സമ്പത്തിന്റെ സമൃദ്ധിയും അധികാരത്തിന്റെ സുഖങ്ങളും വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യ സമരഭൂമിയില്‍ മിന്നലായി മാറിയ വലിയ മനുഷ്യന്റെ പേരാണ് ഓടായപുറത്ത് ചേക്കുട്ടി സാഹിബ്. വിവിധ ഭാഷകളിലും വിവിധ വിഷയങ്ങളിലും പ്രാവീണ്യം പുലര്‍ത്തിയിരുന്ന ചേക്കുട്ടി സാഹിബ്, അതേ പ്രാവീണ്യം സ്വാതന്ത്ര്യ സമരത്തിലും പുറത്തെടുത്തു.
പഴയ പൊന്നാനി താലൂക്കിലെ കല്‍പകഞ്ചേരിയിലെ ആഢ്യ തറവാടുകളിലൊന്നായ ഓടായപ്പുറത്ത് വീട്ടിലാണ് സാഹിബ് ജനിച്ചത്. നാട്ടിലെ അറിയപ്പെടുന്ന നേതാവും പൗര പ്രമാണിയുമായിരുന്ന അഹ്മദ് സാഹിബ് ആണു പിതാവ്. ചെറുപ്പത്തില്‍ തന്നെ അറബിയിലും മലയാളത്തിലും പ്രാഗത്ഭ്യം നേടുകയും മതവിഷയങ്ങള്‍ നന്നായി മനസ്സിലാക്കുകയും ചെയ്ത അദ്ദേഹം അധികാരിയായി സ്ഥാനവും നേടി. അധികാരിയായിരിക്കെയാണ് ചേക്കുട്ടി സാഹിബിന് രാഷ്ട്രീയത്തില്‍ താല്‍പര്യം വര്‍ധിക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണമെന്ന ആഗ്രഹത്തോടെ ആനിബസന്റിന്റെ ഹോംറൂള്‍ ലീഗുമായി ബന്ധപ്പെട്ടു. അതോടുകൂടി അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം രാഷ്ട്രീയമായി മാറുകയും, വില്ലേജ് അധികാരിയുടെ പത്രാസും അധികാരവും നിറഞ്ഞ ഉദ്യോഗം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയാവുകയും ചെയ്തു.
1920ല്‍ മൗലാനാ മുഹമ്മദലി കോഴിക്കോട്ട് പ്രസംഗിച്ചപ്പോള്‍ ശ്രോതാവായി സദസിലുണ്ടായിരുന്ന അദ്ദേഹം സ്വാതന്ത്ര്യ സമരദൗത്യം എങ്ങനെയും നിറവേറ്റണമെന്ന ലക്ഷ്യത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. കല്പകഞ്ചേരി കോണ്‍ഗ്രസ് പ്രസിഡന്റായ ചേക്കൂട്ടി മലബാറിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കാനായി സ്വന്തം പണം ചെലവഴിച്ച് ഓടി നടന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി, 1921 മാര്‍ച്ച് മൂന്നിന് കല്പകഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ്- ഖിലാഫത്ത് സമ്മേളനത്തില്‍ മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. ചേക്കുട്ടി സാഹിബിന്റെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പ്രലോഭിച്ച് തങ്ങളുടെ ചേരിയിലാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.
അസാമാന്യ ബുദ്ധിവൈഭവം ഉണ്ടായിരുന്ന സാഹിബ് ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാര്‍ മാപ്പിളമാര്‍ മാത്രം പോരാട്ടത്തിലിറങ്ങിയാല്‍ പരാജയമാവുമെന്ന് മനസ്സിലാക്കിയിരുന്നു, അക്കാരണത്താല്‍ 1921ല്‍ മലബാര്‍ കലാപം ഒഴിവാക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹിന്ദു ജനങ്ങള്‍ക്കും ഭവനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍ ലഹള കഴിഞ്ഞപ്പോള്‍ ലഹളക്കാരനെന്ന് മുദ്രകുത്തി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയിലിനകത്ത് തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്‍കുന്നതിന് വേണ്ടി ശബ്ദിക്കുകയും കൂടെയുള്ളവര്‍ക്ക് അറിവ് നല്‍കുന്നതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്തു സാഹിബ്.
1937ല്‍ കോണ്‍ഗ്രസ് മന്തിസഭയുണ്ടായപ്പോള്‍ ചേക്കുട്ടി സാഹിബ് മോചിതനായി. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുത്ത ഇദ്ദേഹം കീഴരിയൂര്‍ ബോംബ് കേസില്‍ പ്രതിയാക്കപ്പെടുകയും നാടു വിടുകയും ചെയ്തു. 1946ല്‍ മദിരാശിയില്‍ കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിനെതിരെ വാറണ്ട് പിന്‍ വലിക്കപ്പെട്ടു. പിന്നീട് ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിനെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു.
വാതരോഗം വന്ന് കിടപ്പിലാവുന്നത് വരെ ചേക്കുട്ടി സാഹിബ് സ്വതന്ത്ര ഇന്ത്യയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1962ല്‍ അദ്ദേഹം അന്തരിച്ചു.