Skip to main content

തഫ്‌സീർ അൽ സഅദി

നാലുഭാഗങ്ങളില്‍ ഒതുങ്ങിയുളള, ചെറുതും മനോഹരവുമായ ഒരു തഫ്‌സീര്‍. ഒററവാക്കില്‍ അബ്ദുറഹ്മാന്‍ സഅദിയുടെ കിതാബു തയ്‌സീരില്‍ കരീമിര്‍റഹ്മാന്‍ ഫീ തഫ്‌സീരി കലാമില്‍ മന്നാന്‍ എന്ന തഫ്‌സീറിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പരാമര്‍ശങ്ങള്‍ ലളിതമാണ്. അപരിചിത പ്രയോഗങ്ങളില്‍ നിന്നും ദൈര്‍ഘ്യത്തില്‍ നിന്നും മുക്തമാണ്. യുക്തിരഹിതവും തെളിവില്ലാത്തതുമായ കെട്ടുകഥകളെ ഒഴിവാക്കി, ആയത്തിന്റെ അര്‍ഥങ്ങളിലും ആശയങ്ങളിലും ഊന്നി നില്‍ക്കുന്ന തൗഹീദിന്റെ വിവിധ ഭാഗങ്ങളെ നന്നായി പരിഗണിക്കുന്നു. ഇങ്ങനെയുള്ള ലളിതവും ഗഹനവുമായ ഒരു തഫ്‌സീറാണ് വിശാലാര്‍ഥത്തില്‍ 'തഫ്‌സീറു സ്സഅ്ദീ'.

1921ല്‍ ആരംഭിച്ച തഫ്‌സീര്‍ രചന 1923ല്‍ ആണ് സഅ്ദി പൂര്‍ത്തീകരിക്കുന്നത്. തഫ്‌സീര്‍ രചനയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'അല്ലാഹു ലളിതമാക്കിയ വചനങ്ങളെ ലളിതമാക്കാനാണ് ഞാന്‍ ഇഷ്‌പ്പെടുന്നത്. സദ്‌വൃത്തര്‍ക്ക് സ്മരണക്ക് വേണ്ടിയും ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയും ദുര്‍ബലരെ ശക്തിപ്പെടുത്താന്‍ വേണ്ടിയും ആണ് അത്'. 

വിശുദ്ധ ഖുര്‍ആന്‍ വ്യഖ്യാനത്തിന്റെ ലക്ഷ്യം അറിവിന്റെ വ്യാപനവും സത്യത്തിലേക്കുള്ള ക്ഷണവുമാണ്. ഇഹലോകം അത് ലക്ഷ്യമാക്കുന്നില്ല. സൗജന്യമായിട്ടുള്ള ഒരു നേട്ടവും അതിനില്ല. മുസ്‌ലിംകളുടെ നന്മ ലക്ഷ്യം വച്ചു രചിക്കപ്പെട്ടിട്ടുള്ളത് സ്വീകരിക്കുന്നതും പ്രതിഫലം നല്‍കുന്നതും അല്ലാഹുവാണ്. അതാണ് ഈ രചനയുടെ ലക്ഷ്യവും.

ആധുനിക രീതിയില്‍ രചിക്കപ്പെട്ടിട്ടുള്ള ലളിതമായ തഫ്‌സീര്‍ ആയ തഫ്‌സീറുസ്സഅ്ദി, പരിശുദ്ധ ഖുര്‍ആനിലെ അധ്യായ ക്രമങ്ങളുടെ രീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അഹ്‌ലുസ്സുന്നയുടെ വിശ്വാസവും മാര്‍ഗവും പിന്തുടരുന്ന ഈ തഫ്‌സീര്‍ തൗഹീദിന് മുഖ്യ പരിഗണന നല്കുന്നു.

ഓരോ ആയത്തിനോടും ചേര്‍ന്നു തന്നെ അതിന്റെ ആശയവും നല്‍കുന്നതാണ് തഫ്‌സീറു സ്സഅ്ദിയുടെ രീതി. സംഭവങ്ങള്‍ പരസ്പരം ചേര്‍ത്തുവെയ്ക്കുന്ന ഇദ്ദേഹം അതിനനുസൃതമായ ഖുര്‍ആന്‍ വചനങ്ങളും അതിലേക്ക് യോജിപ്പിക്കുന്നു.

ലാളിത്യം കൊണ്ട് ഉയര്‍ന്ന രീതിയില്‍ പരിഗണിക്കപ്പെടുന്ന ഈ തഫ്‌സീറിന്റെ രചയിതാവായ അബ്ദുറഹ്മാന്‍ ബിന്‍ നാസ്വിര്‍ ബിന്‍ അബ്ദുല്ലാഹ് അസ്സഅ്ദി അത്തമീമി നജ്ദുകാരനും ഹമ്പലി മദ്ഹബ് പണ്ഡിതനുമാണ്. 1886ല്‍  ജനിച്ച ഇദ്ദേഹം 1955ല്‍ സുഊദി അറേബ്യയിലെ ഉനൈസയിലാണ് മരണപ്പെട്ടത്. 

Feedback