നിരവധി നേട്ടങ്ങളും ആദരങ്ങളും ലഭിച്ച മഹദ് വ്യക്തിത്വം. കുടുംബപരമായും വ്യക്തി പരമായും ഏറെ ഉന്നതിയില്‍ നില്ക്കുന്ന സാമൂഹിക നിലവാരം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയം തുടങ്ങി, ഇന്ത്യയുടെ രാഷ്ട്രപതിയായി അവരോധിക്കപ്പെട്ട് ആ സ്ഥാനത്ത് നില നില്ക്കെത്തന്നെയുള്ള മരണം. ജീവിതവും മരണവും ഒരുപാട് പ്രത്യേകതകളാല്‍ നിറച്ച വന്ദ്യ ശ്രേഷ്ഠനായിരുന്നു ഫക്റുദ്ദീന് അലി അഹ്മദ്.
1905 മെയ് 13ന് പഴയ ഡല്‍ഹിയിലാണ് ജനനം. പിതാവ് ഏറെ പ്രസിദ്ധനായിരുന്ന കേണല്‍ സല്‍നൂര്‍ അലിഅഹ്മദ്. അദ്ദേഹമായിരുന്നു ആദ്യമായി M.D കരസ്ഥമാക്കിയ വ്യക്തി. ലൊഹാരുവിലെ നവാബിന്റെ മകളായിരുന്നു മാതാവ്. ഉത്തര്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഹൈസ്കൂളുകളില്‍ മെട്രിക്കുലേഷന്‍ വരെ പഠിച്ച ഫക്റുദ്ദീന് ഉപരിപഠനം പൂര്‍ത്തിയാക്കിയത് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും കേംബ്രിഡ്ജിലെ സെന്റ് കാതറിന് കോളേജില്‍ നിന്നുമാണ്.
1925ല്‍ ലണ്ടനില്‍വെച്ച് നെഹ്റുവിനെ കണ്ടു മുട്ടിയ ഫക്റുദ്ദീന്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചു. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും മൂന്നര വര്‍ഷം ജയില്‍ വാസമനുഭവിക്കുകയും ചെയ്തു.
ഫക്റുദ്ദീന് അലി അഹ്മദ് സ്വാതന്ത്ര്യാനന്തരം 1952-53ല്‍ രാജ്യസഭാംഗമായി. അതിനുശേഷം ആസാമിലെ അഡ്വക്കറ്റ് ജനറലായിത്തീര്ന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1957 മുതല്‍ 1967 വരെ അദ്ദേഹം അസം നിയമസഭയിലേക്കും 1967ലും 71ലും ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കാബിനറ്റില്‍ കൃഷി-ഭക്ഷ്യ-സഹകരണ- വിദ്യാഭ്യാസ-വികസന-കമ്പനി-നിയമ-മേഖലകളില്‍ ശ്രദ്ധേയമായ നടപടികള്‍ കൈക്കൊ ള്ളുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഫക്റുദ്ദീന് അലി അഹ്മദ് 1974 ഓഗസ്റ്റ് 20ന് ഇന്ത്യന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ അഞ്ചാമത്തെയും മുസ്ലിം സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെയും പ്രസിഡണ്ടായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചതും. ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം പ്രസിഡന്റ് ആയിരിക്കെ 1977 ഫെബ്രുവരി 11 മരണപ്പെട്ടു. ആ സ്ഥാനത്തിരുന്ന് മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയുമായിരുന്നു ഫക്റുദ്ദീന് അലി അഹ്മദ്. നമസ്കാരത്തിനു വേണ്ടി ഒരുങ്ങുമ്പോള്‍ ഉണ്ടായ വീഴ്ചയില്‍ മരണം സംഭവിച്ച ഇദ്ദേഹത്തിന് മരിക്കുമ്പോള്‍ 72 വയസ്സായിരുന്നു.
ലഭിച്ച അംഗീകാരങ്ങള്‍
· ഓണററി ഡോക്ടറേറ്റ്- പ്രിന്നജീന യൂണിവേഴ്സിറ്റി, യൂഗോസ്ലാവ്യ- 1975.
· പ്രസിഡണ്ട്-അസം ഫുട്ബോള്‍ അസോസിയേഷന്, അസം ക്രിക്കറ്റ് അസോസിയേഷന്.
· വൈസ് പ്രസിഡണ്ട്-അസം സ്പോര്‍ട്സ് കൗണ്‍സില്‍.
· പ്രസിഡണ്ട്-ഓള് ഇന്ത്യാ ക്രിക്കറ്റ് അസോസിയേഷന് (1967).