Skip to main content

ഉസൈദ് ബിൻ ഹുദൈര്‍(റ)

മദീനയിലെ ഔസ് ഗോത്രത്തലവനും അറബികളില്‍ പ്രഗത്ഭ പടയാളിയുമായിരുന്നു ഉസൈദുബ്‌നു ഹുദൈര്‍. വിളിപ്പേര് അബൂയഹ്‌യ. പിതാവ് ഹുദൈറുബ്‌നു സിമാക്. ഇസ്‌ലാമിന്റെ പ്രഥമ പ്രചാരകനായ മുസ്വ്അബുബ്‌നു ഉമൈര്‍ മദീനയില്‍ ഖസ്‌റജ് ഗോത്രനേതാവായ അസ്അദുബ്‌നു സുറാറയുമൊത്ത് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്നിടയിലാണ് ഉസൈദ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്.

മുസ്അബിനെയും കൂട്ടരെയും ഭീഷണിപ്പെടുത്തി ആട്ടിയോടിക്കാന്‍ പുറപ്പെട്ട ഉസൈദ്, മുസ്അബിന്റെ നയപരമായ സമീപനത്തില്‍ വശംവദനായി ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുകയും ശഹാദത്ത് കലിമ ഉച്ചരിക്കുകയുമായിരുന്നു. തന്റേടവും പക്വതയും സ്വഭാവമഹിമയും കാരണം അനുയായികള്‍ കാമില്‍ (സമ്പൂര്‍ണന്‍) എന്നാണ് വിളിച്ചിരുന്നത്. ഭരണപാടവത്തിന് പുറമെ അക്ഷരജ്ഞാനവുമുള്ള വ്യക്തിയായിരുന്നു ഉസൈദ്. ഉസൈദിന്റെ ഇസ്‌ലാം ആശ്ലേഷം സഅ്ദുബ്‌നു മുആദിന്റെ പരിവര്‍ത്തനത്തിന് കാരണമായി. ഔസ് ഗോത്രക്കാര്‍ ഒട്ടനനേകം പേര്‍ ഇസ്‌ലാമിലേക്ക് വരാനും മദീനയെ മുഹമ്മദ് നബിയുടെ പ്രവര്‍ത്തനകേന്ദ്രവും ഇസ്‌ലാമിക സമൂഹത്തിന്റെ ആസ്ഥാനവുമാക്കി മാറ്റാനും കാരണമായത് ഉസൈദിന്റെ ഇസ്‌ലാമാശ്ലേഷമാണ്.

സ്വരമാധുര്യത്താലും അക്ഷരസ്ഫുടതയാലും ഉസൈദിന്റെ ഖുര്‍ആന്‍ പാരായണം ഏറെ ആകര്‍ഷണീയമായിരുന്നു.

പ്രവാചകനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തീവ്രമായിരുന്നു, ഖുര്‍ആന്‍ ഓതുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴും നബി(സ്വ) പ്രസംഗിക്കുന്നതോ സംസാരിക്കുന്നതോ നോക്കി നില്‍ക്കുമ്പോഴുമാണ് തനിക്ക് ഏറ്റവുമധികം ആത്മ സംതൃപ്തി കൈവരുന്നതെന്ന് ഉസൈദ് പ്രസ്താവിക്കുന്നു. തന്റെ ശരീരം തിരുമേനിയുടെ ശരീരത്തില്‍  സ്പര്‍ശം നടത്തണമെന്ന മോഹം അദ്ദേഹത്തിന് സാധിച്ചു. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകനെ രക്ഷിക്കാന്‍ മാരകമായി ഏഴ് കുത്തുകള്‍ ഉസൈദ് സ്വശരീരത്തില്‍ ഏറ്റുവാങ്ങി.

പ്രവാചകന്‍ ഉസൈദിനെയും അളവറ്റ് സ്‌നേഹിച്ചു. അദ്ദേഹത്തിന്റെ ഇസ്‌ലാമിലെ പാരമ്പര്യ ത്തെയും സേവനങ്ങളെയും വിലമതിച്ചു. ഉസൈദിന്റെ ശിപാര്‍ശകള്‍ക്ക് നബി(സ്വ) പ്രാധാന്യം കല്പിച്ചു. ഒരു അന്‍സ്വാരി കുടുംബത്തിന്റെ ദയനീയാവസ്ഥ പ്രവാചകരെ ധരിപ്പിച്ചതിന്റെ പ്രകാരം ഖൈബറില്‍ നിന്ന് കിട്ടിയ സ്വത്തില്‍നിന്ന് ആ കുടുംബത്തിന് നിര്‍ലോപം സഹായം ലഭിക്കുകയുണ്ടായി. ഹിജ്‌റ 20ാം കൊല്ലം ശഅ്ബാനില്‍ ഉസൈദുബ്‌നു ഹുദൈര്‍ നിര്യാതനായി. മരിക്കുമ്പോള്‍ ഉസൈദിനുണ്ടായിരുന്ന നാലായിരം സ്വര്‍ണനാണയം കടം, ഭൂമിയിലെ ഉത്പന്നങ്ങള്‍ പ്രതിവര്‍ഷം ആയിരം ദിര്‍ഹം വിലക്ക് നാലുകൊല്ലത്തേക്ക് വ്യവസ്ഥ ചെയ്ത് ഖലീഫ ഏറ്റെടുത്തു. ഖലീഫ ഉമര്‍ ഉസൈദ്ബുനു ഹുദൈറിന്റെ ജനാസ ചുമലിലേറ്റി തന്റെ നേതൃത്വത്തില്‍ ഖബറടക്കുകയും ചെയ്തു.  


 

Feedback