Skip to main content

തഫ്‌സീറു അബുസ്സഊദ്

തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളിനടുത്തുള്ള ഗ്രാമത്തില്‍ ഹിജ്‌റ 893ല്‍ ജനിച്ച അബുസ്സഊദ് മുഹമ്മദ് ബിനു മുഹമ്മദ് ബിനു മുസ്തഫയാണ് ഗ്രന്ഥ കര്‍ത്താവ്. 'ഇര്‍ഷാദുല്‍ അഖ്‌ലുസലീം ഇലാ മസായ കിതാബില്‍ കരീം' എന്നാകുന്നു തഫ്‌സീറു അബുസ്സഊദ് എന്ന പേരിലറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ യഥാര്‍ഥ പേര്. പേരും പ്രതാപവുമുള്ള വിദ്യാസമ്പന്നമായ തറവാട്ടിലാണ്  അബുസ്സഊദ്  മുഹമ്മദിന്റെ ജനനം. അദ്ദേഹം പിതാവില്‍ നിന്നുതന്നെ ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പഠിച്ചെടുത്തു.  തുടര്‍ന്ന് പ്രഗത്ഭ പണ്ഡിതന്മാരുടെ ശിഷ്യത്വവും സ്വീകരിച്ചു. 

tafsir abu saud

വൈജ്ഞാനിക വിചക്ഷണനായ അദ്ദേഹം വിവിധ പാഠശാലകളില്‍ അധ്യാപനം നടത്തി. പിന്നീട് ഒരു പതിറ്റാണ്ടുകാലം വിവിധ സ്ഥലങ്ങളില്‍ ഖാളിയായും സേവനം ചെയ്തു. അതിനുശേഷം ഫത്‌വ സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏകദേശം 30 വര്‍ഷക്കാലത്തെ ഫത്‌വ മേഖലയിലെ പരിചയസമ്പന്നത അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ചതോടൊപ്പം സൂക്ഷ്മവും കൂര്‍മതയുള്ളതുമാക്കി തീര്‍ക്കുകയും ചെയ്തു. മതവിധികള്‍ നല്‍കുക എന്നത് അദ്ദേഹത്തിന് ഒരു കലയായി മാറിയിരുന്നു. സമകാലികര്‍ പറയുന്നത് ഇങ്ങനെ: അദ്ദേഹം ചോദ്യകര്‍ത്താവിന്റെ നിലവാരത്തില്‍ തന്നെയായിരുന്നു ഫത്‌വ നല്‍കിയിരുന്നത്. ചോദ്യം പദ്യരൂപത്തിലാണെങ്കില്‍ ഉത്തരവും വൃത്തവും  പ്രാസവുമൊപ്പിച്ച പദ്യ രൂപത്തിലായിരിക്കും. ചോദ്യം സാഹിത്യഭാഷയിലാണെങ്കില്‍ ഉത്തരവും സാഹീതിയമായിരിക്കും. അറബിയിലാണ് ചോദ്യമെങ്കില്‍ ഉത്തരവും അറബിയില്‍. ചോദ്യം തുര്‍ക്കി ഭാഷയിലാണെങ്കില്‍ ഉത്തരവും തുര്‍ക്കിയില്‍ (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍).

അധ്യാപനവും ഫത്‌വാ മേഖലയില്‍ ദീര്‍ഘകാലം വ്യാപൃതനായതുമാണ് രചനകള്‍ക്ക് വേണ്ടി ഒഴിഞ്ഞിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആ രചനകള്‍ക്കിടയിലാണ് ഇര്‍ശാദുല്‍ അഖ്‌ലുസലീം എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിനും അദ്ദേഹം സമയം കണ്ടെത്തിയത്. സ്വന്തം ഖുര്‍ആന്‍ വ്യാഖ്യാനം രചിക്കുന്നതിനു മുമ്പ് കശ്ശാഫ് എന്ന തഫ്‌സീറിന് അടിക്കുറിപ്പ് വ്യാഖ്യാനം അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗദ്യ-പദ്യ രചനകളിലെല്ലാം ആകര്‍ഷണീയമായ പുതുമ അനുഭവപ്പെട്ടിരുന്നു. ഹി: 982ല്‍ കോണ്‍സ്റ്റാന്‍ന്റിനോപ്പിളില്‍ വെച്ച് മരണമടഞ്ഞ അദ്ദേഹത്തെ അബൂ അയ്യൂബില്‍ അന്‍സാരിയുടെ ഖബറിനരികിലാണ് മറമാടിയിരിക്കുന്നത്.

ഘട്ടം ഘട്ടമായാണ് അദ്ദേഹം തന്റെ തഫ്‌സീര്‍ പ്രകാശനം ചെയ്തത്. ഹിജ്‌റ 973ല്‍ സൂറത്തു സ്വാദിന്റെ വ്യാഖ്യാനം പൂര്‍ത്തീകരിച്ച ശേഷം സുല്‍ത്താന്‍ സുലൈമാന്‍ ഖാന് അത് സമര്‍പ്പിക്കുകയും അദ്ദേഹമത് പൂര്‍ണാര്‍ഥത്തില്‍ സ്വീകരിക്കുകയും അബുസ്സഊദിന് പാരിതോഷികം നല്‍കുകയും ചെയ്തു. പിന്നീട് ഒരു വര്‍ഷം കൊണ്ട് ബാക്കി കൂടി പൂര്‍ത്തീകരിച്ച് സുല്‍ത്താന് നല്‍കുകയുണ്ടായി.

പൂര്‍വകാല ഖുര്‍ആന്‍ തഫ്‌സീറുകളില്‍ നിന്നും വിഭിന്നമായി അബുസ്സഊദ് തന്റെ തഫ്‌സീറില്‍ ഖുര്‍ആനിലെ സാഹിത്യ ശാസ്ത്രത്തിന്റെ (ബലാഗ) മനോഹാരിത വിശദീകരിക്കുന്നതിലാണ് ഏറെ ശ്രദ്ധ പുലര്‍ത്തിയത്. ഖുര്‍ആനിന്റെ ഭാഷയുടെ നിര്‍മലതയും ഭാഷാഘടനയിലെ കണിശതയും ചെറുവാക്യങ്ങളില്‍ ഒരായിരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഖുര്‍ആനിന്റെ കഴിവുമെല്ലാം അതിന്റെ അമാനുഷികതയുടെ ഭാഗമായിട്ടാണ്  അബുസ്സഊദ്  വ്യാഖ്യാനിക്കുന്നത്.  അതുകൊണ്ടുതന്നെ പ്രഗല്‍ഭരായ മുന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഭാഷാ വിചക്ഷണരും പറഞ്ഞതുപോലെ ഇദ്ദേഹത്തിന്റെ തഫ്‌സീര്‍, ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ ഒറ്റപ്പെട്ട തഫ്‌സീറാകുന്നു. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് വന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും ഗവേഷകര്‍ക്കും തഫ്‌സീറു അബുസ്സഊദ് ഒരു മുഖ്യാവലംബമാകുന്നു (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍).

പൂര്‍വകാല തഫ്‌സീറുകളില്‍ കണ്ടുവരുന്ന ഒരു പോരായ്മയാണ്  അവയിലെ ഇസ്രായേലിയത്തിലെ കെട്ടുകഥകളുടെ ആധിക്യം.  എന്നാല്‍  അബുസ്സഊദില്‍  ഇത്തരം കഥകള്‍ വളരെ വിരളമാണ്. ഉദ്ധരിച്ചവയുടെ സത്യസന്ധത പരിശോധിക്കുവാന്‍ ഗ്രന്ഥകാരന്‍ ഒരു പരിധി വരെ ശ്രമിച്ചിട്ടുമുണ്ട്. അതുപോലെതന്നെ അക്കാലത്തെ തഫ്‌സീറുകളില്‍ കണ്ടുവരുന്ന കര്‍മ ശാസ്ത്ര ചര്‍ച്ചകളും ഈ തഫ്‌സീറില്‍ കുറവാണ്. ചിലയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ തന്നെ മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ ചുരുക്ക രൂപത്തില്‍ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ് പതിവ്. മറ്റു തഫ്‌സീറില്‍ നിന്നും വിഭിന്നമായി നില്‍ക്കുന്നതുകൊണ്ട് തന്നെ പില്‍ക്കാല പണ്ഡിതര്‍ക്കിടയില്‍ വലിയസ്വീകാര്യത ലഭിച്ച തഫ്‌സീറാണ്  അബുസ്സഊദ്. അതുകൊണ്ടുതന്നെ അഞ്ചു വാല്യങ്ങളുള്ള ഈ തഫ്‌സീര്‍ പലതവണയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Feedback