കോഴിക്കോട് പട്ടണത്തിനും തെക്കപ്പുറത്തുകാര്ക്ക് പ്രത്യേകിച്ചും സുപരിചിതനായിരുന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു നാരാപറമ്പത്ത് അബു എന്ന 'അവുക്ക'.
പരപ്പനങ്ങാടി സ്വദേശി നാരാമ്പറത്ത് കുഞ്ഞനമ്മുവിന്റെയും തിരൂരങ്ങാടിയിലെ എമ്മീര്യത്തിന്റെയും പുത്രനായി 1901 ഒക്ടോബര്‍ 16 ആം തിയ്യതി തിരൂരങ്ങാടിയില്‍ ജനിച്ചു. പരപ്പനങ്ങാടിയിലെ പ്രൈമറി സ്കൂളിലെ പഠനത്തോടൊപ്പം ജുമുഅത്ത് പള്ളി ദര്സില് നിന്ന് പ്രാഥമിക മതവിജ്ഞാനവും നേടി. പന്ത്രണ്ടാം വയസ്സില്‍ കുടുംബം കോഴിക്കോട്ട് സ്ഥിര താമസമാക്കിയതോടെ കുണ്ടുങ്ങല്‍ മാപ്പിള എല്‍.പി.സ്കൂളില്‍ പഠനവും മുഹ്യദ്ദീന് പള്ളിയില്‍ പ്രസിദ്ധ മതപണ്ഡിതനായ കൊല്ലോളി അഹമ്മദ്കുട്ടി മുസ്ല്യാരുടെ കീഴില്‍ മതപഠനവും തുടര്‍ന്നു. പഠനശേഷം സ്വപരിശ്രമത്താല്‍ ഒരു തൊഴില്‍ സ്വീകരിച്ചു.
മലയോരങ്ങളില്‍ നിന്നും കല്ലായിലേക്ക് എത്തിക്കൊണ്ടിരുന്ന മരത്തടികള്‍ പണിത്തരങ്ങളായി മാറുമ്പോള്‍ ഈര്ച്ചവാളുകള് തള്ളിമാറ്റുന്ന പാര്‍ശ്വഭാഗങ്ങള്‍ക്ക് 'പുറാട്ട്' എന്നു പറയുന്നു. വിറകായി ഉപയോഗിച്ചിരുന്ന തടിമരം ഈര്‍ന്ന കഷ്ണങ്ങള്‍ ശേഖരിച്ച് കച്ചവടം ചെയ്തിരുന്നതിനാല്‍ അവുക്കയെ 'പുറാട്ട അവൂക്ക' എന്ന പേരിലറിയപ്പെടാനിടയായി.
കച്ചവടത്തോടൊപ്പം പൊതുപ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. മൗലനാ മുഹമ്മദലിയും ഷൗക്കത്തലിയും ആരാധ്യപുരുഷന്മാരായിരുന്നു. സ്വാതന്ത്ര്യബോധം ആവേശം പകര്‍ന്നപ്പോള്‍ ഖിലാഫത്ത് പ്രവര്‍ത്തകനായി. ഹോംറൂള്‍ പ്രസ്ഥാനം, കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനം എന്നിവയ്ക്ക് പുറമെ സ്വാതന്ത്ര്യസമരങ്ങളുടെ വിവിധ ഘട്ടങ്ങളിലെല്ലാം ബാല്യം മുതല്ക്കേ സജീവമായി പങ്കെടുത്തിരുന്നു. അബ്ദുറഹിമാന് സാഹിബ്, ഹസ്സന്‍കോയ മുല്ല, പൊന്മാടത്തു മൊയ്തീന് കോയ, കെ.പി. കേശവമേനോന്, കെ. മാധവമേനോന്, അവ്വ, മൊയ്തു മൗലവി, എ.വി.അഹമ്മദ് കോയ എന്നിവര്‍ അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ സഹപ്രവര്‍ത്തകരായിരുന്നു.
കേരള മുസ്ലിം ഐക്യസംഘം, മുസ്ലിം മജ്ലിസ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബൂക്ക 1921 ലെ മലബാര്‍ കലാപകാലത്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വോളണ്ടിയറായി സ്തുത്യര്‍ഹമായ സേവനം ചെയ്തു. 1923 ല്‍ അലി സഹോദരന്മാരുടെ മാതാവ് ബിയുമ്മ അദ്ധ്യക്ഷം വഹിച്ച തലശ്ശേരി ഖിലാഫത്ത് സമ്മേളനത്തില്‍ വളണ്ടിയറായി പങ്കുകൊണ്ടു. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സൈമണ്‍ കമ്മീഷന് ബഹിഷ്ക്കരണത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും മദ്യഷാപ്പ് പിക്കറ്റിംഗ്, വിദേശവസ്ത്ര ബഹിഷ്ക്കരണം, നിസ്സഹകരണ പ്രസ്ഥാനം എന്നിവയിലെല്ലാം സമരഭടനായിരുന്നു അവുക്ക. 1930 ല്‍ കോഴിക്കോട് വലിയങ്ങാടിയില്‍ അരങ്ങേറിയ വിദേശ വസ്ത്ര ബഹിഷ്ക്കരണത്തില്‍ അമ്പത് വോളണ്ടിയര്‍മാരോടൊപ്പം അറസ്റ്റ് വരിച്ചു.
1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കല്ലായിപാലം തകര്‍ക്കുക, ടിമ്പര്യാഡ് കത്തിക്കുക തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തു. 1942 സെപ്തംബര്‍ 17ആം തിയ്യതി കല്ലായി മരവ്യാപാര കേന്ദ്രത്തിന് തീകൊളുത്തി. 1943 സപ്തംബറില്‍ കീഴരിയൂര്‍ ബോംബ് കേസ്സില്‍ പ്രതിയാക്കി കല്ലായില്‍ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒമ്പത് മാസത്തെ ശിക്ഷക്കുശേഷം 1944 മെയ് 13ആം തിയ്യതി തെളിവില്ലാതെ വിട്ടയച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെയും കെ.പി.സി.സി.യുടെയും ഭാരവാഹിയായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റിതര ജനാധിപത്യ ഐക്യത്തിനുവേണ്ടി ശ്രമിച്ചു. 1959 ല്‍ നടന്ന വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
അബ്ദുറഹിമാന് സാഹിബിന്റെ ഏറ്റവും അടുത്ത അനുയായിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്കി. അവ പ്രാവര്‍ത്തികമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. അല്‍ അമീന് പത്രം തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ ഷെയര്‍ പിരിക്കാന്‍ ഒരുങ്ങി പുറപ്പെട്ടവരില്‍ പ്രധാനി അവുക്കയായിരുന്നു. അല്‍ അമീന് നിലനിന്ന് കാണാന്‍ അവക്ക് സഹിച്ച ഒച്ചപ്പാടില്ലാത്ത ത്യാഗം നിസ്സാരമായിരുന്നില്ല. സാഹിബ് അക്കാര്യം പലേടത്തും എടുത്തുപറഞ്ഞിട്ടുണ്ട്.
പുരോഗമനാശയക്കാരനായ അവുക്ക അനാചാരങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. 1928 ല്‍ ഇരുപതാം വാര്‍ഡില്‍ പാലക്കണ്ടി മൊയ്തീന് കോയയും ബി.എസ്.ടി. മുതലിയാരും സ്ഥാനാര്‍ഥികളായ നഗരസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍പ്പുകള്‍ വകവെക്കാതെ സ്ത്രീകളെ വോട്ട് ചെയ്യാന്‍ രംഗത്തിറക്കിയത് അവുക്കയുടെ നേതൃത്വത്തിലായിരുന്നു.
കോഴിക്കോട് മുനിസിപ്പല്‍ അംഗം, അബുല്‍ ഹഖ് ലൈബ്രറി, കേരള മുസ്ലിം ലിറ്ററേച്ചര്‍ സൊസൈറ്റി എന്നിവയുടെ ആജീവനാംഗം, കേരള മദ്യനിരോധന കമ്മിറ്റി പ്രസിഡണ്ട്, കുണ്ടുങ്ങല്‍ മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട്, കുണ്ടുങ്ങല്‍ ജി.യു.പി.സ്കൂള്‍ രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മരണത്തിനു മുമ്പ് അവസാന പത്ത് വര്‍ഷം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഡല്‍ഹി തൊട്ട് കേരളം വരെ നടന്ന ബോധവത്ക്കരണ പരിപാടികളില്‍ വാര്‍ദ്ധക്യം വകവെക്കാതെ പങ്കെടുത്തു. സ്വാതന്ത്ര്യ സമരസേനാനിയെന്ന നിലയില്‍ സര്‍ക്കാര്‍ താമപത്രം നല്കി ബഹുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സ്വാതന്ത്ര്യ സമര പെന്ഷന് ലഭിച്ചിരുന്നു.
പാറയില്‍ ഇമ്പിച്ചിപ്പാത്തുമ്മബിയാണ് ഭാര്യ. സാഹിത്യകാരനായ എന്‍.പി. മുഹമ്മദ്, കോണ്‍ഗ്രസ് നേതാവായ എന്‍.പി. മൊയ്തീന്, ഗ്വാളിയര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന അബ്ദുറഹിമാന് എന്നിവരടക്കം അഞ്ചുപേരാണ് സന്താനങ്ങള്‍.
1987 ഏപ്രില്‍ 1ആം തിയ്യതി എണ്‍പത്തിഏഴാം വയസ്സില്‍ കോഴിക്കോട്ടെ എണ്ണപ്പാടത്തുള്ള വസതിയില്‍ നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയും സഹപ്രവര്‍ത്തകനും ആത്മമിത്രവുമായ ഇ. മൊയ്തു മൗലവി അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. കണ്ണംപറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു.