Skip to main content

തഫ്‌സീറുല്‍ ആലൂസി

അബൂസനാഅ് ശിഹാബുദ്ദീന്‍ അസ്സയ്യിദ് മുഹമ്മദ് അഫന്‍ദി അല്‍ ആലൂസി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനമാണ് 'റൂഹുല്‍ മആനി ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ അളീം'  എന്ന ഗ്രന്ഥം. തഫ്‌സീറുല്‍ ആലൂസി എന്നും റൂഹുല്‍ മആനി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹിജ്‌റ 1217ല്‍ ബാഗ്ദാദിനടുത്തുള്ള കര്‍ക്കിലാണ് അദ്ദേഹം ജനിച്ചത്. അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതന്‍മാരുടെ ശിഷ്യത്വത്തില്‍ ഒട്ടേറെ വിജ്ഞാനമാര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പണ്ഡിതനായ പിതാവ് തന്നെയായിരുന്നു ആദ്യഗുരു. മതകാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിനോടൊപ്പം മതത്തിന്റെ ചിന്താപരമായ മേഖലകളിലും അഗാധജ്ഞാനമുള്ള പണ്ഡിതനായിരുന്നു. മൗലിക കാര്യങ്ങളിലും ശാഖാപരമായ കാര്യങ്ങളിലുമൊക്കെ അദ്ദേഹത്തിന് പ്രത്യേക കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. പതിമൂന്നാം വയസ്സില്‍ തുടക്കം കുറിച്ച രചനാ താല്‍പരത ജീവിതാന്ത്യം വരെ അദ്ദേഹം നിലനിര്‍ത്തുകയും വിജ്ഞാനത്തിനു വേണ്ടി ജീവിതം തപസ്സാക്കി മാറ്റുകയും ചെയ്തു. ഒട്ടേറെ പ്രഗല്‍ഭരായ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്.

tafsir alusi    
മദ്ഹബുകള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ള ആളാണ് ആലൂസി. വ്യത്യസ്ത മതങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട്. സലഫി വിശ്വാസക്കാരനും ഷാഫി മദ്ഹബ്കാരനുമായിരുന്നു അദ്ദേഹം. എന്നാല്‍ ഒട്ടേറെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇമാം അബൂഹനീഫയെയാണ് അദ്ദേഹം പിന്തുടര്‍ന്നത്.

1263ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വ്യാപൃതനായി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം വ്യാഖ്യാനം പൂര്‍ത്തീകരിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ച് സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഖാന് സമര്‍പിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പഠനകാലത്ത് അനുഭവപ്പെട്ട ഖുര്‍ആനിലെ അവ്യക്തതകളായിരുന്നു തഫ്‌സീര്‍ രചനയിലേക്ക് ആലൂസിയെ കൊണ്ടെത്തിച്ചത്. പണ്ഡിതരുമായുള്ള ഇടപഴകലിലൂടെ അവയ്ക്ക് അദ്ദേഹം നിരന്തരം നിവാരണം തേടിയിരുന്നു. തനിക്കു ലഭിച്ച വിവരങ്ങളെല്ലാം രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സംശയിച്ചു നിന്നു. തഫ്‌സീറിന്റെ മുഖവുരയില്‍ ഇങ്ങനെ കുറിക്കുന്നു:  'ഹിജ്‌റ 1252 റജബ് മാസം ഒരു വെള്ളിയാഴ്ച രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു. അല്ലാഹു എന്നോട് ആകാശഭൂമികള്‍ ചുരുട്ടുവാന്‍ കല്‍പിച്ചു. അവ ഒട്ടിച്ചേര്‍ന്നതിനെ നീളത്തിലും വീതിയിലും പിളര്‍ത്തുവാനും കല്‍പ്പിച്ചു. അപ്പോള്‍ ഞാന്‍ എന്റെ ഒരു കൈ ആകാശത്തേക്ക് ഉയര്‍ത്തി. മറ്റേ കൈ വെള്ളക്കെട്ടിലേക്ക് താഴ്ത്തുകയും ചെയ്തു. പെട്ടെന്ന് ഞാന്‍ ഉറക്കില്‍ നിന്നും ഉണര്‍ന്നു. എന്റെ സ്വപ്നം എനിക്ക് മഹനീയമായി അനുഭവപ്പെട്ടു. ആ സ്വപ്നവ്യാഖ്യാനം തേടി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഞാന്‍ പരതി. അത് ഖുര്‍ആന്‍ വ്യാഖ്യാന രചനയ്ക്കുള്ള സൂചനകളാണെന്ന് ചില ഗ്രന്ഥങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. മഹോന്നതനായ അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട് ഞാന്‍ രചനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു'. 

തന്റെ തഫ്‌സീറിന് പേര് നല്‍കുന്നതിനും അദ്ദേഹം കുറെ ഊര്‍ജം ചെലവഴിച്ചു. എത്ര ശ്രമിച്ചിട്ടും തൃപ്തികരമായ ഒരു പേര് ലഭിക്കാത്തതുകൊണ്ട് അദ്ദേഹം അത് പ്രധാനമന്ത്രിയായിരുന്ന അലി രിളാ പാഷയ്ക്ക് അയച്ചുകൊടുത്തു. പാഷ അതിന് റൂഹുല്‍ മആനി ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ അളീം' എന്ന പേര് നല്‍കുകയും ചെയ്തു. 

പ്രത്യേകതകള്‍ 

തന്റെ തഫ്‌സീര്‍ രചനയില്‍ മുന്‍കാല തഫ്‌സീറുകളെ ഉള്‍പ്പെടുത്തുന്നതില്‍ ആലൂസി വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ മുഴുവന്‍ തഫ്‌സീറുകളുടെയും സമാഹാരമാണതെന്ന് വായനക്കാരന് അനുഭവപ്പെടും. കശ്ശാഫ്, ബൈളാവി, അബുസ്സഊദ്, ഇബ്‌നു അത്തിയ, ഇബ്‌നു ഹിബ്ബാന്‍,  റാസി തുടങ്ങിയ തഫ്‌സീറുകളെല്ലാം അദ്ദേഹം ഉദ്ധരിക്കാറുണ്ട്. അബുസ്സഊദിനെ ഉദ്ധരിച്ചാല്‍ അദ്ദേഹം ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു എന്നും ബൈളാവിയെ ഉദ്ധരിച്ചാല്‍ ഖാളി പറഞ്ഞു എന്നും റാസിയെ ഉദ്ധരിച്ചാല്‍ ഇമാം പറഞ്ഞു എന്നും അദ്ദേഹം കുറിക്കുന്നത് കാണാം. മുന്‍കാലക്കാരുടെ അഭിപ്രായങ്ങളെ നിരൂപണം നടത്തുകയും തന്റേതായ അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ആലൂസി അവലംബിച്ചത്.
 

Feedback