തഫ്‌സീറുകളുടെ അടിസ്ഥാനമായിട്ടും അവലംബമായും വിശേഷിപ്പിക്കപ്പെടുന്ന തഫ്‌സീര്‍ ആണ് ഇമാം ശൗക്കാനിയുടെ 'ഫത്ഹുല്‍ ഖദീര്‍'. ബാക്കിയുള്ള തഫ്‌സീറുകളെ സംയോജിപ്പിച്ചും പരിഗണിച്ചും എഴുതപ്പെട്ട ഫത്ഹുല്‍ ഖദീര്‍ ഹിജ്‌റ 1223 റബീഉല്‍ അവ്വല്‍ മാസത്തില്‍ ആണ് പുറത്തിറങ്ങുന്നത്.
തന്റേതായ പ്രത്യേക ചിന്തയിലും മാര്‍ഗത്തിലുമാണ് ഇമാം ശൗക്കാനി ഫത്ഹുല്‍ ഖദീര്‍ രചിക്കുന്നത്. തഫ്‌സീറുകളെ വിശദീകരണത്തിന്റെയും സ്വാധീനത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ സംയോജിപ്പിച്ച ശൗക്കാനി(റ) തഫ്‌സീര്‍ രചനയില്‍ ഒരു പുതിയ പാത തുറന്നു. ആയത്തിന്റെ ആശയം ആദ്യം പറഞ്ഞ് പിന്നീട് വിശദീകരിക്കുന്ന ഒരു ശൈലിയാണ് അദ്ദേഹം അവലംബിച്ചത്. ആയത്തുകള്‍ പരസ്പരമുള്ള ചേര്‍ച്ച വിശദീകരിക്കുന്ന ഫത്ഹുല്‍ ഖദീര്‍ ഭാഷയുടെ സാംഗത്യവും പ്രയോഗവും വ്യക്തമാക്കുന്നുണ്ട്.
പ്രശസ്തമായ ഏഴ് പാരായണ രീതികളെയും അതിന്റെ ആശയതലങ്ങളെയും വിശദീകരിക്കുകയും മദ്ഹബിന്റെ പണ്ഡിതന്‍മാരുടെ യോജിപ്പുകളും വിയോജിപ്പുകളും ചര്‍ച്ച ചെയ്യു കയും വ്യത്യസ്ത അഭിപ്രായങ്ങളില്‍ പ്രമാണ ബദ്ധമായി എങ്ങനെ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന്റെ ഇജ്തിഹാദ് വശം മനോഹരമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ധാരാളം വിഷയങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി കണ്ടെത്തിയതായും കാണാം.
തഖ്‌ലീദിനെ ശക്തമായി വിമര്‍ശിച്ച അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിനെ പുറം തള്ളുകയും ചെയ്തു. ഒരുപാട് വിമര്‍ശങ്ങള്‍ നേരിട്ടെങ്കിലും പ്രവാചകാധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ ഫത്ഹുല്‍ ഖദീര്‍ ദൂരെയെറിഞ്ഞു കളഞ്ഞു. മുഅ്തസില പോലുള്ള കക്ഷികളെ ശക്തമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ഫത്ഹുല്‍ ഖദീര്‍ സലഫി ചിന്താധാരയാണ് തഫ്‌സീറില്‍ പ്രകടിപ്പിക്കുന്നത്. അല്ലാഹു എന്താണോ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് അതേ സ്ഥാനത്ത് തന്നെ നില്‍ക്കണമെന്നും വ്യാഖ്യാനം പാടില്ല എന്നുമുള്ള അഹ്‌ലുസ്സുന്നയുടെ നിലപാടാണ് ഫത്ഹുല്‍ ഖദീറിനുള്ളത്.
ഈ തഫ്‌സീര്‍ രചിക്കാന്‍ ഇമാം ശൗക്കാനി പ്രധാനമായും അവലംബമാക്കിയത് അബ്ദുറസാഖ് സമഖ്ശരി, ഇബ്‌നു ഉത്വയ്യ ദിമശ്ഖി, ഇബ്‌നു ഉത്വയ്യ ഉന്‍ദുലൂസി, അബ്ദു ബിന്‍ ഹമീദ്, ത്വബ്‌രീ, ഖുര്‍ത്വുബി, ഇബ്‌നു അബീ ഹാതിം, സഅ്‌ലബീ എന്നിവരുടെ ഖുര്‍ആന്‍ തഫ്‌സീറുകളും, മുസ്‌നദ് അഹ്മദ്, മുസ്വന്നഫ് ഇബ്‌നു അബീശൈബ എന്നീ ഹദീസ് ഗ്രന്ഥങ്ങളും, ഇബ്‌നു ഖുതയ്ബ, അസ്ഹരി, ഇബ്‌നു ദുറൈദ്, ജൗഹരി, അബീ ജഅ്ഫര്‍, സുജാജ് എന്നിവരുടെ ഭാഷാ ഗ്രന്ഥങ്ങളുമാണ്.