Skip to main content

ബോറകള്‍

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശിആ കക്ഷികളിലെ ഇസ്മാഈലീ വിഭാഗത്തില്‍ നിന്നു രംഗത്തു വന്ന ഗ്രൂപ്പാണ് ബോറകള്‍. അബ്ബാസീ ഖിലാഫത്തില്‍ ഈജിപ്ത് വാണിരുന്ന ഫാത്വിമികള്‍ ഇസ്മാഈലി വിഭാഗമായിരുന്നു. ഇതിലെ എട്ടാമത്തെ ഭരണാധികാരി അല്‍മുസ്തന്‍സ്വിറിന്റെ മരണശേഷമാണ് ബോറകള്‍ ഉണ്ടാവുന്നത്.

മുസ്തന്‍സ്വിറിന്റെ കാലശേഷം മകന്‍ നിസാറാവണം ഖലീഫ എന്നു ചിലര്‍ വാദിച്ചു. ഇവര്‍ പിന്നീട് നിസാരികള്‍ (അസാസിന്‍സ്) എന്ന പേര് സ്വീകരിച്ച് മറ്റൊരു വിഭാഗമായി. പത്താമത്തെ ഖലീഫ ആമിറായിരുന്നു. ഇദ്ദേഹം വധിക്കപ്പെട്ടു. പുത്രന്‍ ത്വയ്യിബ് ശിശുവായതിനാല്‍ ബന്ധുവായ ഹാഫിദ് ഖിലാഫത്ത് ഏറ്റെടുത്തു.

എന്നാല്‍ ത്വയ്യിബിനെ വാഴിക്കണമെന്ന് ഒരു വിഭാഗം മുറവിളി കൂട്ടി. ഹാഫിദ് അവരെ അവഗണിച്ചു. ഇതിനെ തുടര്‍ന്ന് ഈ വിഭാഗം ത്വയ്യിബിനെ യമനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ തങ്ങളുടെ ഇമാമായി വാഴിച്ചു. ഖലീഫയും 'അമീറുല്‍ മുഅ്മിനീനു' മായി ത്വയ്യിബ്. ഈ വിഭാഗമാണ് പിന്നീട് ബോറകളായി മാറിയത്.

മതപരായി ശിആ വിശ്വാസങ്ങളും ആചാരങ്ങളും തന്നെയാണ് ബോറകളും പിന്തുടരുന്നത്. യമനിലായിരുന്നു ഇവരുടെ ഉത്ഭവവും വളര്‍ച്ചയും. പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു ഇത്.

1592ല്‍ ഇവര്‍ പിളര്‍ന്നു. സുലൈമാന്‍ ബന്‍ഹസന്റെ നേതൃത്വത്തില്‍ സുലൈമാനി വിഭാഗം യമനിലും സുഊദി അറേബ്യയിലെ ചില ഭാഗങ്ങളിലും ജീവിച്ചു. രണ്ടാം വിഭാഗം ദാവൂദികള്‍ ഇന്ത്യയിലും കുടിയേറി. ഗുജറാത്തും മഹാരാഷ്ട്രയുമാണ് ദാവൂദി ബോറകള്‍ കേന്ദ്രങ്ങളാക്കിയത്.

ഗുജറാത്തി പദമായ വഹോറോ (വ്യാപാരം) എന്നതില്‍ നിന്നാണ് ബോറ എന്ന പേര് ലഭിച്ചത്. ഗുജറാത്തിലെയും ബോംബെയിലെയും വ്യാപാര സമൂഹമായിരുന്ന വൈശ്യര്‍ കൂട്ടത്തോടെ ഈ വിശ്വാസം സ്വീകരിക്കുകയാണുണ്ടായത്.

1637ല്‍ ദാവൂദി ബോറകള്‍ പിളര്‍ന്ന് അലവി ബോറകളുണ്ടായി. സുന്നി ബോറകള്‍ ഇതിന്ന് മുമ്പ് തന്നെ ഇന്ത്യയിലുണ്ടായിരുന്നു. വടക്കെ ഇന്ത്യയില്‍ ഇവര്‍ക്ക് നിരവധി പള്ളികളും സ്ഥാപനങ്ങളുമുണ്ട്. ദാഈ അല്‍മുത്വ്‌ലഖ് ആണ് ഇവരുടെ ആത്മീയ ഗുരു. അന്‍പത്തി മൂന്നാമത്തെ  ദാഈ മുത്വ്‌ലാഖ് ആയിരുന്ന മുഹമ്മദ്ബുര്‍ഹാനുദ്ദീന്‍ 2014ല്‍ നിര്യാതനായിരുന്നു. തര്‍ക്കം വന്നതിനെത്തുടര്‍ന്ന് അന്‍പത്തിനാലാമത്തെ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല (2016).

ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരനും സാമൂഹ്യ ശാസ്ത്രജ്ഞനുമായിരുന്ന അസ്ഗറലി എഞ്ചിനീയര്‍ ബോറ വിഭാഗത്തില്‍പ്പെട്ടയാളാണ്. എഞ്ചിനീയര്‍ പക്ഷേ തന്റെ വിഭാഗത്തിലെ പല അനാചാരങ്ങളെയും പരസ്യമായിത്തന്നെ എതിര്‍ത്തിരുന്നു.

ഹെബ്തിയ ബോറ, പട്ടാണി ബോറ, അത്തിബ്ബാഇ ബോറ എന്നീ വിഭാഗങ്ങളും നാമമാത്രമായി പലയിടങ്ങളിലുമുണ്ട്.
 

Feedback