Skip to main content

തഫ്‌സീർ അൽ ത്വബ്‌രി

ഇന്നത്തെ ഇറാന്‍ റിപബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന ത്വബ്‌രിസ്ഥാനില്‍ ഹി. 224ല്‍ ജനിച്ച അബൂ ജഅ്ഫര്‍ മുഹമ്മദ്ബ്‌നു ജരീറുത്ത്വബ്‌രിയാണ് തഫ്‌സീറുത്ത്വബ്‌രിയുടെ രചയിതാവ്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ബഗ്ദാദ്, ഡമസ്‌കസ്, ഫുസ്ത്വാത് തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളിലായിരുന്നു പഠനം. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അറബി ഭാഷ, ചരിത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യമുള്ള ത്വബ്‌രിയുടെ നിരൂപണാത്മക വിശകലനങ്ങള്‍ ശ്രദ്ധേയമാണ്.

Thafseer thwabri

അല്‍ ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ എന്നാണ് തഫ്‌സീറുത്ത്വബ്‌രിയുടെ മുഴുവന്‍ പേര്. 30 വാള്യങ്ങളുള്ള തഫ്‌സീറില്‍ ഇമാം ത്വബ്‌രി ആധികാരിക മാനദണ്ഡങ്ങളാണ് അവലംബിച്ചിട്ടുള്ളത്. അദ്ദേഹം ഒരു വചനത്തെ വ്യാഖ്യാനിക്കുകയാണെങ്കില്‍ ആദ്യം ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് തന്നെ അതിനെ വിശദീകരിക്കും. ഉദാ: സൂറ: അന്‍ആമിലെ  ‘‘വിശ്വസിക്കുകയും വിശ്വാസത്തെ അക്രമവുമായി കലര്‍ത്താത്തവരും'' എന്ന വചനത്തി(82)ലെ അക്രമം അഥവാ ദുല്‍മ് എന്നതിനെ അദ്ദേഹം വ്യാഖ്യാനിച്ചത് സൂറ: ലുഖ്മാനിലെ വചനം 13 കൊണ്ടാണ്. 

ഖുര്‍ആന്‍ വചനങ്ങളെ പ്രാമാണികമായ ഹദീസുകളെടുത്ത് വ്യാഖ്യാനിക്കുക എന്നതാണ് അദ്ദേഹം അവലംബിച്ച മറ്റൊരു ശൈലി. സ്വഹാബിമാരുടെയും മറ്റും അഭിപ്രായങ്ങള്‍ അതിനു ശേഷമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. 

പ്രസിദ്ധ പണ്ഡിതനായ അബൂഹാമിദ് തഫ്‌സീറുത്ത്വബ്‌രിയെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്. 'തഫ്‌സീറുത്ത്വബ്‌രി പഠിക്കാന്‍ ഒരാള്‍ക്ക് ചൈനയില്‍ പോകേണ്ടി വന്നാലും അത് അധികമാവില്ല' (അല്‍ബിദായ വന്നിഹായ-ഇബ്‌നുകസീര്‍). രണ്ടു വര്‍ഷക്കാലമെടുത്ത് തഫ്‌സീറുത്വബ്‌രിയുടെ പഠനം പൂര്‍ത്തിയാക്കിയ നാലാം നൂറ്റാണ്ടുകാരനായ അബൂബക്ര്‍ ബിന്‍ ഇസ്ഹാഖ് അഭിപ്രായപ്പെട്ടതിങ്ങനെ. 'തഫ്‌സീറുത്വബ്‌രി ആദ്യാവസാനം ഞാന്‍ വായിച്ചു. ഇബ്‌നു ജരീറിനേക്കാള്‍ അറിവുള്ളവര്‍ സമകാലീനരായി ഭൂമുഖത്തുണ്ടെന്ന് ഞാന്‍ കരുതുന്നില്ല'(അല്‍ ഇത്ഖാന്‍-സുയൂത്വി).
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446