'തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹകീം' എന്ന പേരിലറിയപ്പെടുന്ന തഫ്‌സീര്‍ അല്‍മനാര്‍, പേര് ദ്യോതിപ്പിക്കുന്ന പോലെ ആധുനിക ലോകത്തിന്റെ വിളക്കുമാടം തന്നെയായിരുന്നു. റശീദുരിദാ എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് റശീദ്ബ്‌നു അല്ലിയ്യി റിദായാണ് (ഹി:1282-1354) അല്‍മനാറിന്റെ കര്‍ത്താവ്. തന്റെ 'അല്‍മനാര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാനം പിന്നീട് തഫ്‌സീറുല്‍ മനാര്‍ എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയാണുണ്ടായത്.
തഫ്‌സീറുല്‍ മനാറിന്റെ രചനയ്ക്ക് റശീദ് റിദയ്ക്ക് പ്രചോദനമായത് തന്റെ ഗുരുവും നവോത്ഥാന കാലഘട്ടത്തിന്റെ മുഫസ്സിറുമായ ശൈഖ് മുഹമ്മദ് അബ്ദ(ക്രി. 1849-1905) ആയിരുന്നു. അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ശൈഖ് മുഹമ്മദ് അബ്ദ നടത്തിയ പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കമാണ് അല്‍മനാറില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ക്രി. 1899 മുതല്‍ 1905 വരെ തുടര്‍ച്ചയായി ശൈഖ് നടത്തിയ ക്ലാസുകളില്‍ പങ്കെടുത്ത് ഗുരുവിന്റെ വ്യാഖ്യാനങ്ങളും ചിന്തകളും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അംഗീകാരം നേടിയ ശേഷമാണ് അവ അല്‍ മനാറില്‍ പ്രസിദ്ധീകരിച്ചിരുന്നത്. സൂറ. ഫാത്തിഹ മുതല്‍ സൂറ. നിസാഇലെ വചനം 126 വരെ അദ്ദേഹം അസ്ഹറിലെ ക്ലാസിലൂടെ വിശദീകരിച്ചു. 1905ല്‍ മുഹമ്മദ് അബ്ദ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഖുര്‍ആന്‍ വ്യാഖ്യാനം തുടര്‍ന്നും പ്രസിദ്ധീകരിച്ചു. 36 വര്‍ഷം നീണ്ടുനിന്ന ഈ യത്‌നം സൂറ. യൂസുഫിലെ വചനം 101ല്‍ നിലച്ചു. ക്രി.1935ല്‍ അദ്ദേഹം അല്ലാഹുവിന്റെ വിളിക്കുത്തരമേകി. കൈറോയിലെ ദാറുല്‍ മനാര്‍ പന്ത്രണ്ട് വാള്യങ്ങളിലായി ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു.