''ദ്വിലാലുല്‍ ഖുര്‍ആനിലുള്ള ജീവിതം അനുഗ്രഹമാണ്. അനുഭവിച്ചാലല്ലാതെ അത് അറിയുകയില്ല. ജീവിതം മുഴുവന്‍ അനുഗ്രഹവും പരിശുദ്ധിയും നല്‍കിയ ജീവിതമാണ് അത്. എന്റെ ജീവിതത്തില്‍ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ആസ്വാദനങ്ങളാണ് 'ദ്വിലാലുല്‍ ഖുര്‍ആന്‍' ജീവിതത്തില്‍ എനിക്ക് ലഭിച്ചത്. എന്റെ പ്രായം ഉയര്‍ത്തിയ, എനിക്ക് ബര്‍കത്തുകള്‍ ലഭിച്ച, എന്നെ ശുദ്ധീകരിച്ച ആ ജീവിതം ഞാന്‍ നന്നായി ആസ്വദിച്ചു.''
'ഫീ ദ്വിലാലില്‍ ഖുര്‍ആന്‍' എന്ന തഫ്‌സീറിന്റെ രചയിതാവായ 'സയ്യിദ് ഖുത്വുബ്' എന്ന നാമത്തിലറിയപ്പെട്ട സയ്യിദ് ഖുത്വുബ് ഇബ്‌റാഹീം ഹുസൈന്‍ ശാദുലിയുടെ തഫ്‌സീറനുഭവമാണ് മേല്‍വരികളിലുള്ളത്. 25 വര്‍ഷമെടുത്താണ് അദ്ദേഹം തന്റെ രചന പൂര്‍ത്തീകരിച്ചത്. പരിശുദ്ധ ഖുര്‍ആനിലെ 30 ജുസ്അ് എന്ന ക്രമത്തില്‍ തന്നെ 30 ഭാഗങ്ങളായിട്ടാണ് ഈ തഫ്‌സീറിന്റെയും ഘടന. സാഹിത്യവും ഭാഷയും ചിന്തയും എല്ലാം ഈ തഫ്‌സീറില്‍ അടങ്ങിയിട്ടുണ്ട്. വിഷയങ്ങളുടെ പ്രത്യേക അര്‍ഥവും പൊതുവിലുള്ള ആശയവും പ്രതിപാദിക്കുന്നുണ്ട്. ചില വിഷയങ്ങളില്‍ അതിന്റെ കെട്ടിക്കുടുക്കുകളിലും പാരസ്പര്യത്തിലും ഊന്നി ബഹുദൂരം സഞ്ചരിക്കുന്നുമുണ്ട്.
ജയിലില്‍ കിടന്ന് കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നതിനിടക്കാണ് 'ഫീ ദ്വിലാലില്‍ ഖുര്‍ആന്‍' അദ്ദേഹം രചിക്കുന്നത്. എന്നാല്‍ അത് പ്രസിദ്ധീകരിക്കാനുള്ള കടമ്പകള്‍ വീണ്ടുമുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വാചകങ്ങളെയും ഘടനയെയും പരാമര്‍ശങ്ങളെയും കൂടുതല്‍ നന്നാക്കിയ അദ്ദേഹം കര്‍മശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയും അഭിപ്രായപ്രകടനങ്ങളില്‍ വ്യക്തത വരുത്തിയും ഏററവും നല്ല രൂപത്തില്‍ ഒരു പരിഷ്‌കരിച്ച പതിപ്പായിട്ടാണ് അത് പുറത്തിറക്കുന്നത്.
ഇതിന്റെ പിറകിലുള്ള അധ്വാനം പൂര്‍ണമായും ഖുര്‍ആന്‍ പഠനത്തിനും തഫ്‌സീര്‍ രചനയ്ക്കും വേണ്ടിയുള്ളതായിരുന്നു. ഖുര്‍ആന്‍ മന:പാഠമാക്കിയ സയ്യിദ് ഖുത്വുബ് ദശക്കണക്കിന് തഫ്‌സീറുകളും പഠിച്ചതിന് ശേഷമാണ് തന്റെ രചന ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ പല വ്യത്യസ്തതകളും പ്രത്യേകതകളും ഈ തഫ്‌സീറില്‍ കാണാന്‍ സാധിക്കുന്നു.
സൂറത്തുകളെ പരിചയപ്പെടുത്തലും സൂറത്തുകളെ സംക്ഷേപിച്ച് പറയലും ഫീ ദ്വിലാലില്‍ ഖുര്‍ആന്റെ സവിശേഷതയാണ്. ആയത്തുകളുടെ ക്രമത്തിലും ആയത്തുകളുടെ ഘടനയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങളും ഈ തഫ്‌സീറില്‍ പ്രതിപാദിക്കുന്നു. കഥാകഥനങ്ങളും ഖുര്‍ആനിന്റെ കാവ്യഭംഗിയും അമാനുഷികതയും തെളിവു സഹിതം ഈ തഫ്‌സീര്‍ വ്യക്തമാക്കുന്നു. സയ്യിദ് ഖുത്വുബ് ഇതിന്റെ രചനയ്ക്ക് സ്വീകരിച്ച ശൈലി നബി(സ്വ)യില്‍ നിന്ന് ഖണ്ഡിതമായി വന്ന അഭിപ്രായങ്ങള്‍ മാത്രം സ്വീകരിക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ പല കെട്ടുകഥകളില്‍ നിന്നും ഈ തഫ്‌സീര്‍ മുക്തമാണ്.
വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് ഈ തഫ്‌സീറിന്റെ മികച്ച സ്വീകാര്യതക്ക് തെളിവാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഉര്‍ദു, തുര്‍ക്കിഷ്, സ്പാനിഷ്, പേര്‍ഷ്യന്‍, ബംഗാളി, മലയാളം എന്നീ ഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.