മേലാളന്മാര്‍ക്കെതിരെയുള്ള എതിര്‍പ്പുകളുടെ രജത രേഖയാണ് അത്തന്‍ കുരിക്കളുടെ ജീവചരിത്രം. പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ പോരാട്ട വീര്യം മരണം വരെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറഞ്ഞു നിന്നു. 1749-1799 കാലത്ത് ടിപ്പുസുല്‍ത്താന്റെ ഭരണത്തിന്‍ കീഴിലായിരുന്നു മലബാര്‍. അമിതമായ നികുതി വ്യവസ്ഥയുടെ ഭാരം പേറിയ മലബാറുകാര്‍ അത്തന്‍ കുരിക്കളുടെ പിതാവിന്റെ നേതൃത്വത്തില്‍ മൈസൂര്‍ ഭരണത്തിനെതിരെ പോരാടി. എന്നാല്‍ അത്തന്‍ കുരിക്കളുടെ കുടുംബം തടവിലാക്കപ്പെട്ടു. 1790-92 ല്‍ നടന്ന ആംഗ്ലോ-മൈസൂര്‍ യുദ്ധസമയത്ത് അത്തന്‍ കുരിക്കളും കുടുംബവും രക്ഷപ്പെട്ട് നാട്ടിലെത്തി.
പോരാട്ട വീര്യവും ഇഛാശക്തിയും നേതൃപാടവവും വേണ്ടുവോളമുണ്ടായിരുന്ന അത്തന്‍ കുരിക്കള്‍ ബ്രിട്ടീഷുകാരുടെ കണ്ണിലുണ്ണിയായി. ആ ഇഷ്ടം അത്തന്‍ കുരിക്കളെ പോലീസ് മേധാവി സ്ഥാനത്തെത്തിച്ചു. 1797-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പോലീസ് മേധാവിയായി ഏറനാട്ടില്‍ നിയമിച്ചു. എന്നാല്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഉണ്ണിമൂസയുടെയും ചെമ്പന്‍ പോക്കരുടെയും സഹവാസം, അത്തന്‍ കുരിക്കളെ ക്രമേണ ബ്രിട്ടീഷ് വിരോധിയാക്കി മാറ്റി. അതോടെ കുരിക്കള്‍ പോലീസ് മേധാവിയെന്ന ഉദ്യോഗം ഉപേക്ഷിച്ചു.
തങ്ങളുടെ പക്ഷത്തു നിന്ന് ശത്രുപക്ഷത്തേക്ക് അത്തന്‍ കുരിക്കള്‍ മാറിയത് ബ്രിട്ടീഷുകാരെ വല്ലാതെ ചൊടിപ്പിച്ചു. എന്തു വില കൊടുത്തും അത്തന്‍ കുരിക്കളെ പിടിക്കണമെന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അദ്ദേഹത്തെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. പിടിച്ചു കൊടുക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേണല്‍ ബോണ്‍സിന്റെയും ക്യാപ്റ്റന്‍ വാട്ട്‌സിന്റെയും നേതൃത്വത്തില്‍ അത്തന്‍ കുരിക്കള്‍ക്കെതിരെ നടപടി തുടങ്ങിയ ബ്രിട്ടീഷുകാര്‍, അദ്ദേഹത്തെയും അനുയായികളെയും അമര്‍ച്ച ചെയ്യാന്‍ കിഴക്കേ കോവിലകത്തെ സാമൂതിരിയുടെ സൈനിക സഹായവും തേടി.
ഈ രണ്ട് സൈനിക ശക്തികളും ഒരുമിച്ച് ഒരേ സമയം അത്തന്‍ കുരിക്കളെയും സംഘത്തെയും നേരിട്ടെങ്കിലും ആ ധീര പോരാളിയെ കീഴ്‌പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ആയുധം കൊണ്ട് കുരിക്കളെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കിയ ഈസ്റ്റിന്ത്യാ കമ്പനി, അദ്ദേഹത്തെ പ്രലോഭനത്തിലൂടെ വശത്താക്കാന്‍ ശ്രമിച്ചു. പോലീസ് മേധാവിയായി നിയമിക്കാമെന്നും ഉയര്‍ന്ന തുക പെന്‍ഷന്‍ നല്‍കാമെന്നും ഒക്കെയുള്ള വാഗ്ദാനങ്ങളുമായി കമ്പനി കുരിക്കളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കുരിക്കളെ ഒരു തരത്തിലും കീഴ്‌പ്പെടുത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ കമ്പനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടി.
പഴശ്ശിരാജാവിന്റെ കൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഈ മൂവര്‍സംഘം പോരാടി. 1805 വരെ ഇത് നീണ്ടു നിന്നു. 1802 ല്‍ ഉണ്ണിമൂസ രക്തസാക്ഷിയായി. 1805 ല്‍ ചെമ്പന്‍ പോക്കരും ജീവന്‍ ബലി നല്‍കി. പിന്നാലെ പഴശ്ശിരാജയും വിടവാങ്ങിയതോടെ അത്തന്‍ കുരിക്കളുടെയും അനുയായികളുടെയും ശക്തി ക്ഷയിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരേ ദീര്‍ഘകാലം പോരാടിയ അത്തന്‍ കുരിക്കളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കരുതുന്നു.