ഹിജ്‌റ. 467ല്‍ സമഖ്ശറില്‍ ഭൂജാതനായ അബുല്‍ ഖാസിം മഹ്മൂദ് ബിന്‍ ഉമറബിനി മുഹമ്മദി ബിനി ഉമര്‍ ആണ് അല്‍ കശ്ശാഫ് എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം രചിച്ചത്. അല്‍ കശ്ശാഫു അല്‍ ഹഖാഇഖിത്തന്‍സീലി വ ഉയൂനുല്‍ അഖാവീലി ഫീ വുജൂഹിത്തഅ്‌വീലി ലിസ്സമഖ്ശരി എന്നാണ് തഫ്‌സീറിന്റെ മുഴുവന്‍ പേര്. പില്കാലത്ത് ബാഗ്ദാദിലെത്തിയ അദ്ദേഹം അവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. തഫ്‌സീര്‍, ഹദീസ്, ഭാഷ, സാഹിത്യം തുടങ്ങിയ വിജ്ഞാന ശാഖകളില്‍ അദ്ദേഹം അഗാധജ്ഞനും അതുല്യനുമായിത്തീര്‍ന്നു. 'ജാറുല്ല' എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹം ഹനഫീ പക്ഷക്കാരനും മുഅ്തസലിയുമായിരുന്നു (അത്തഫ്‌സീറു വല്‍മുഫസ്സിറൂന്‍ വാള്യം.1).
ഹിജ്‌റ:538ല്‍ അറഫാരാത്രി ജോര്‍ജാനിയയില്‍ വെച്ച് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി. അല്‍കശ്ശാഫ്, അല്‍ മുഹാജാത്തു ഫില്‍ മസാഇലിന്നഹ്‌വിയ്യ, അല്‍ മുഫ്‌റദു വല്‍ മുറക്കബു ഫില്‍ അറബിയ്യ, അല്‍ഫാഇകു ഫീ തഫ്‌സീറില്‍ ഹദീസ്, അസാസുല്‍ ബലാഗ് ഫില്ലുഗ, അല്‍മുഫസ്സലു ഫിന്നഹ്‌വ്, റുഊസുല്‍ മസാഇല്‍ ഫില്‍ ഫിഖ്ഹ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രസിദ്ധവും പില്‍ക്കാലക്കാരുടെ അവലംബ കൃതികളുമാകുന്നു.
തഫ്‌സീറുല്‍ കശ്ശാഫിന്റെ പ്രാധാന്യം
ഖുര്‍ആന്‍ ഒരു അമാനുഷിക (മുഅ്ജിസത്ത്) ഗ്രന്ഥമാകുന്നു. ഓരോ വചനത്തിലും ഭാഷാത്ഭുതങ്ങളിലൂടെ ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുവാന്‍ തഫ്‌സീറുല്‍ കശ്ശാഫിനു കഴിയുന്നുണ്ടെന്നത് ഒരു വസ്തുതയാകുന്നു. ഖുര്‍ആനിന്റെ സാഹിത്യവും സാഹിത്യ വശ്യതയും ഇതര തഫ്‌സീറുകളില്‍ നിന്നും ഭിന്നമായി പ്രതിഫലിപ്പിക്കുവാന്‍ കശ്ശാഫിനു കഴിഞ്ഞിട്ടുണ്ട്. തന്റെ ഭാഷാ നൈപുണിയിലൂടെയും അറബി കവിതകളിലും സാഹിത്യത്തിലുമുള്ള സൂക്ഷ്മ വിശകലനങ്ങളിലൂടെയുമാണ് അദ്ദേഹത്തിനിതു സാധ്യമായിത്തീര്‍ന്നിട്ടുള്ളത്. ഇല്‍മുല്‍ മആനിയിലും ഇല്‍മുല്‍ ബയാനിലും (അറബി സാഹിത്യ ശാഖ) അസാധാരണ സിദ്ധിവൈഭവം ആര്‍ജിച്ച സമഖ്ശരി തന്റെ തഫ്‌സീറിലുടനീളം അവ പ്രയോഗിക്കുകയും ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ സമഖ്ശരിയുടെ മുഅ്തസിലീ പക്ഷത്തെ വിമര്‍ശിക്കുന്നവര്‍ പോലും ഖുര്‍ആനിന്റെ ഭാഷാപഗ്രഥനത്തിന് കശ്ശാഫിനെ അവംലംബമായി കാണുന്നു.
എന്നാല്‍ ഭാഷാവിശകലനത്തിലെ സൗന്ദര്യത്തെ കെടുത്തിക്കളയുന്നതായിരുന്നു സമഖ്ശരിയുടെ മുഅ്തസില മനോഗതി. തഫ്‌സീറുല്‍ കശ്ശാഫിനെ നിരൂപണവിധേയമാക്കിയ ഇബ്‌നു ഖല്‍ദൂന്‍, താജുദ്ദീന്‍ സുന്‍കി, അബൂ ഹയ്യാന്‍ തുടങ്ങിയ പ്രഗത്ഭരെല്ലാം വ്യക്തമാക്കിയതുപോലെ ഭാഷാപഗ്രഥനത്തിലൂടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് വഴിവെട്ടിത്തെളിച്ച സുല്‍ത്താനാണദ്ദേഹമെങ്കിലും മുഅ്തസിലി ആദര്‍ശം അദ്ദേഹത്തെ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ വഴിപിഴപ്പിച്ചിട്ടുണ്ട്. സൂറത്തുത്തൗബയിലെ 43ാം വചനത്തില്‍ പ്രവാചകനെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: 'അല്ലാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു' ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് സമഖ്ശരി ഇങ്ങനെ കുറിച്ചു. 'നീ തെറ്റ് ചെയ്തിരിക്കുന്നു. എത്രമോശമാണ് നീ ചെയ്ത തെറ്റ്?'. പ്രവാചകന്‍മാരുടെ പാപ സുരക്ഷിതത്വക്കുറിച്ച് ഒരു വികലമായ മുഅ്തസിലീ വീക്ഷണമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുള്ളത്. സൂറ: മാഇദയിലെ 55ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാഹുവിന്റെ ഔലിയാക്കളെക്കുറിച്ച് നടത്തിയ പരാമര്‍ശവും ഇതിനുദാഹരണമത്രെ.
ലഘുവിവരണ ഗ്രന്ഥങ്ങള്‍
കശ്ശാഫിന് പില്‍ക്കാലത്ത് ചില ലഘുവിവരണ ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഹിജ്‌റ: 743 ല്‍ മൃതിയടഞ്ഞ അല്ലാമാ ശറഫുദ്ദീന്‍ ഹസന്‍ രചിച്ച 'ഫുതൂഹുല്‍ ഗയ്ബ് ഫില്‍ കശ്ഫി അല്‍ ഖിനാഇ റയ്ബ്' എന്ന ഗ്രന്ഥമത്രെ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആറു വാള്യങ്ങളുള്ള ഈ വിവരണം ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ കശ്ശാഫിലെ അവ്യക്തതകളും അനര്‍ഥങ്ങളും അനാവരണം ചെയ്യുന്നുണ്ട്.