Skip to main content

സൈദ് ബിൻ ഖത്ത്വാബ്(റ)

ഉമറുബ്‌നുല്‍ ഖത്വാബിന്റെ ജ്യേഷ്ഠനാണ് സൈദ്. ഉമറിനു മുമ്പ് ഇസ്‌ലാമില്‍ വരികയും ദൈവമാര്‍ഗത്തില്‍ യമാമ യുദ്ധത്തില്‍ രക്തസാക്ഷിയാവുകയും ചെയ്തു. നിശ്ശബ്ദ സേവകന്‍. നബി(സ്വ)യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖുറൈശ് ഗോത്രത്തിലെ ഖത്വാബുബ്‌നു നുഫൈഖയായിരുന്ന പിതാവ്.

അബൂബക്ര്‍(റ)ന്റെ ഭരണ കാലത്ത് കള്ള പ്രവാചകനായി രംഗത്ത് വന്ന മുസൈലിമയുടെ കൂടെ ഇസ്‌ലാം മതത്തില്‍ നിന്ന് കൂറുമാറി നിലയുറപ്പിച്ച റജ്ജാലുബ്‌നു ഉന്‍ഫുവയുടെ ചെയ്തികള്‍, സൈദുബ്‌നുല്‍ ഖത്താബിന്റെയുള്ളില്‍ വല്ലാത്ത പ്രയാസമുണ്ടാക്കി. ഇസ്‌ലാമിന് മുസൈലിമയേക്കാള്‍ വലിയ ശത്രു റജ്ജാലാണെന്ന് സൈദ് മനസ്സിലാക്കി. പ്രവാചകന്റെ കൂടെ നിന്ന കാലത്തെ ബന്ധങ്ങളെല്ലാം റജ്ജാല്‍ ദുരുപയോഗം ചെയ്ത് മുസൈലിമയെ സഹായിക്കുകയായിരുന്നു.

കാപട്യത്തോടും സ്വാര്‍ഥതയോടും അനുജന്‍ ഉമറിനെപ്പോലെ കഠിന വിരോധമായിരുന്നു സൈദിനും. യമാമ യുദ്ധത്തില്‍ പടത്തലവന്‍ ഖാലിദുബ്‌നുല്‍വലീദ് കൊടിയേല്‍പ്പിച്ചത് സൈദ്ബ്‌നുല്‍ ഖത്വാബിനെയായിരുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യമാവട്ടെ റജ്ജാലും. റജ്ജാലിനെ സൈദ് വകവരുത്തി. അയാളുടെ മരണം മുസൈലിമയുടെയും മറ്റൊരു കൂട്ടാളിയായ മഹ്കമുബ്‌നു ത്വുഫൈലിന്റെയും മന:ശക്തി നശിക്കാന്‍ കാരണമാക്കി. യുദ്ധത്തില്‍ മുസ്‌ലിം പക്ഷം വിജയിച്ചു. ഹിജ്‌റ 12ല്‍ നടന്ന പ്രസ്തുത യുദ്ധത്തില്‍ സൈദുബ്‌നുല്‍ ഖത്താബ് രക്തസാക്ഷിയായി.

Feedback