള പ്രതീക്ഷയില്‍ അദ്ദേഹം തന്റെ ഉദ്യമത്തിന് തുടക്കം കുറിച്ചു അതാണ് തിരൂരങ്ങാടി യതീംഖാനയുടെ തുടക്കം.

തുടക്കത്തില്‍ 16 കുട്ടികള്‍. എം കെ ഹാജി വീട് യതീംഖാനയ്ക്ക് വിട്ടുകൊടുത്തു. കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ തയ്യാറാക്കി. വളരെ ചെറിയ വീട്ടിലാണ് അന്ന് ഹാജിയും കുടുംബവും താമസിച്ചിരുന്നത്. 'യതീംകുട്ടികള്‍ക്ക് ഒരു വീടായിട്ടുമതി നമുക്ക് ഒരു വീടെന്ന്' പറഞ്ഞിരുന്ന ഹാജി അതു പാലിക്കുകയും ചെയ്തു.

അനാഥകുട്ടികളുടെ ഭക്ഷണകാര്യത്തിലും മറ്റ് സൗകര്യങ്ങളിലും ധാര്‍മിക സദാചാര നിഷ്ഠയിലും ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ഒരിക്കല്‍ യതീംഖാനയില്‍ അരിയില്ലാത്തതി നാല്‍ കുട്ടികള്‍ക്ക് കപ്പ നല്കുന്നത് കണ്ട അദ്ദേഹംനേരെ വിട്ടില്‍പോയി വീട്ടുകാരെക്കൊണ്ട് നെല്ല് കുത്തിച്ച്യതീംഖാനയിലേക്ക് അരിയെത്തിച്ചു.

ജാതിമത ഭേദമെന്യെ സമൂഹത്തിന്റെ വിദ്യാഭ്യാസോന്നമനം അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നു. അതിന്റെ സാക്ഷാത്കാരമാണ് തിരുരങ്ങാടിയിലെ വിദ്യാഭ്യാസ സമുച്ഛയം. പി എസ് എം ഒ കോളെജ്, ഓറിയന്റല്‍ ഹൈസ്‌കൂള്‍, സീതി സാഹിബ് ട്രൈനിംഗ് സെന്റര്‍, എല്‍ പി സ്‌കൂള്‍ തുടങ്ങിയവയുടെയൊക്കെ സംസ്ഥാപനത്തില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. എം കെ ഹാജിയുടെ സ്വപ്നങ്ങളിലൊന്നായിരുന്ന ആശുപത്രി പിന്നീട് അദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെയാണ് യാഥാര്‍ഥ്യമായത്. കോഴകളോ കൈക്കൂലിയോ ഒന്നുമില്ലാതെ ഈ സ്ഥാപനങ്ങളെല്ലാം സമൂഹത്തിന് മാതൃകയായി നിലകൊള്ളുന്നു.

21ലെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. തിരൂരങ്ങാടിയിലെ ഖിലാഫത്ത് വളണ്ടിയര്‍മാരില്‍ അന്ന് ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു എം കെ ഹാജി. അലി സഹോദരന്മാരെ കാണാന്‍ കോഴിക്കോട്ടേക്ക് കാല്‍നടയായി പോയിട്ടുണ്ട്. അധികാരം പലര്‍ക്കും ഒരു ദൗര്‍ബല്യമായ യുഗത്തില്‍ എം കെ ഹാജി വ്യത്യസ്തനായിരുന്നു.

മാരക രോഗം ബാധിച്ച് കിടപ്പിലായപ്പോഴും എം കെ ഹാജി അചഞ്ചലനായിരുന്നു. ആരാധനകളിലും മറ്റു പ്രാര്‍ഥനകളിലും മുഴുകി അദ്ദേഹം ആ കാലം ധന്യമാക്കി. ലിവര്‍ കാന്‍സര്‍ ബാധിച്ച് 1983 നവംബര്‍ അഞ്ചിനാണ് എം കെ ഹാജി വിടവാങ്ങിയത്. 

Feedback