ജാഹിലിയ്യാ കാലത്ത് വിഗ്രഹപൂജ ദിനചര്യയാക്കിയ അംറുബിന്‍ അല്‍ ജമൂഹ് മുസ്അബ് ബിന്‍ ഉമൈര്‍ വഴിയാണ് ഇസ്ലാമിലെത്തുന്നത്. മദീനയില്‍ ഇസ്ലാമിന്റെ സ്വാധീനം അതിവേഗം വര്‍ധിച്ചുവരുന്നതും പ്രമുഖന്‍മാര്‍ സ്വമേധയാ ഇസ്ലാമിലേക്ക് കടന്നുവരുന്നതും പതിവായതോടെ അംറിന്റെ കുടുബത്തിലെ നാലുപേര്‍ ഇസ്‌ലാം സ്വീകരിച്ചു. അംറിന്റെ ഭാര്യ ഹിന്ദ് മക്കളായ മുഅവ്വദ്, മുആദ്, ഖല്ലാദ് എന്നിവര്‍. എന്നാല്‍ ഈ വിവരം അംറ് അറഞ്ഞിരുന്നില്ല. ബഹുദൈവ വിശ്വാസത്തില്‍ അത്രമാത്രം കടിച്ചുതൂങ്ങിക്കിടക്കുന്ന അംറ് അവിശ്വാസിയായി മരിച്ച് നരകാവകാശിയായിത്തീരുമോ എന്ന ആശങ്കയിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ്.
ഗോത്രകാരണവരും ഉദാരമതിയുമായിരുന്നു അംറ്ബിന്‍ ജമൂഹ്. പൊതുവിഗ്രഹത്തിന് പുറമെ സ്വന്തമായി വീട്ടില്‍ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച് പൂജയും ബലിയും നടത്തുന്ന പതിവ് അംറിനുമുണ്ടായിരുന്നു. മേത്തരം മരം കൊണ്ട് നിര്‍മിച്ച തന്റെ 'മനാത്ത്' ദിവസവും തുടച്ചുമിനുക്കി സുഗന്ധം പൂശി ഭക്ത്യാദര പൂര്‍വം പരിപാലിച്ചിരുന്നു അദ്ദേഹം.
പ്രവാചകന്‍ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ മദീനയില്‍ പ്രചരിപ്പിക്കാനായി മുസ്അബ് ബിന്‍ ഉമൈര്‍ എത്തിയ വിവരവും ധാരാളം പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ദിനേന ഇസ്‌ലാമില്‍ പ്രവേശിക്കുന്നതും അംറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തന്റെ മക്കളാരെങ്കിലും മുസ്അബിന്റെ വലയില്‍പെട്ട് പിതാമഹന്‍മാരുടെ മതം വെടിയുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ നേരത്തെ തന്നെ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞ വിവരം അദ്ദേഹമറിഞ്ഞിരുന്നില്ലെന്ന് മാത്രം.
ഒരുനാള്‍ അംറ് ഭാര്യയെ വിളിച്ച് നമ്മുടെ മക്കള്‍ മുസ്അബിന്റെ വലയില്‍പ്പെടുന്നത് ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തി. ശ്രദ്ധിക്കാമെന്നും മകന്‍ മുആദ് മുസ്അബില്‍ നിന്ന് കേട്ട് പഠിച്ച ചില കാര്യങ്ങള്‍ താങ്കള്‍ കേള്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്നുമാരാഞ്ഞ ഭാര്യയോട് അംറ് കയര്‍ക്കകുയും അവനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിതാവിന്റെ മുന്നിലെത്തിയ മുആദ് സൂറത്തുല്‍ ഫാത്തിഹ ഈണത്തില്‍ ഓതിക്കേള്‍പ്പിച്ചു. സുന്ദരമായ ഖുര്‍ആന്‍ വചനങ്ങള്‍ അംറിന്റെ മനസ്സില്‍ ചലനമുണ്ടാക്കി. എത്ര സുന്ദരമായ വാക്കുകള്‍. മുസ്അബിന്റെ മുഴുവന്‍ വാക്കുകളും ഇത്ര സുന്ദരമാണോ? അംറ് ആരാഞ്ഞു. 'ഇതിനെക്കാള്‍ വിശേഷപ്പെട്ടതുമുണ്ട്. താങ്കള്‍ക്ക് അദ്ദേഹത്തോട് പ്രതിജ്ഞ ചെയ്യണമെന്നുണ്ടോ. താങ്കളുടെ അനുയായികള്‍ മുഴുവന്‍ ഇതിനകം പ്രതിജ്ഞ ചെയ്തുകഴിഞ്ഞു'വെന്നും മകന്‍ മുആദ് മറുപടി നല്‍കി.
എന്നാല്‍ തന്റെ മനാത്തിനോട് ചോദിക്കാതെ കാര്യം തീരുമാനിക്കാനാവില്ലെന്ന് പറഞ്ഞൊഴിയുകയാണ് അംറ് ചെയ്തത്. വിഗ്രഹത്തിന്റെ അഭിപ്രായമാരായാന്‍ അതിനോട് സംസാരിക്കുമ്പോള്‍ വിഗ്രഹത്തിന്റെ പിറകില്‍ ഒരു കിഴവിയെ നിര്‍ത്തുകയും വിഗ്രഹത്തിന് വേണ്ടി അവര്‍ സംസാരിക്കുകയുമാണ് ചെയ്തിരുന്നത്. വിഗ്രഹം തോന്നിപ്പിക്കുന്നത് കിഴവി സംസാരിക്കുമെന്നായിരുന്നു വിശ്വാസം. തീരുമാനമറിയാനായി അംറ് വിഗ്രഹത്തിന് മുന്നില്‍ ചെന്ന് അഭിപ്രായമാരാഞ്ഞു. വിഗ്രഹം മിണ്ടുന്നില്ല. നിനക്കെന്നോട് അരിശമാണോ. അഹിതമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. നിന്റെ അരിശം മാറുന്നതുവരെ കുറച്ചു ദിവസംകൂടി ഞാന്‍ കാത്തിരിക്കാമെന്ന് പറഞ്ഞ് അംറ് തിരിച്ചുപോന്നു.
മനാത്തിനോടുള്ള അംറിന്റെ വിശ്വാസവും മതിപ്പും തകരുന്ന സൂചനകള്‍ ഇതിനിടക്ക് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചു. ഇത് നിശ്ശേഷം തകര്‍ന്നാല്‍ അദ്ദേഹത്തിന്റെ ഇസ്ലാം പ്രവേശം സുഗമമാകുമെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി. കൂട്ടുകാരനായ മുആദ് ബിന്‍ജബലിനെയും കൂട്ടി ഒരു ദിവസം രാത്രി അംറിന്റെ മക്കള്‍ വിഗ്രഹത്തെ അബൂസലമക്കാരുടെ കുപ്പത്തൊട്ടിയിലെറിഞ്ഞു. വിഗ്രഹത്തെ കാണാതെ അസ്വസ്ഥനായ അംറ് കുപ്പത്തൊട്ടിയില്‍ നിന്ന് അത് കണ്ടെടുത്ത് സുഗന്ധം പൂശി തല്‍സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. അടുത്ത ദിവസവും മുആദിനൊപ്പം മക്കള്‍ വിഗ്രഹത്തെ കുപ്പത്തൊട്ടിയിലെറിഞ്ഞു. സംഭവമറിഞ്ഞ അംറ് കോപിഷ്ടനായി. 'ദൈവമാണേ, ഈ ചെയ്തവനാരായാലും അവനെ ഒരു പാഠം പഠിപ്പിക്കും'. അംറ് പറഞ്ഞു. വീണ്ടും വിഗ്രഹത്തെ കഴുകി വൃത്തിയാക്കി സുഗന്ധം പൂശി യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ചു. തുടര്‍ന്നും അനുഭവം ആവര്‍ത്തിച്ചപ്പോള്‍ വിഗ്രഹത്തിന്റെ കഴുത്തില്‍ തന്റെ വാള്‍ തൂക്കി അംറ് ഇങ്ങനെ പറഞ്ഞു: 'നിന്നെ ദ്രോഹിക്കുന്നവര്‍ ആരെന്ന് എനിക്കറിയില്ല. നിനക്ക് കഴിവുണ്ടെങ്കില്‍ നീ തന്നെ സ്വരക്ഷക്ക് വേണ്ടത് ചെയ്യുക. വാള്‍ ഇവിടെ വെക്കുന്നുണ്ട്.' ഇത്രയും പറഞ്ഞ് അദ്ദേഹം ഉറങ്ങാന്‍ പോയി. അന്നും സംഭവം ആവര്‍ത്തിച്ചു. വിഗ്രഹത്തെ ചത്ത നായയോട് കൂട്ടിക്കെട്ടി കുഴിയിലിട്ടു. കാലത്ത് അന്വേഷിച്ച് ചെന്ന അംറിന് കുപ്പത്തൊട്ടിയില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന വിഗ്രഹത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സില്‍ ചലനങ്ങളുണ്ടായി. 'ദൈവമാണെങ്കില്‍ ചത്ത നായയോടൊപ്പം നീ കുഴിയില്‍ കിടക്കില്ല' എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഏറെ താമസിയാതെ ഇസ്ലാമിന്റെ തണലിലെത്തി.
വൃദ്ധനായ ശേഷമാണ് അദ്ദേഹം ഇസ്ലാമിലെത്തുന്നത്. ഇസ്ലാമിന്റെ മാധുര്യം നുണയാന്‍ വളരെ വൈകിയതില്‍ അദ്ദേഹം ഏറെ ദു:ഖിച്ചു. തുടര്‍ന്ന് തന്റെ ശരീരവും മനസ്സും ഇസ്ലാമിന് വേണ്ടി ഉഴിഞ്ഞുവെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ സമയത്താണ് ബദ്ര്‍ യുദ്ധം വരുന്നത്. അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും വികലാംഗനും വൃദ്ധനുമായതിനാല്‍ അംറിന് സൈന്യത്തില്‍ ചേരാനായില്ല. മക്കളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് ഉഹ്ദ് എത്തിയപ്പോഴും മക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ മക്കളോട് ദേഷ്യപ്പെട്ട് പരാതിയുമായി അദ്ദേഹം പ്രവാചക സന്നിധിയിലെത്തി. 'അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക് പുണ്യം കിട്ടരുതെന്നാണ് മക്കളുടെ ഉദ്ദേശ്യം. ഞാന്‍ മുടന്തനാണെന്ന് പറഞ്ഞ് അവര്‍ തടസ്സം നില്‍ക്കുന്നു. എനിക്ക് ഈ മുടന്തുമായി സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നാണ് ആഗ്രഹം'. അദ്ദേഹം നബിയോട് ഉണര്‍ത്തി.
പ്രവാചകന്‍ മക്കളോട് അദ്ദേഹത്തെ തടയേണ്ടെന്നും അദ്ദേഹം ഈ യുദ്ധത്തില്‍ രക്തസാക്ഷിയായേക്കുമെന്നും പറഞ്ഞു.
യുദ്ധം മുറുകുകയും നബിയുടെ അരികില്‍ നിന്ന് അനുയായികള്‍ ഒഴിഞ്ഞുപോവുകയും ചെയ്ത ഘട്ടത്തില്‍ അംറ്ബിന്‍ അല്‍ജമൂഹ് ഒറ്റക്കാലില്‍ ചാടി യുദ്ധം ചെയ്തു. മകന്‍ ഖല്ലാദും തൊട്ടുപിന്നാലെയുണ്ട്. ശത്രുക്കളുടെ പ്രഹരശേഷിയില്‍ നബിക്കു ചുറ്റും മതിലായി നിന്ന ഇരുവരും രണാങ്കണത്തില്‍ രക്തസാക്ഷികളായി.
മദീനയിലെ ഖസ്റജ് ഗോത്രത്തിലെ ബനൂ സലമ ഉപഗോത്രക്കാരനാണ് അംറ് ബിന്‍ അല്‍ ജമൂഹ്. ജമൂഹ് ബ്‌നുസൈദിബ്‌നി ഹറാമാണ് പിതാവ്.