''പ്രിയപ്പെട്ട പിതാവേ, സമാധാനപരവും അചഞ്ചലവുമായ ഒരു ഹൃദയംതന്ന് പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. എന്റെയും നിങ്ങളുടെയും ഈ നിസ്സഹായതയില്‍ മുറുമുറുക്കാനോ മനശ്ചാഞ്ചല്യം കാണിക്കുവാനോ പാടില്ല. ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തില്സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദര്‍ഭം. എന്നെ ജീവഹാനി കൊണ്ടാണെങ്കില്‍ നിങ്ങളെ സന്താനനഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു.''
ജീവിതം കൊണ്ട് ഇതിഹാസം രചിച്ച സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുല്‍ ഖാദറിനെ തൂക്കിലേറ്റുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്, അദ്ദേഹം പിതാവിനെഴുതിവെച്ച കത്തിലെ വരികളാണിത്. 1917 മെയ് 25ന് തിരുവനന്തപുരം ജില്ലയിലെചിറയിന്കീഴ് താലൂക്കില്‍ വക്കം ഗ്രാമത്തില്‍ ജനിച്ച അബ്ദുല്‍ ഖാദിര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപേരാട്ട ചരിത്രത്തില്‍ പ്രോജ്ജ്വലിച്ച് നില്ക്കുന്ന വ്യക്തിയാണ്. വാവക്കുഞ്ഞിന്റെയും ഉമ്മു സലമയുടെയും മകനായി പിറന്ന അബ്ദുല്‍ ഖാദര്‍ നെടുങ്ങരയിലെഎസ്.എന്‍.വി ഹൈസ്ക്കൂളില്‍ നിന്ന് മെട്രിക്കുലേഷന്പാസായി. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനായിരുന്നു. അധികാരികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ക്കെതിരെ മര്‍ദനം ശക്തിപ്പെടുത്തിയപ്പോള്‍ മലേഷ്യയിലേക്ക് നാടുവിട്ടു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ്, ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്നിവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പെനാംഗിലെ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചാര പ്രവര്‍ത്തനങ്ങളിലും യുദ്ധ തന്ത്രങ്ങളിലും പ്രാവീണ്യം നേടി.
ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ഇന്ത്യയില്‍ ചാരവൃത്തി നടത്തുന്നതിനുള്ള ചുമതലയേറ്റെടുത്തു കൊണ്ട് അബ്ദുല്‍ ഖാദര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് മടങ്ങി. കോഴിക്കോടിനടുത്തുള്ള താനൂര്‍ കടപ്പുറത്തിനടുത്ത് വെച്ച് പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കൈയിലുണ്ടായിരുന്ന രേഖകളുമായി അദ്ദേഹം കടലില്‍ ചാടി. പൂര്‍ണ്ണമായും രേഖകള്‍ നശിപ്പിച്ചതിനു ശേഷം പിടികൊടുത്ത അബ്ദുല്‍ ഖാദിറിനെ പോലീസ് മദിരാശിയിലേക്കും തുടര്‍ന്ന് ദല്‍ഹിയിലേക്കും കൊണ്ടുപോയി, മദിരാശി സെന്റ് ജോര്‍ജില്‍ തടവില്‍ പാര്‍പ്പിച്ചു.
അബ്ദുല്‍ ഖാദറിനെയും സുഹൃത്തുക്കളെയും രാജ്യദ്രോഹികളായി മുദ്രകുത്തി ഇ.ഇ മാക്ക് ജഡ്ജിയായുള്ള പ്രത്യേക കോടതി രഹസ്യ വിചാരണ നടത്തി.
ഒന്നാം പ്രതിയായിരുന്ന അബ്ദുല്‍ ഖാദറിന് കേസില്‍ ഒരു വക്കീലിനെ നിയമിക്കുന്നതിനു പോലും അനുവാദമുണ്ടായിരുന്നില്ല അദ്ദേഹമടങ്ങുന്ന അഞ്ച് പേര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിനതടവും വധശിക്ഷയും വധിച്ചു. 1943ഏപ്രില്‍ 1നാണ് സ്പെഷ്യല്‍ കോടതി ഈ വിധി പ്രസ്താവിച്ചത്.
ഔദ്യോഗികാംഗീകാരത്തിനായി ഹൈക്കോടതിയിലേക്കയച്ചു. അഞ്ചു വര്‍ഷത്തെ തടവ് ഒഴിവാക്കി പ്രതികളെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലാനായിരുന്നു 1943 ഏപ്രില്‍ 26ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ഈ വിധിയനുസരിച്ച് 1943 സെപ്തംബര്‍ 10ന് രാവിലെ മറ്റ് മൂന്നു പേരോടൊപ്പം അദ്ദേഹത്തെ തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അദ്ദേഹം പിതാവിനെഴുതിയ കത്ത് വിഖ്യാതമാണ്.
അബൂദാബി വക്കം മെമ്മോറിയല്‍ അസോസിയേഷന് അദ്ദേഹത്തിന്റെ സമരണാര്ഥം വക്കം ഖാദിര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം വക്കത്ത് ഒരു രക്തസാക്ഷി മണ്ഡപവും പണികഴിപ്പിച്ചിട്ടുണ്ട്.