രണ്ടു ജലാലുമാര്‍ എന്നാണ് ജലാലൈനി എന്ന വാക്കിന്നര്‍ഥം. തഫ്‌സീറിന്റെ പേര് തന്നെ ഗ്രന്ഥകര്‍ത്താക്കളെ കുറിക്കുന്നുണ്ട്. ജലാലുദ്ദീനുല്‍ മഹല്ലിയും ജലാലുദ്ദീനുസ്സുയൂഥിയുമാകുന്നു ജലൈലാനിയുടെ രചയിതാക്കളായ ജലാലുമാര്‍.
ഹിജ്‌റ 791ല്‍ ഈജിപ്തില്‍ ജനിച്ച ജലാലുദ്ദീന്‍ മുഹമ്മദ്ബ്‌നു അഹമ്മദ്ബ്‌നു മുഹമ്മദ് ബ്‌നു ഇബ്‌റാഹീം അല്‍മഹല്ലി കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഭാഷ, തര്‍ക്കശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. കച്ചവടം ജീവിതോപാധിയായി സ്വീകരിച്ച അദ്ദേഹം മതകാര്യങ്ങളില്‍ കണിശത വെച്ചു പുലര്‍ത്തുകയും സത്യം തുറന്നു പറയുന്നതില്‍ ഒരാളെയും വകവെക്കാതിരിക്കുകയും ചെയ്തു. ശറഹു ജംഇല്‍ ജവാമിഅ്, ശറഹുല്‍ മിന്‍ഹാജ്, ശറഹുല്‍ വറഖാത് എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ പ്രസിദ്ധമായവയത്രെ. നീട്ടിപ്പരത്തിപ്പറയാതെ ചുരുക്കശൈലിയിലുള്ള രചനകള്‍ക്കൊണ്ട് ശ്രദ്ധേയനായിരുന്നു മഹല്ലി.
ഹിജ്‌റ 849ല്‍ ജനിച്ച ജലാലുദ്ദീന്‍ അബുല്‍ ഫദ്ല്‍ അബ്ദുറഹ്മാനുബ്‌നു അബീബകറ്ബ്‌നു മുഹമ്മദ് അസ്സുയൂഥി തന്റെ അഞ്ചാം വയസ്സില്‍ തന്നെ അനാഥനായെങ്കിലും എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മികച്ച ബുദ്ധി കൂര്‍മതയുടെ ഉടമയായിരുന്നു. ഹദീസുകള്‍ സനദ് അടക്കം അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ മനഃപാഠമായിരുന്നു. നാല്‍പത് പിന്നിട്ടപ്പോള്‍ അദ്ദേഹം ആരാധനാ നിമഗ്നനായി ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെട്ടു. തുടര്‍ന്നുള്ള കാലം അമൂല്യ ഗ്രന്ഥങ്ങളുടെ രചനയില്‍ വ്യാപൃതനായി. മതവിജ്ഞാനീയങ്ങളിലും കവിതയിലും നൈപുണ്യം തെളിയിച്ച സൂയൂഥി ഹി: 911ല്‍ വിട പറയുന്നതിന്നിടയില്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍, ദുര്‍റുല്‍ മന്‍സൂര്‍, അല്‍ ഇത്ഖാന്‍ തുടങ്ങിയ അമൂല്യ രചനകള്‍ ഇസ്‌ലാമിക ലോകത്തിന് സമര്‍പ്പിക്കുകയുണ്ടായി.
തഫ്‌സീറുല്‍ ജലാലൈനിയുടെ രചനയ്ക്ക് തുടക്കം കുറിച്ചത് മഹല്ലിയായിരുന്നു. അദ്ദേഹം ആദ്യം സുറത്തുല്‍ കഹ്ഫ് മുതല്‍ സൂറത്തുന്നാസ് വരെ വ്യാഖ്യാനമെഴുതിയതിനു ശേഷമാണ് സൂറത്തുല്‍ ഫാത്തിഹയ്ക്ക് വിശദീകരണം ആരംഭിച്ചത്. അത് പൂര്‍ത്തീകരിച്ചപ്പോഴേക്കും മരണം അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് ജലാലുദ്ദീന്‍ അസ്സുയൂഥി ആ ദൗത്യമേറ്റെടുക്കുകയും സൂറത്തുല്‍ ബഖറ മുതല്‍ ഇസ്‌റാഅ് വരെയുള്ള ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍).
മഹല്ലിയുടെ രചനാശൈലി തന്നെയാണ് സുയൂഥിയും അവലംബിച്ചത്. ആയത്തുകള്‍ക്ക് ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വിവരണം നല്‍കിയതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് രചന പൂര്‍ത്തീകരിക്കുവാനും ഇതര തഫ്‌സീറുകളില്‍ നിന്നും വിഭിന്നിത പുലര്‍ത്തുവാനും ജലാലുമാര്‍ക്ക് സാധിച്ചു. എന്നാല്‍ അപൂര്‍വമായി വ്യാഖ്യാനങ്ങളില്‍ ഇരുവരും വിയോജിക്കുന്നത് കാണാം. സൂറത്തു സ്വാദില്‍ റൂഹിനെക്കുറിച്ച് അത് മനുഷ്യന് ജീവന്‍ നിലനിര്‍ത്താനാവശ്യമായ നിര്‍മല രൂപിയാണെന്ന് മഹല്ലി വ്യാഖ്യാനിക്കുമ്പോള്‍ സൂറ: ഇസ്‌റാഇല്‍ റൂഹ് അല്ലാഹുവിന്റെ അറിവിന്റെ പരിധിയില്‍ പെട്ടത് മാത്രമാണെന്നും അതിന് വ്യാഖ്യാനം നല്‍കാതിരിക്കലാണ് അഭികാമ്യമെന്നും സൂയൂഥി അഭിപ്രായപ്പെടുന്നു.
തഫ്‌സീര്‍ ജലാലൈനിയുടെ വ്യാഖ്യാനം ഇബ്‌നുകസീറിന്റേതുപോലെ ഖുര്‍ആനും സുന്നത്തും അവലംബമാക്കിക്കൊണ്ട് മാത്രമല്ല നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ പോലും അവയില്‍ കടന്നു കൂടിയിട്ടുണ്ട്. സമൂഹത്തിനിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില കഥകള്‍ ജലാലൈനിയില്‍ ഇടം പിടിക്കുകയും അത് ജലാലൈനിയുടെ ആധികാരികതയ്ക്ക് മങ്ങലേല്പിക്കുകയും ചെയ്തു. സൈനബി(റ)നെ പ്രവാചകന്‍ വിവാഹം കഴിച്ചത് അവളുടെ സൗന്ദര്യത്തിലും വശ്യതയിലും ആകൃഷ്ടനായി തന്റെ ദത്തുപുത്രനായ ഹാരിസിനെ ത്വലാഖിന് പ്രേരിപ്പിച്ചിട്ടാണെന്ന് ജലാലൈനി കുറിക്കുന്നു (അഹ്‌സ്വാബ് :36, ജലാലൈനി). ജലാലൈനിയിലെ ഇത്തരം സ്ഖലിതങ്ങളാണ് പില്കാലത്തെ ഇസ്‌ലാമിക ശത്രുക്കളായ യുക്തിവാദികളും മറ്റും പ്രവാചകന്‍ സ്ത്രീലമ്പടനാണെന്ന് ചിത്രീകരിക്കാന്‍ ആയുധമാക്കാറുള്ളളത്.
ഇതുപോലെത്തന്നെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ വ്യാഖ്യാനിക്കുന്നതിലും ജലാലൈനിയില്‍ അബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ട്. ശാസ്ത്രാവബോധം ഒട്ടും പുലര്‍ത്താതെ കെട്ടുകഥകള്‍ക്കനുസൃതമായി ഭൂമിയെയും മേഘങ്ങളെയും മറ്റും ജലാലൈനിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. രചയിതാക്കളുടെ ശാസ്ത്രത്തിലെ നിരക്ഷരത ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങളായി ഗണിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിസ്സാരമായി കാണുന്നതിന് പ്രേരകമായിട്ടുണ്ടന്ന് ജലാലൈനി വായനക്കാര്‍ക്ക് അനുഭവപ്പെടും. എന്നാല്‍ ഖുര്‍ആനിന്റെ അടിസ്ഥാനദര്‍ശമായ തൗഹീദിന് സൂക്ഷ്മ തലത്തില്‍ കണിശമായ വ്യാഖ്യാനം നല്‍കുന്നതില്‍ ജലാലൈനി മികച്ച നിലവാരം പുലര്‍ത്തിയിട്ടുമുണ്ട്.
തഫ്‌സീര്‍ ജലാലൈനിക്ക് പണ്ഡിത ലോകത്ത് ലഭിച്ച സ്വീകാര്യത കാരണമായി അതിന് ഒട്ടേറെ അനുബന്ധ ഗ്രന്ഥങ്ങള്‍ പിറവിയെടുക്കുകയുണ്ടായി. ഹാശിയത്തുല്‍ ജമല്‍, ഹാശിയത്തു സ്വാവീ എന്നിവ ജലാലൈനിയുടെ പ്രസിദ്ധമായ അനുബന്ധ ഗ്രന്ഥങ്ങളാകുന്നു. ഇവയ്ക്കു പുറമെ ഖബ്‌സുന്നയ്യിറൈനി, അല്‍ജമാലൈനി, മജ്മഉല്‍ ബഹ്‌റൈനി വമത്‌ലഉല്‍ ബദ്‌റൈനി എന്നിവയും ജലാലൈനിക്കുവേണ്ടി വിരചിതമായവയാണ്.