സൂറ അത്തൗബയിലെ 102ാം വചനം: 'തങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചുപറയുന്ന വേറെ ചിലരുണ്ട്. സത്ക്കര്‍മവും ദുഷ്‌കര്‍മവും അവര്‍ കൂട്ടിക്കലര്‍ത്തി. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'(9:102).
അബൂലുബാബയെയും കൂട്ടരെയും കുറിച്ച് ഇറങ്ങിയ വചനമാണിത്.
തബൂക്ക് യുദ്ധത്തില്‍ നിന്ന് മാറി നിന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും അതല്ല, ബനൂഖുറൈദാ യുദ്ധത്തില്‍ അദ്ദേഹം സ്വീകരിച്ച നയമാണ് കാരണമെന്നുമുള്ള രണ്ട് അഭിപ്രായമുണ്ട്.
അബൂലുബാബയും കൂട്ടരും തബൂക്ക് യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ മന:ക്ലേശമുണ്ടായ ഇവര്‍ പറഞ്ഞു: 'അല്ലാഹുവാണ് സത്യം, ഞങ്ങള്‍ സ്വശരീരങ്ങളെ തൂണുകളില്‍ കെട്ടിയിടും. നബി ഞങ്ങളുടെ ഖേദം സ്വീകരിച്ച് കെട്ടഴിച്ചു തന്നാലല്ലാതെ ഞങ്ങള്‍ ബന്ധനത്തില്‍ നിന്ന് മോചിതരാവുകയില്ല' എന്നു പറഞ്ഞ് അവര്‍ തൂണുകളില്‍ സ്വയം ബന്ധിതരായി. തൂണുകളില്‍ ബന്ധിക്കാതെ മൂന്നുപേര്‍ അവശേഷിക്കുകയും ചെയ്തു. പ്രവാചകന്‍ യുദ്ധത്തില്‍ നിന്ന് തിരിച്ചുവന്ന് പള്ളിയിലേക്ക് നടന്നു. അതിനിടിയില്‍ ഈ രംഗം കണ്ട് അതെന്താണെന്ന് അന്വേഷിച്ചു. അങ്ങയുടെ കൂടെ വരാന്‍ മടികാണിച്ച അബൂലുബാബയും കൂട്ടരുമാണതെന്നും അങ്ങ് കെട്ടഴിച്ചുകൊടുത്താലല്ലാതെ അവര്‍ മോചിതരാകില്ലെന്നുമാണവര്‍ പറയുന്നതെന്നും കൂടെയുള്ളവര്‍ പറഞ്ഞുകൊടുത്തു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എനിക്ക് കല്പന കിട്ടാതെ ഞാനവരുടെ കെട്ടഴിക്കുകയില്ല, അല്ലാഹു മാപ്പ് കൊടുക്കാതെ ഞാനവര്‍ക്ക് മാപ്പ് കൊടുക്കുകയില്ല. സ്വശരീരങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെ അവര്‍ അവഗണിച്ചിരിക്കുന്നു'. ഇതിനെത്തുടര്‍ന്നാണ് ഈ സൂക്തം ഇറങ്ങിയതെന്നും തുടര്‍ന്ന് പ്രവാചകന്‍ അവര്‍ക്ക് കെട്ടഴിച്ചു നല്‍കിയെന്നുമാണ് ഒരു അഭിപ്രായ മുള്ളത്.
മറ്റൊരു അഭിപ്രായം ഖുറൈദക്കാരുടെ വിഷയത്തിലാണ്.
ഖുറൈദക്കാരായ ജൂതന്‍മാര്‍ തിരുമേനിയോട് ചെയ്ത കരാര്‍ ലംഘിച്ചു. ഇത് തുടര്‍ക്കഥയായപ്പോള്‍ ശാശ്വതപരിഹാരത്തിനായി പ്രവാചകന്‍ ഇവര്‍ക്കെതിരില്‍ ശക് തമായ ഉപരോധം ഏര്‍പ്പെടുത്തി. ഗത്യന്തരമില്ലാതെ അവര്‍ സന്ധിക്കുവന്നു. ഈ സമയം വിദഗ്‌ധോപദേശം നേടാന്‍ അബൂലുബാബയെ തങ്ങളുടെ അടുക്കലേക്ക് അയക്കണമെന്ന് ഖുറൈദക്കാര്‍ നബിയോട് അഭ്യര്‍ഥിച്ചു. അബൂലുബാബയുടെ സ്വത്തും കുടുംബവുമെല്ലാം ഖുറൈദക്കാരുടെ നാട്ടിലാണ്. ഈ ബന്ധത്തിന്റെ പേരിലായിരുന്നു അത്. ഇതുപ്രകാരം തിരുമേനി അബൂലുബാബയെ അയച്ചുകൊടുത്തു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഒാടിക്കൂടി കണ്ണീര്‍തൂവി. ഞങ്ങള്‍ എന്തുചെയ്യണമെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്റെ തീര്‍പ്പിന് നിങ്ങള്‍ വഴങ്ങണം, ഇല്ലെങ്കില്‍ കശാപ്പ് ചെയ്യും എന്നര്‍ത്ഥത്തില്‍ അബൂലുബാബ കഴുത്തിന് നേരെ ആംഗ്യം കാട്ടി. ചെയ്തത് അബദ്ധമായെന്ന് പിന്നീടാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവരുടെ കാര്യത്തില്‍ പ്രവാചകന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിനുള്ള സൂചനയാണ് താന്‍ നല്‍കിയത്. അഭ്യന്തര രഹസ്യം വെളിപ്പെടുത്തരുതായിരുന്നു. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം തിരിഞ്ഞുനടന്നു.
തിരുമേനിയുടെ പള്ളിയില്‍ ഉമ്മുസലമയുടെ വാതിലിനടത്തുള്ള ഒരു തൂണില്‍ സ്വശരീരം ബന്ധിച്ചു. ഈ തൂണ്‍ പില്‍ക്കാലത്ത് അബൂലുബാബയുടെ തൂണ്‍ എന്നപേരിലറിയപ്പെട്ടു. പത്ത് ദിവസത്തിലധികം ഭക്ഷണോ വെള്ളമോ കഴിക്കാതെ ഈ നിലയില്‍ തന്നെ കഴിച്ചുകൂട്ടി. ഓരോ നമസ്‌കാരത്തിനും ഭാര്യ വന്ന് കെട്ടഴിച്ചുകൊടുക്കും. നമസ്‌കാരം കഴിഞ്ഞാല്‍ വീണ്ടും പഴയപോലെ ബന്ധനസ്ഥനാവും. ഒടുവില്‍ പാടെ അവശനായി ബോധം നഷ്ടമാകുന്ന അവസ്ഥയുണ്ടായി. അപ്പോഴാണ് പ്രവാചകന് ഈ ആയത്ത് ഇറങ്ങുന്നത്. അന്ന് അര്‍ധരാത്രി പ്രവാചകന്‍ സന്തോഷംകൊണ്ട് ചിരിക്കുന്നത് കണ്ട ഉമ്മുസലമ കാരണമന്വേഷിച്ചു. അബൂലുബാബക്ക് മാപ്പ് കിട്ടിയെന്നായിരുന്നു അതിന് പ്രവാചകന്റെ മറുപടി. മാപ്പു വിവരമറിഞ്ഞ ആളുകള്‍ തടിച്ചുകൂടി. പ്രവാചകന്‍ വന്ന് കെട്ടഴിച്ചുതരണമെന്ന് അബൂലുബാബ ആവശ്യപ്പെട്ടു. അങ്ങനെ പ്രവാചകന്‍ വന്ന് കെട്ടഴിക്കുകയായിരുന്നു.
രണ്ട് സംഭവങ്ങളിലും ഏതാണ് ശരിയെന്ന കൃത്യമായ അഭിപ്രായങ്ങളില്ലെങ്കിലും തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ടുള്ള സംഭവത്തിനാണ് കൂടുതല്‍ സാധ്യതയെന്ന് ഇബ്നു ജരീര്‍ സമര്‍ഥിക്കുന്നുണ്ട്.
ഏതായാലും തെറ്റ് പറ്റിയെന്ന് ബോധ്യമായപ്പോള്‍ അത് രഹസ്യമാക്കിവെക്കാന്‍ തയ്യാറാകാതെ കുറ്റസമ്മതം നടത്തുകയും ആത്മാര്‍ഥമായി ഖേദിച്ചുമടങ്ങുകയും ജീവിതം നന്നാക്കിയെടുക്കുകയും ചെയ്ത അബൂലുബാബയുടെ ജീവിതമാണ്് ഇവിടെ മാതൃകയാകുന്നത്.
ബശീറുബ്‌നു അബ് ദില്‍ മുന്‍ദിര്‍ എന്നാണ് ശരിയായ പേര്. പിതാവ്: അബ്ദുല്‍ മുന്‍ദിരിബ്നു സന്‍ബര്‍. അലി(റ)യുടെ ഭരണകാലത്താണ് മരണം.