ഖുറാസാനിലെ രോമ-തുകല്‍ വ്യാപാരിയായിരുന്ന അബൂ മുഹമ്മദ് ഹുസൈനുബ്‌നു മസ്ഊദ് അല്‍ബഗവിയുടെ മികച്ച രചനകളിലൊന്നാണ് മആലിമുത്തന്‍സീല്‍ എന്ന തഫ്‌സീര്‍. കര്‍മശാസ്ത്ര പണ്ഡിതനും ഹദീസ് വിജ്ഞാനിയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ബഗവി മുഹ്‌യുസ്സുന്ന, റുക്‌നുദ്ദീന്‍ എന്നീ അപരനാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്. ഖാദി ഹുസൈനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ഐഹിക വിരക്തനും ഭക്തനുമായ ബഗവി വുദൂഅ് ചെയ്തിട്ടല്ലാതെ മതപഠന ക്ലാസുകള്‍ എടുക്കാറില്ല.
ഇതര തഫ്‌സീറുകളില്‍ നിന്നും വിഭിന്നമായി മആലിമുത്തന്‍സീലില്‍ വ്യാഖ്യാനങ്ങള്‍ക്ക് സ്വീകാര്യമായ ഹദീസുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുളളു. ഖുര്‍തുബിയാണോ ബഗവിയാണോ സമഖ്ശരിയാണോ ഖുര്‍ആനിനോടും സുന്നത്തിനോടും ഏറ്റവും അടുത്ത് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഇബ്‌നുതൈമിയ(റ) നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ഫതാവയില്‍ ഇങ്ങനെ വായിക്കാം. 'ചോദിച്ചിരിക്കുന്ന മൂന്ന് തഫ്‌സീറുകളിലും വെച്ച് ബിദ്അത്തുകളില്‍ നിന്നും ദുര്‍ബല ഹദീസുകളില്‍ നിന്നും സുരക്ഷിതമായിരിക്കുന്നത് ബഗവിയാകുന്നു. എന്നാലത് സഅ്‌ലബിയുടെ തഫ്‌സീറിന്റെ രത്‌നച്ചുരുക്കമത്രെ. സഅ്‌ലബിയുടെ തഫ്‌സീറിലെ നിര്‍മിത ഹദീസുകളും ബിദ്അത്തുകളും ഒഴിവാക്കിക്കൊണ്ട് രചിച്ചതാണ് ബഗവിയുടെ മആലിമുത്തന്‍സീല്‍ (ഫതാവ 2:193).
തന്‍സീലിന്റെ രചനയില്‍ ബഗവി ലളിതവും ഹ്രസ്വവുമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹം സനദുകള്‍ (പരമ്പര) പറയാതെയാണ് ഉദ്ധരിക്കാറുള്ളത്. ഇബ്‌നു അബ്ബാസ് പറഞ്ഞു, അത്വാഅ് പറഞ്ഞു, മുജാഹിദ് പറഞ്ഞു എന്നിങ്ങനെ നേരിട്ടാണ് അദ്ദേഹം പറയാറുള്ളത്. സനദുകള്‍ മുഴുവന്‍ അദ്ദേഹം തഫ്‌സീറിന്റെ ആമുഖത്തില്‍ ഉദ്ധരിച്ചതുകൊണ്ടാണ് അവ ആവര്‍ത്തിക്കാതിരിക്കുന്നത്. ആമുഖത്തില്‍ പറയാത്ത പരമ്പരകള്‍ സന്ദര്‍ഭത്തിനനുസരിച്ച് വിവരിക്കാറുമുണ്ട്.
ഹിജ്‌റ 510ല്‍ ബഗവി ലോകത്തോട് വിടപറഞ്ഞു. ശറഹുസ്സുന്ന, അല്‍മസ്വാബീഹ്, അല്‍ജംഉ ബയ്‌ന സ്സ്വഹീഹൈനി, അത്തഹ്ദീബ് എന്നിവ പണ്ഡിത ലോകത്ത് സ്വീകാര്യത ലഭിച്ച അദ്ദേഹത്തിന്റെ കൃതികളാകുന്നു.