ഹിജ്‌റവര്‍ഷം എട്ട്. ഹവാസിന്‍, സഖീഫ് ഗോത്രങ്ങളുടെ ഭീഷണയില്ലാതാക്കാന്‍ 12000 സൈനികരുമായി നബി(സ്വ) ഹുനൈനിലേക്ക് തിരിച്ചു. ദുര്‍ഘടപാതയും പ്രയാസനിര്‍ഭരയാത്രയും. പുറമെ, മക്കാവിജയം ഉണ്ടാക്കിയെടുത്ത അമിതമായ ആത്മവിശ്വാസവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ കനത്ത തിരിച്ചടിയില്‍ മുസ്‌ലിം സൈന്യം കളംവിട്ട് പരക്കം പാഞ്ഞു. നബി(സ്വ)യും ഏതാനും പേരും മാത്രം ഹുനൈന്‍ യുദ്ധക്കളത്തില്‍ വട്ടം തിരിഞ്ഞു.
ഈ ദശാസന്ധിയില്‍ തിരുനബിയുടെ വെള്ളക്കഴുതയുടെ മൂക്കുകയറും പിടിച്ച് ഒരാള്‍ മരണമുഖത്ത് സധൈര്യം നിലകൊണ്ടു. അയാള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു ''അന്‍സ്വാരികളേ, പ്രതിജ്ഞാബദ്ധരേ, നിങ്ങള്‍ എങ്ങോട്ടാണ് ഓടുന്നത്? പ്രവാചകനിതാ ഇവിടെ, ഇങ്ങോട്ട് വരൂ...''.
ഗാംഭീര്യമാര്‍ന്ന ആ ശബ്ദം കേട്ടവര്‍ തരിച്ചു നിന്നു. 'നബി(സ്വ)യെ തനിച്ചാക്കി ഞങ്ങള്‍ പിന്തിരിഞ്ഞോടുകയോ? അവര്‍ ശക്തി സംഭരിച്ച് പതിന്മടങ്ങ് ആവേശത്തോടെ തിരിച്ചുവന്നു. ആ മലവെള്ള പ്രവാഹത്തില്‍ സഖീഫ്, ഹവാസിന്‍ ഗോത്രങ്ങള്‍ മുങ്ങിപ്പോയി. കൈവിട്ട വിജയം തിരിച്ചുപിടിച്ചു. പിന്തിരിഞ്ഞോടിയവരെ തിരിച്ചു വിളിച്ച ആ ശബ്ദത്തിന്റെ ഉടമ അബ്ബാസുബ്‌നു അബ്ദില്‍ മുത്വലിബ്(റ) ആയിരുന്നു.
ഖുറൈശ് ഗോത്രം, ഹാശിം കുടുംബം, അബ്ദുല്‍ മുത്തലിബിന്റെ മകന്‍, തിരുനബിയുടെ പിതൃസഹോദരന്‍, അവിടുത്തെ സഹായി. നബി(സ്വ) ജനിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് ജനിച്ചു. തിരുപത്‌നി മൈമൂന ബിന്‍ത് ഹാരിസിന്റെ സഹോദരി ലുബാബ(റ)യാണ് ഭാര്യ. 'ജ്ഞാനികളുടെ ഗുരു' എന്നറിയപ്പെട്ട പ്രസിദ്ധപണ്ഡിതന്‍ അബ്ദുല്ല (ഇബ്‌നുഅബ്ബാസ്) അടക്കം പത്തു മക്കള്‍. അബുല്‍ഫദ്ല്‍ എന്ന പേരില്‍ അറിയപ്പെട്ടു.
നബി(സ്വ)യുടെ കാലത്തെ അവസാനത്തെ മുഹാജിറാണ് അബ്ബാസ്(റ). അതിന് കാരണമുണ്ട്. തിരുനബി(സ്വ)യുടെ പിതൃസഹോദരനാണെങ്കിലും കളിക്കൂട്ടുകാരന്‍ കൂടിയാണ് അബ്ബാസ്(റ). പ്രവാചകത്വം കിട്ടിയപ്പോള്‍ ആദ്യം നബി(സ്വ) തന്റെ കുടുംബത്തെയാണ് ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. യഥാര്‍ഥത്തില്‍ അബ്ബാസ്(റ) അപ്പോള്‍ തന്നെ മനസ്സുകൊണ്ട് മുസ്‌ലിമായിരുന്നു. എന്നാല്‍ അത് പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, ഭാര്യ ലുബാബ (ഉമ്മുല്‍ ഫദ്ല്‍) മുസ്‌ലിമാവുകയും ചെയ്തു.
ബദ്ര്‍ യുദ്ധത്തിലേക്ക് നിര്‍ബന്ധിതനായാണ് അബ്ബാസ് ഖുറൈശി പക്ഷക്കാരനായി വന്നത്. ഇക്കാര്യം നബി(സ്വ) മുസ്‌ലിം സേനാനികളെ അറിയിക്കുകയും അബ്ബാസിനെ കൊല്ലരുതെന്നും ബന്ദിയാക്കിയാല്‍ മതിയെന്നും പറയുകയും ചെയ്തിരുന്നു. അബ്ബാസി(റ)ന്റെ ഈ അവസ്ഥയെ ഖുര്‍ആന്‍ അന്‍ഫാല്‍ 70ല്‍ സൂചിപ്പിക്കുന്നുണ്ട്.
മക്കയില്‍ നിര്‍ണായക വേളകളിലെല്ലാം അബ്ബാസ് നബി(സ്വ)യുടെ സംരക്ഷകനായിട്ടുണ്ട്. ഹിജ്‌റക്ക് രംഗമൊരുക്കിയ അഖബ ഉടമ്പടി ഖുറൈശികളറിയാതെ രഹസ്യമായാണ് നടന്നത്. അതില്‍ നബി(സ്വ)യുടെ മദീനയിലെ സംരക്ഷണം സംബന്ധിച്ച കരാര്‍ ഉറപ്പാക്കിയത് അബ്ബാസായിരുന്നു. അന്നും അദ്ദേഹം ഇസ്‌ലാം പ്രഖ്യാപിച്ചിട്ടില്ല.
മുസ്‌ലിംകള്‍ ഹിജ്‌റ തുടങ്ങിയപ്പോള്‍ ഭാര്യ ഉമ്മുല്‍ഫദ്‌ലിനെയും മക്കളെയും ഹിജ്‌റ പോവാന്‍ അനുവദിക്കുകയും ചെയ്തു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അബ്ബാസ് ഒടുവിലത്തെ മുഹാജിറായി മദീനയിലെത്തുന്നത്. മക്ക വിജയത്തിന് ശേഷമാണ് അദ്ദേഹം ഇസ്‌ലാം പ്രവേശം പരസ്യമായി പ്രഖ്യാപിച്ചത്. പിന്നീട് ഹുനൈന്‍ യുദ്ധത്തില്‍ വീരോചിതം അടരാടുകയും ചെയ്തു. ''നബി(സ്വ) അബ്ബാസിനെപ്പോലെ മറ്റാരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. 35 ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്ത ഈ മഹാനുഭാവന്‍ 88ാം വയസ്സില്‍ ഹിജ്‌റ 32 റജബ് 12 നാണ് നിര്യാതനായത്.